സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴി പുറത്തുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദമേറി. ചൊവ്വാഴ്ച രാവിലെ 8.30ന് നിയമസഭാസമ്മേളനത്തിനു മുമ്പേ അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. പ്രതിസന്ധി ഗുരുതരമാണെന്ന് നിയമമന്ത്രി കെ എം മാണി തന്നെ അറിയിച്ചിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
|
രാത്രി സമരത്തില്‍ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ |
സരിതാനായരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പിലാണ് താന്‍ പണം നല്‍കിയതെന്ന ശ്രീധരന്‍നായരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സംഭ്രാന്തിയിലായ ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച രാത്രിതന്നെ മന്ത്രിമാരെയും മറ്റുനേതാക്കളെയും ഔദ്യോഗികവസതിയിലേക്ക് വിളിച്ചുവരുത്തി. ആദ്യം ആഭ്യന്തരമന്ത്രിയെത്തി. മറ്റു മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ സി ജോസഫ്, കെ ബാബു, എ പി അനില്‍കുമാര്‍, ഷിബു ബേബിജോണ്‍, എം കെ മുനീര്‍ എന്നിവരും എത്തി. രാത്രി 11.30 ഓടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വന്നു. ചീഫ് വിപ്പ് പി സി ജോര്‍ജ്, മന്ത്രിമാരായ പി ജെ ജോസഫ്, ജയലക്ഷ്മി എന്നിവരൊഴികെയുള്ള മിക്ക നേതാക്കളും കൂടിയാലോചനകള്‍ക്കായി എത്തിച്ചേര്‍ന്നു. സിഎംപി നേതാവ് സി പി ജോണും വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയ എംഎല്‍എമാരും പിന്നാലെയെത്തി. തിരക്കിട്ട കൂടിയാലോചനകളില്‍ ചിലര്‍ രാജി ഒഴിവാക്കണമെന്നും കുരുക്കില്‍നിന്നും അറസ്റ്റില്‍നിന്നും രക്ഷനേടാനുള്ള വഴികള്‍ തേടണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, 164-ാം വകുപ്പ് പ്രകാരമുള്ള ശ്രീധരന്‍നായരുടെ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പരാതികളുള്ളതിനാല്‍ അധികാരത്തില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ഉമ്മന്‍ചാണ്ടിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. രാത്രി തലസ്ഥാനത്ത് എ ഗ്രൂപ്പിന്റെ പ്രത്യേക യോഗവും ചേര്‍ന്നു.
|
രാത്രി സമരം: രാജേഷ് സംസാരിക്കുന്നു |
അന്വേഷണ സംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്‍ രാത്രി ഡിജിപി ബാലസുബ്രഹ്മണ്യത്തെയും സന്ദര്‍ശിച്ചു. സര്‍ക്കാരിനൊപ്പം പാര്‍ടിയും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗശേഷം പ്രതികരിച്ചു. നിയമസഭയില്‍ പ്രശ്നം നേരിടുമെന്ന് ഒപ്പമുണ്ടായിരുന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല. യുഡിഎഫുകാര്‍ മുഴുവന്‍ വന്ന് കഴുകിയാലും ഉമ്മന്‍ചാണ്ടിയുടെ ദേഹത്തെ ചെളി പോവില്ലെന്നും കൂടിയാലോചനകള്‍ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും ചീഫ്വിപ്പ് പി സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
deshabhimani
No comments:
Post a Comment