Monday, July 1, 2013

ബദല്‍നയ വേദിയൊരുക്കി ഇടതുപക്ഷം

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മതനിരപേക്ഷ ജനാധിപത്യകക്ഷികള്‍ ബദല്‍നയത്തിന്റെ അടിസ്ഥാനത്തില്‍ അണിചേരണമെന്ന് നാല് ഇടതുപക്ഷ പാര്‍ടികളുടെ ദേശീയ കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. ഭൂപരിഷ്കരണം, ഭക്ഷ്യസുരക്ഷ, ലോക്പാല്‍ ബില്‍, സ്വതന്ത്രവിദേശനയം തുടങ്ങി പത്തു വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ- സാമ്പത്തിക- സാമൂഹ്യ ബദലാണ് ഇടതുപക്ഷം അവതരിപ്പിക്കുന്നത്. ബദല്‍നയം പ്രചരിപ്പിക്കാന്‍ വരുംമാസങ്ങളില്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ കണ്‍വന്‍ഷന്‍ ചേരും. പ്രധാന കേന്ദ്രങ്ങളില്‍ റാലിയും പ്രചാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

തെരഞ്ഞെടുപ്പിനുമുമ്പുള്ള സഖ്യം പ്രായോഗികമല്ലെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി. തെരഞ്ഞെടുപ്പിനുശേഷം ബദല്‍നയത്തിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കില്‍ അതിനൊപ്പം നില്‍ക്കും. കേവലമായ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല, ബദല്‍നയം അടിസ്ഥാനമായുള്ള കൂട്ടുകെട്ടാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപനം അവതരിപ്പിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പത്തു വിഷയങ്ങളില്‍ യോജിക്കാവുന്ന എല്ലാവര്‍ക്കും കൂടെ ചേരാമെന്നുംകാരാട്ട് അറിയിച്ചു.

വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായ നാലുവര്‍ഷമാണ് പിന്നിട്ടത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കുംവേണ്ടിയുള്ള ഭരണമാണിത്. ഈ നയം തുടരാതിരിക്കാന്‍ യുപിഎയെ അധികാരത്തില്‍നിന്ന് പുറത്താക്കണം. കോണ്‍ഗ്രസിന് ബദലാകാന്‍ ബിജെപിക്ക് കഴിയില്ല. കോണ്‍ഗ്രസിന്റെ അതേ സാമ്പത്തികനയമാണ് ബിജെപിയുടേത്. പ്രകൃതിവാതക വിലവര്‍ധന എതിര്‍ക്കാന്‍ ബിജെപി തയ്യാറായില്ല. കോണ്‍ഗ്രസിനെപ്പോലെ മോഡിക്കും റിലയന്‍സുമായി അടുത്ത ബന്ധമാണ്. ഇതേ റിലയന്‍സും ടാറ്റയും മറ്റുമാണ് മോഡിയെ പുകഴ്ത്തുന്നത്. കൊള്ളലാഭം ഉണ്ടാക്കാന്‍ അവരെ സഹായിക്കുന്നത് മോഡിയാണെന്നും കാരാട്ട് പറഞ്ഞു. പുതിയ നേതാവിനെയല്ല മറിച്ച് പുതിയ നയമാണ് വേണ്ടതെന്ന് പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പു പരിഷ്കരണം വേണം. കോര്‍പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തണം- യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷമില്ലാതെ ബദല്‍ സാധ്യമല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. മുതിര്‍ന്ന സിപിഐനേതാവ് എ ബി ബര്‍ദന്‍, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി അബനിറോയി എന്നിവരും സംസാരിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കായി ഫെഡറല്‍ മുന്നണി എന്ന ആശയം പ്രായോഗികമല്ലെന്ന് നേതാക്കള്‍ പറഞ്ഞു. വൃന്ദ കാരാട്ട് (സിപിഐ എം), അമര്‍ജിത് കൗര്‍ (സിപിഐ), ബരുണ്‍മുഖര്‍ജി (ഫോര്‍വേഡ് ബ്ലോക്ക്), അബനിറോയ് (ആര്‍എസ്പി) എന്നിവര്‍ കണ്‍വന്‍ഷനില്‍ അധ്യക്ഷരായി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എ കെ പത്മനാഭന്‍, എം എ ബേബി, സിപിഐ നേതാക്കളായ ഡി രാജ, അതുല്‍കുമാര്‍ അജ്ഞന്‍, ഫോര്‍വേഡ് ബ്ലോക്കിലെ ജി ദേവരാജന്‍ എന്നിവരും പങ്കെടുത്തു.
(വി ബി പരമേശ്വരന്‍ )

deshabhimani

No comments:

Post a Comment