Wednesday, July 10, 2013

മുഖ്യമന്ത്രി രാഷ്ട്രീയ കവചം സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു

സോളാര്‍ വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹം രാഷ്ട്രീയ കവചം സൃഷ്ടിച്ച് സ്വയംരക്ഷപ്പെടാന്‍ നടത്തുന്ന കുടില തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 3ന് സരിത എസ് നായര്‍ അറസ്റ്റിലായതോടെയാണ് സോളാര്‍ വിവാദം ഉയര്‍ന്ന് വന്നത്. തുടര്‍ന്ന് സരിതയുടെ ഫോണ്‍ ലിസ്റ്റുകള്‍ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയ്ക്കുള്ള ബന്ധം കേരളമറിഞ്ഞത്. അല്ലാതെ ഇത് പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയല്ല.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരായുള്ള പൊലീസിന്റെ അന്വേഷണ രേഖ എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്ന് പറയേണ്ടത് ആഭ്യന്തര മന്ത്രിയാണ്. നിയമസഭയില്‍ പൊതുഭരണവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമ്പോഴാണ് ഈ വിഷയം പ്രതിക്ഷം ആദ്യമായി ഉന്നയിച്ചത്. പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച് ഇ പി ജയരാജനും പി ശ്രീരാമകൃഷ്ണനും വിഷയം ഉന്നയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന് സഭയില്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. തുടര്‍ന്ന് രാജു എബ്രഹാം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ചര്‍ച്ചയ്ക്കെടുത്തില്ല. തട്ടിപ്പില്‍ ടെന്നി ജോപ്പനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ജോപ്പനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

സോളാര്‍ തട്ടിപ്പില്‍ 10,000 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പറഞ്ഞത് ചീഫ് വിപ്പ് പി സി ജോര്‍ജാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ജോര്‍ജ് പറഞ്ഞു. ഇത് ചര്‍ച്ചചെയ്യണമെന്ന് അടുത്തദിവസം പ്രതിപക്ഷം സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദമുണ്ടായപ്പോള്‍ ജോപ്പനെയും ജിക്കുമോനെയും പുറത്താക്കുകയും സലിം രാജിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പിആര്‍ഡി ഡയറക്ടര്‍ ഫിറോസിന് ഒളിവില്‍ പോകാനുള്ള സൗകര്യം ചെയ്തുകൊടുത്തു. തട്ടിപ്പിനിരായായി പെരുമ്പാവൂരില്‍ നിന്ന് പരാതി നല്‍കിയ സജാദും തിരുവനന്തപുരത്ത് നിന്ന് പരാതി നല്‍കിയ സാദിഖ് അലിയും പ്രതിപക്ഷത്തിന്റെ ആളുകളല്ല. ശ്രീധരന്‍ നായര്‍ കറകളഞ്ഞ കോണ്‍ഗ്രസുകാരനുമാണ്.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശരിയല്ല. പത്ത് ദിവസവും മുഖ്യമന്ത്രി പത്ത് രീതിയിലാണ് സംസാരിച്ചത്. ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് സംസാരിച്ച കാര്യം പുറത്തുപറയില്ല എന്ന് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നുണ്ട്. ഇത് മാത്രമാണ് മുഖ്യമന്ത്രി മാറ്റിപ്പറയാതിരിക്കുന്നത്. പരാതിക്കാരായ കുരുവിളയും മാത്യുവും പറഞ്ഞ കാര്യങ്ങളും അതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി വെളിപ്പെടുത്തി. എന്നാല്‍ ബിജുവുമായി നടത്തിയ ചര്‍ച്ചമാത്രം രഹസ്യമാക്കി വെക്കുകയാണ്. താന്‍ ടീം സോളാറിന് കത്ത് നല്‍കിയിട്ടില്ലെന്നും പൊലീസ് ഒരു വ്യാജക്കത്ത് കണ്ടെടുത്തെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ശരിയല്ല. ഒരു അഭിഭാഷകന്‍ മുഖ്യമന്ത്രിയുടെ കത്തിനെക്കുറിച്ച് പരാമര്‍ശിച്ചു. പിറ്റേന്ന് അഭിഭാഷകനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. അതോടെ അയാള്‍ അഭിപ്രായം മാറ്റി. ഇങ്ങനെ മുഖ്യമന്ത്രിക്കെതിരെ തെളിവ് കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ ശ്രീധരന്‍ നായര്‍ പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്.

