Monday, July 1, 2013

പരാതി തിരുത്തിയെന്ന വാദം പൊളിയുന്നു

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി എ ജോപ്പനെതിരെ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതി തിരുത്തിയെന്ന വാദം പൊളിയുന്നു. ശ്രീധരന്‍ നായരുടെ പരാതി നേരിട്ട് കോടതിയില്‍ നല്‍കിയതാണ്. കോടതിയാണ് ഈ പരാതി കോന്നി പൊലീസിന് കൈമാറിയത്. കോടതിയിലെത്തുമ്പോള്‍ ഉണ്ടായിരുന്ന അതേ വാക്കുകളാണ് ഇപ്പോഴുമുള്ളതെന്നും ഒരു തിരുത്തലും ഉണ്ടായിട്ടില്ലെന്ന് കേസിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യുട്ടര്‍ ആര്‍ പ്രദീപ് കുമാര്‍  കോടതിയിൽ വിശദീകരിച്ചു.. എന്നാൽ പാരതിയിൽ മാറ്റം വരുത്തിയെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. പരാതി തിരുത്തിയിട്ടില്ലെന്നതാണു ശരിയെങ്കിൽ  മുഖ്യമന്ത്രിയെയും കേസിൽ പ്രതിയാക്കേണ്ടതല്ലെ എന്നു പ്രതിഭാഗം അഭിഭാഷകൻ ഈ ഘട്ടത്തിൽ ചോദിച്ചു.

പാലക്കാട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാമെന്നുപറഞ്ഞ് പ്രതികള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയെന്നും മുഖ്യമന്ത്രിയോടും ഉദ്യോഗസ്ഥരോടും സംസാരിച്ചെന്നും അന്യായത്തില്‍ പറയുന്നുണ്ട്. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാന്റ് തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തുതരാമെന്ന് പ്രതികള്‍ വാഗ്ദാനം ചെയ്തെന്നും ഇത് വിശ്വസിച്ചാണ് പ്ലാന്റ് തുടങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതുപ്രകാരം കേസില്‍ മൂന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്ന വാദം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീധരന്‍ നായര്‍ താന്‍ അങ്ങനെ പരാതിയില്‍ പറഞ്ഞിട്ടില്ലെന്നവാദവുമായി രംഗത്തെത്തി. ആ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.

ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയില്‍ വിഷയം വന്നത്. ജാമ്യാപേക്ഷ വിധിപറയാന്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. കേസ് പരിഗണിച്ച പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയാണ് വിധി പറയല്‍ മാറ്റിയത്. കേസ് ഡയറിയെ കുറിച്ച് പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുന്നതിനാണിത്. ഇതിനിടെ ജോപ്പനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കുകയില്ലെന്ന് വ്യക്തമായി. ഇത് ജോപ്പന് ജാമ്യം ഉറപ്പാക്കാന്‍ വേണ്ടിയാണ്.

കേസില്‍ മുഖ്യ പ്രതികളായ സരിത എസ് നായരേയും ബിജു രാധാകൃഷ്ണനേയും വീണ്ടും കോടതി റിമാന്‍ഡ് ചെയ്തു. സതിതയെ 15 രേയും ബിജുവിനെ 11 വരേയുമാണ് റിമാര്‍ഡ് ചെയ്തത്. ഇരുവരേയും പത്തനംതിട്ട സബ് ജയിലിലേക്കയച്ചു. അതേസമയം തിരുവല്ലയില്‍ ഒരു ആശുപത്രിക്ക് വേണ്ടി സോളാര്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ കേസില്‍ ഇരുവരേയും ചൊവ്വാഴ്ച തിരുവല്ല കോടതിയില്‍ ഹാജരാക്കും.
(എബ്രഹാം തടിയൂര്‍)

deshabhimani

No comments:

Post a Comment