Monday, July 1, 2013

പുകമറതീര്‍ക്കുന്ന മാധ്യമസംസ്കാരം

കേരളത്തെ ഞെട്ടിച്ച, ലോകത്തിനുമുന്നില്‍ കേരളീയന്റെ മാനം വലിച്ചുകീറിയ സോളാര്‍ തട്ടിപ്പുകേസില്‍നിന്ന് ജനശ്രദ്ധ അകറ്റാന്‍ ഏതാനും മാധ്യമങ്ങള്‍ അവലംബിക്കുന്ന മാര്‍ഗങ്ങള്‍ സാംസ്കാരിക അധഃപതനത്തിന്റെയും സത്യസന്ധതയില്ലായ്മയുടെയും പരിധികടന്ന് തികഞ്ഞ ആഭാസമായി മാറുകയാണ്. ബൂര്‍ഷ്വാമാധ്യമങ്ങള്‍ സ്വന്തം ഇടപെടലുകളില്‍ കാണിക്കുന്ന ഇരട്ടനീതിക്കുപുറമേ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഇരട്ടനീതിയെ സാധൂകരിക്കാനും സംരക്ഷിക്കാനും അവര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷത്തിന്; വിശേഷിച്ച് സിപിഐ എമ്മിനെതിരെങ്കില്‍ ഏതു കാടത്തത്തെയും മഹത്വപ്പെടുത്താന്‍ മത്സരം നടക്കുന്നു. യുഡിഎഫിനോ വലതുപക്ഷ രാഷ്ട്രീയത്തിനോ പോറലേല്‍ക്കാതിരിക്കാന്‍ ഏത് സംസ്കാരശൂന്യതയെയും ന്യായീകരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യുന്നു. ഈ സമീപനം പ്രദാനംചെയ്യുന്ന തണലും കുളിരുമാണ് കണ്ണില്‍ ചോരയില്ലാത്ത മര്‍ദനമുറകള്‍ പ്രതിഷേധസമരങ്ങള്‍ക്കുനേരെ പ്രയോഗിക്കാന്‍ സര്‍ക്കാരിന് ഊര്‍ജം നല്‍കുന്നത്. ഏത് കേസും സ്വന്തം വഴിക്ക് തിരിച്ചുവിടാന്‍ പൊലീസിന് ബലം നല്‍കുന്നതിന്റെ പൊരുളും മറ്റൊന്നല്ല.

കോഴിക്കോട് ജില്ലയില്‍ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ സിപിഐ എമ്മിനെ തച്ചുതകര്‍ക്കാനുള്ള കേസാക്കി അതിനെ മാറ്റാനുള്ള രാഷ്ട്രീയതീരുമാനമാണ് യുഡിഎഫ് സര്‍ക്കാര്‍ എടുത്തത്. സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ കേസില്‍പ്പെടുത്തി തുറുങ്കിലടയ്ക്കാനും പാര്‍ടിയെ ഒന്നാകെ വലിച്ചിഴയ്ക്കാനും തരംതാണതും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പൊലീസ് സഞ്ചരിച്ചു. അതേസമയം, മലപ്പുറം ജില്ലയിലെ കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മുസ്ലിംലീഗിന്റെ ഒരു എംഎല്‍എ നേരിട്ട് പങ്കാളിയായിട്ടും ആ പേര് പൊലീസ് ഒഴിവാക്കി. സിപിഐ എം നേതാവ് എം എം മണിയെ ഒരു പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത് തുറുങ്കിലടച്ചവര്‍, കെ സുധാകരന്‍ എംപിക്കെതിരെ വന്ന വെളിപ്പെടുത്തലുകളും അദ്ദേഹത്തിന്റെ പ്രകോപനപ്രസംഗങ്ങളും കേസില്ലാതെ ഒതുക്കി. തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ, "പാര്‍ടിക്കോടതി" എന്ന കള്ളക്കഥയുണ്ടാക്കി പ്രചരിപ്പിക്കുകയും ആ കേസില്‍ സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ പരിഹാസ്യമായ കുറ്റംചുമത്തി അറസ്റ്റുചെയ്യുകയും ചെയ്ത പൊലീസ്തന്നെ, ഇടുക്കിയിലെ അനീഷ് രാജന്‍ വധക്കേസില്‍ പൊട്ടന്‍കളിച്ചു.

പ്രകടമായ ഈ നിയമലംഘനങ്ങള്‍ക്കും മര്യാദരാഹിത്യത്തിനും ജനാധിപത്യധ്വംസനത്തിനും സംരക്ഷണം നല്‍കുന്ന കൂലിത്തല്ലുകാരാണ് ഏതാനും മാധ്യമങ്ങള്‍ എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്, രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാപവാദ കേസുകളുടെ താരതമ്യം. ജനതാദള്‍ എസ് അംഗം ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന വിവാദം സോളാര്‍ തട്ടിപ്പുകേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ വലിച്ചുകയറ്റാനുള്ള കച്ചിത്തുരുമ്പാക്കി ഉപയോഗപ്പെടുത്താന്‍ ഒരു വൈക്ലബ്യവും ഈ മാധ്യമങ്ങള്‍ക്കുണ്ടായില്ല. സദാചാരത്തിന്റെയും മര്യാദയുടെയും എല്ലാ സീമകളും മറികടന്നാണ്, ഒരു വാര്‍ത്താചാനല്‍ അശ്ലീലരംഗങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തത്. ഉടനെ പൊലീസ് രംഗത്തെത്തുന്നു; തെറ്റയിലിനെതിരെ ജാമ്യമില്ലാ വാറന്റ് വരുന്നു; പൊലീസിന്റെ ഓരോ നീക്കവും വാര്‍ത്തയാകുന്നു; കഥകള്‍ പ്രളയംപോലെ മാധ്യമങ്ങളില്‍ നിറയുന്നു.