കെ എം മാണിയും മുഖ്യമന്ത്രിയും ശ്രീധരന്‍ നായരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 2012 ജൂലൈ 9ന് മുഖ്യമന്ത്രിയെ കാണുന്നതിന് മുന്‍പ് തന്നെ ടീം സോളാറുമായി കരാറുണ്ടാക്കിയിരുന്നെന്നും 25 ലക്ഷത്തിന്റെ ചെക്ക് മാറിയെന്നും ശ്രീധരന്‍ നായര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ടശേഷം ബാക്കി 15 ലക്ഷത്തിന്റെ ചെക്ക് കൈമാറാനും അനുവദിച്ചു. സരിതയെ സംരക്ഷിക്കാനുള്ള ന്യായമാണ് മുഖ്യമന്ത്രി നിരത്തുന്നത്. ശ്രീധരന്‍ നായര്‍ക്ക് മുഖ്യമന്ത്രിയെ കാണാനുള്ള കാര്യങ്ങള്‍ ശരിയാക്കിയത് സരിതയാണ്. ടീം സോളാറാണോ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ശരിയാക്കുന്നതെന്നും കോടിയേരി ചോദിച്ചു.

വിവാദമായ ദിവസങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗേറ്റ് മുതല്‍ ഓഫീസ് വരെ ആറ് സിസി ടിവി ക്യാമറകളാണുള്ളത്. അതിലെ ദൃശ്യങ്ങളില്‍ സരിതയും ശ്രീധരന്‍ നായരുമുണ്ടോ എന്ന് പരിശോധിക്കണം. സരിത വരുമ്പോള്‍ മാത്രം വര്‍ക്ക് ചെയ്യാത്ത ക്യാമറയാണോ സ്ഥാപിച്ചിരിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങിയ രണ്ട് പേരെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കാതായതാണോ. സിസി ടിവിയും വെബ് ക്യാമറയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്നതെല്ലാം കളവാണ്. മുഖ്യമന്ത്രിയെക്കണ്ടപ്പോള്‍ സരിത ടിം സോളാറിന്റെ 2 ലക്ഷം രൂപയടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരുന്നതായി ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2012 ജൂലൈ 10ന് ചെക്ക് സ്വീകരിച്ചതിന്റെ രേഖകളുമുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ ഈ ചെക്ക് വണ്ടിച്ചെക്കായിരുന്നെന്നും വ്യക്തമാക്കി. എന്നിട്ടും ഇവര്‍ക്കെതിരെ നടപടിയെടുത്തില്ല.

പ്രതിപക്ഷം നിയമസഭയില്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അനുവദിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. പ്രതിപക്ഷം അടുത്തകാലത്ത് നടത്തിയ സമരങ്ങള്‍ പരാജയമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദവും ശരിയല്ല. സോളാര്‍ അഴിമതിക്കെതിരായ സമരങ്ങളെ ഗുണ്ടകളെ ഇറക്കിയാണ് സര്‍ക്കാര്‍ നേരിടുന്നത്. പ്രതിപക്ഷ നേതാവിന് നേരെപ്പോലും ഗ്രനേഡ് പ്രയോഗിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നിരന്തരം തെളിവുകള്‍ പുറത്തുവരികയാണ്. മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാതെ ഇനി കേസന്വേഷണം മുന്നോട്ടുപോകില്ല. മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ല. അതിനാലാണ് പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത്.

ജുഡീഷ്യല്‍ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിച്ച് മുഖ്യമന്ത്രിയ്ക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. എന്നാല്‍ രാജിവെച്ചാല്‍ അതോടെ എല്ലാം കഴിഞ്ഞെന്ന വിശ്വാസം ഉമ്മന്‍ചാണ്ടിയ്ക്കുണ്ട്. രാഷ്ട്രീയ കാലാവസ്ഥ മോശമാണെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടിയ്ക്കുള്ളതുകൊണ്ടാണ് നിയമസഭയില്‍പ്പോലും പ്രഖ്യാപിക്കാത്ത ആനുകൂല്യങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചത്. ക്ഷേമപെന്‍ഷനുകള്‍ ഏര്‍പ്പെടുത്തിയ എല്‍ഡിഎഫ് ഗവണ്‍മെന്റിനെ ക്ഷേമ ഗവണ്‍മെന്റ് എന്ന് വിളിച്ച ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചത്. നാണംകെട്ട് അധികാരത്തില്‍ നിന്നും എടുത്തെറിയപ്പെടുന്നതിന് മുന്‍പ് എല്ലാം അവസാനിപ്പിക്കുന്നതാണ് ഉമ്മന്‍ചാണ്ടിയ്ക്ക് നല്ലതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

