Tuesday, July 9, 2013

സിബിഐ വീണ്ടും സര്‍ക്കാര്‍ വഴിയില്‍

കല്‍ക്കരി കുംഭകോണ കേസന്വേഷണത്തില്‍ സിബിഐ വീണ്ടും സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനൊരുങ്ങുന്നു. സര്‍ക്കാരുമായി അന്വേഷണവിവരമൊന്നും പങ്കുവയ്ക്കരുതെന്ന കോടതി നിര്‍ദേശം പാലിക്കുന്നത് ബുദ്ധിമുട്ടാണെന്നു കാണിച്ച് സിബിഐ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു കാരണവശാലും വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന കോടതി നിര്‍ദേശം തിരുത്തണമെന്നാണ് അഭ്യര്‍ഥന. കോടതി നിര്‍ദേശം പാലിക്കാന്‍ സിബിഐ ബാധ്യസ്ഥമാണെന്ന് തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണവിവരം പങ്കുവയ്ക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യത്തില്‍ ഇത് പാലിക്കാനാകില്ല. പ്രോസിക്യൂഷനും മറ്റും സര്‍ക്കാരിന്റെ അനുമതി തേടേണ്ടിവരുമ്പോള്‍ സര്‍ക്കാരിന്വിവരം കൈമാറേണ്ടിവരും. പ്രോസിക്യൂഷന്‍ അനുമതി തേടുമ്പോള്‍ അതിന് ആധാരമായ കാര്യം സര്‍ക്കാരിനെ ബോധിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അനുമതി ലഭിക്കൂ. അഭിഭാഷകരുമായും വിവരം പങ്കുവയ്ക്കേണ്ടിവരും- റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കല്‍ക്കരി കേസിന്റെ വിശദാംശം അന്വേഷണ ഉദ്യോഗസ്ഥരും സിബിഐ ഡയറക്ടറും മാത്രമേ അറിയാന്‍ പാടുള്ളൂവെന്നായിരുന്നു മെയ് എട്ടിന് സുപ്രീംകോടതി പറഞ്ഞത്. സര്‍ക്കാരിലെ ഉന്നതരുമായി ഒരു കാരണവശാലും വിവരം പങ്കുവയ്ക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു.എന്നാല്‍, ഈ നിര്‍ദേശം പ്രായോഗികമായ പല ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുവെന്ന നിലപാടിലാണ് സിബിഐ. കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തയെ ചോദ്യംചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഗുപ്തയ്ക്കെതിരായ തെളിവിന്റെ വിശദാംശം ലഭിച്ചശേഷമേ കോര്‍പറേറ്റ്കാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി ലഭിച്ചുള്ളൂ. കേസില്‍ ഇനിയും പല ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടി വരുമെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. അപ്പോഴൊക്കെ ഇവര്‍ക്കെതിരായ തെളിവ് ബന്ധപ്പെട്ട വകുപ്പുമായി പങ്കുവയ്ക്കേണ്ടി വരും. ഇത് കണക്കിലെടുത്താണ് മുന്‍ ഉത്തരവ് തിരുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. കല്‍ക്കരി കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും സിബിഐ തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാലിനെതിരെ കേസെടുത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുന്‍മന്ത്രിയും ആന്ധ്രപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദസരി നാരായണറാവുവിനെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.

deshabhimani

No comments:

Post a Comment