തെറ്റയില്‍വിഷയം ഉയര്‍ന്നുവരുന്നതിന് മുമ്പുതന്നെ യുഡിഎഫിലെ പാറശാല എംഎല്‍എ എ ടി ജോര്‍ജിനെതിരെ ലൈംഗികപീഡനം സംബന്ധിച്ച പരാതി പൊലീസിന്റെ കൈയിലുണ്ട്. ഒരു സര്‍ക്കാര്‍ജീവനക്കാരിയാണ് അത് നല്‍കിയത്. എ ടി ജോര്‍ജ്, തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇത് എതിര്‍ത്തതിന്റെ പേരില്‍ മകള്‍ക്കെതിരെ കേസെടുത്തെന്നുമാണ് പാറശാല സ്വദേശിനിയുടെ പരാതി. തന്നെ എംഎല്‍എ മര്‍ദിച്ചതായും അവര്‍ പറയുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതേപരാതി ലഭിച്ചിട്ടുണ്ട്. അതിന്മേല്‍ കേസെടുക്കാനല്ല; മറിച്ച് അന്വേഷണപ്രഹസനം നടത്തി എ ടി ജോര്‍ജിനെ കുറ്റമുക്തനാക്കാനാണ് പൊലീസ് നിയോഗിക്കപ്പെട്ടത്.

തെറ്റയില്‍വിഷയവും ഇതും കൈകാര്യംചെയ്ത രീതിയില്‍ കാണുന്ന അമ്പരപ്പിക്കുന്ന പൊരുത്തക്കേട് വലതുപക്ഷമാധ്യമങ്ങളുടെ കണ്ണില്‍പ്പെടുന്നില്ല. എ ടി ജോര്‍ജിനെ വിശുദ്ധവല്‍ക്കരിക്കാനും തെറ്റയിലിനെ കുരിശില്‍ തറയ്ക്കാനും അറപ്പിക്കുന്ന ആര്‍ത്തിയാണ് അവരില്‍ പ്രകടമാകുന്നത്.

ഏറ്റവുമൊടുവില്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കി സോളാര്‍ തട്ടിപ്പിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള പൊലീസ് നീക്കത്തിന് ഓശാന പാടാനും ഇതേമാധ്യമങ്ങള്‍ രംഗത്തിറങ്ങുകയാണ്. യുവാക്കളും മഹിളകളും വിദ്യാര്‍ഥികളുമെല്ലാം നടത്തുന്ന സമരത്തെ പരിഹാസദൃഷ്ടിയിലാണവര്‍ കാണുന്നത്. സമരക്കാര്‍ പൊലീസില്‍നിന്ന് അടിയും ഇടിയും കണ്ണീര്‍വാതകവും ഇരന്നുവാങ്ങി എന്നമട്ടിലുള്ള വാര്‍ത്തകള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇടതുപക്ഷ യുവജനസംഘടനകളിലെ പ്രവര്‍ത്തകര്‍ തല്ലുകൊള്ളേണ്ടവരും തലപൊളിയേണ്ടവരുമാണെന്ന് ഏറെക്കുറെ തെളിച്ചുതന്നെ പറയാന്‍ ഇവര്‍ മടികാട്ടാതിരിക്കുന്നത്, മാധ്യമക്കുപ്പായത്തില്‍ മറഞ്ഞിരിക്കുന്ന വലതുപക്ഷരാഷ്ട്രീയത്തിന്റെയും കാപട്യത്തിന്റെയും ബലത്തിലാണ്. തട്ടിപ്പിലൂടെ പണം കിട്ടിയതിന്റെ ആഹ്ലാദത്തിമിര്‍പ്പില്‍ സരിത നായര്‍, തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു എന്നാണ് ജയിലില്‍ കഴിയുന്ന ടെന്നി ജോപ്പന്‍ പൊലീസിന് നല്‍കിയ മൊഴി. അതിനര്‍ഥം, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെമാത്രമല്ല അനാശാസ്യത്തിന്റെയും കേന്ദ്രമായി എന്നാണ്. എന്നിട്ടും അങ്ങോട്ട് അന്വേഷണമില്ലെന്ന് പൊലീസും അതില്‍ അസ്വാഭാവികത കാണാതെ മാധ്യമങ്ങളും. യുഡിഎഫിന്റെ അരാജകഭരണത്തിന് വളവും വെള്ളവും നല്‍കുന്നത് ഇത്തരം മാധ്യമങ്ങളാണ്; അവയുടെ ആശാസ്യമല്ലാത്ത സംസ്കാരമാണ്. ഒളിയും മറയുമില്ലാതെ കാട്ടുന്ന ഈ പക്ഷപാതവും അന്തസ്സില്ലായ്മയും ദയാരഹിതമായി തുറന്നുകാട്ടുന്നതുകൂടി, അഴിമതിവിരുദ്ധ സമരത്തിന്റെ ഭാഗമാണ്.

deshabhimani editorial 020713

No comments:

Post a Comment