രാജിവയ്ക്കാത്തത് സത്യം മൂടിവയ്ക്കാന്‍: കോടിയേരി

തിരു: അധികാരത്തില്‍ കടിച്ചൂതൂങ്ങി രാഷ്ട്രീയകവചം സൃഷ്ടിച്ച് സോളാര്‍ തട്ടിപ്പ്കേസില്‍നിന്ന് രക്ഷപ്പെടാനുള്ള കുടിലതന്ത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പയറ്റുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസ് പ്രതിപക്ഷ ഗൂഢാലോചനയാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. അധികാരത്തില്‍ തുടര്‍ന്ന് സത്യം മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീധരന്‍നായര്‍ സരിതയ്ക്ക് അയച്ച വക്കീല്‍നോട്ടീസിന് മറുപടിയുമായി ഉമ്മന്‍ചാണ്ടിയും കെ എം മാണിയും രംഗത്തുവന്നത് തട്ടിപ്പുസംഘവുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു. വക്കീല്‍ നോട്ടീസില്‍ തന്റെ പേരില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം ബാലിശമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിനുള്ള ഇ-മെയില്‍ സന്ദേശം ശ്രീധരന്‍നായര്‍ക്ക് സരിത അയച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള അവരുടെ സ്വാധീനം വ്യക്തമാക്കുന്നു. വസ്തുതകള്‍ മറച്ചുവച്ച് ഉമ്മന്‍ചാണ്ടി ഒരോദിവസവും അഭിപ്രായങ്ങള്‍ മാറ്റുന്നു.

നിയമസഭയില്‍ പ്രതിപക്ഷം ആദ്യം വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ജോപ്പനെ ഒഴിവാക്കി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാണോയെന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍ തട്ടിപ്പുമായി തന്റെ ഓഫീസിന് ബന്ധമുണ്ടെങ്കില്‍ താനായിരിക്കും ഉത്തരവാദിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയില്‍ സരിതയെ കണ്ടില്ലെന്ന വാദം പൊളിഞ്ഞു. ബിജു രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെപ്പറ്റി ഓര്‍ക്കുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് സംസാരിച്ച കാര്യം പുറത്തുപറയില്ലെന്നായി. സോളാര്‍ ഇടപാടില്‍ താന്‍ കത്തു നല്‍കിയില്ലെന്നും കത്ത് പൊലീസ് കണ്ടെത്തിയപ്പോള്‍ അത് വ്യാജമാണെന്നും മുഖ്യമന്ത്രി വാദിച്ചു. അങ്ങനെയെങ്കില്‍ ലെറ്റര്‍ പാഡും കത്തിലെ ഒപ്പും എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം.

തട്ടിപ്പിനെ പറ്റി മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പതിനായിരം കോടിയുടെ തട്ടിപ്പാണിതെന്നുമുള്ള ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ എങ്ങനെ പ്രതിപക്ഷ ഗൂഢാലോചനയാകും? പരാതിക്കാരായ പെരുമ്പാവൂര്‍ സ്വദേശി സജാദ്, തിരുവനന്തപുരം സ്വദേശി റാസിക്ക് അലി, കോണ്‍ഗ്രസുകാരനായ കോന്നി സ്വദേശി ശ്രീധരന്‍നായര്‍ തുടങ്ങിയവര്‍ എങ്ങനെയാണ് പ്രതിപക്ഷ ഗൂഢാലോചനക്കാരാകുന്നത്? ആഭ്യന്തരവകുപ്പിന്റെ കൈയിലുള്ള ഫോണ്‍കോള്‍ ലിസ്റ്റ് എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു? ഇതിന്റെ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിനാണ്. ഇനിയും നാണംകെടാതെ സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. മുഖ്യമന്ത്രിയാകാന്‍ കെ എം മാണിയും വയലാര്‍ രവിയും ചെന്നിത്തലയും കാര്‍ത്തികേയനുമെല്ലാം യോഗ്യന്മാരായി രംഗത്തുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടി വിഷമിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment