Saturday, May 10, 2014

24 ദേശങ്ങളുടെ പര്‍ഗാനാസ് തിരിച്ചുപിടിക്കാന്‍ സിപിഐ എം

കൊല്‍ക്കത്ത: ഇരുപത്തിനാല് ദേശങ്ങളുടെ നാടാണ് 24 പര്‍ഗാനാസ് ജില്ലകള്‍. ബംഗാളിലെ ഏറ്റവുംവലിയ ജില്ലയായിരുന്ന 24 പര്‍ഗാനാസിനെ ഉത്തര-ദക്ഷിണ ജില്ലകളായി വിഭജിക്കുംമുമ്പ് ഇതിന് ഏകദേശം കേരളത്തിന്റെ വിസ്തീര്‍ണമുണ്ടായിരുന്നു. കൊല്‍ക്കത്ത മഹാനഗരത്തിന്റെ മൂന്നുചുറ്റും വ്യാപിച്ച വിശാലമായ ഈ പ്രദേശം വടക്ക് ബംഗ്ലാദേശ് അതിര്‍ത്തിയായ ബാഗ്ദാഹമുതല്‍ തെക്ക് ഇന്ത്യന്‍ മഹാസമുദ്രംവരെ നീണ്ടുകിടക്കുന്നു.

 പടിഞ്ഞാറ് ഹൂഗ്ലി നദിക്കും കിഴക്ക് ഇച്ചാമതി നദിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലകള്‍ ബംഗ്ലാദേശുമായി 330 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവയ്ക്കുന്നു. ചെറുതും വലുതുമായ അനേകം നദികളാല്‍ വിഭജിക്കപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റാ കണ്ടല്‍ക്കാടുകളുടെ നാടായ പ്രശസ്തമായ സുന്ദര്‍ബന്‍ ഈ ജില്ലകളില്‍. ബംഗാള്‍ കടവുകളുടെ വിഹാരകേന്ദ്രംകൂടിയാണിത്. ബംഗാള്‍ ഭരിച്ച ചക്രവര്‍ത്തിമാരും നവാബുമാരും കാര്‍ഷികമേഖലയായിരുന്ന ഈ പ്രദേശത്തെ 24 ദേശങ്ങളായി വിഭജിച്ച് ഭരണം നടത്തുന്നതിനും കരം പിരിക്കുന്നതിനുംവേണ്ടി ജമീന്ദാര്‍മാര്‍ക്കും ദിവാന്മാര്‍ക്കുമായി കൈമാറി. രാജപദവിക്കുതുല്യമായ സ്ഥാനങ്ങളാണ് അവര്‍ വഹിച്ചത്. ബ്രിട്ടീഷുകാര്‍ അധികാരം പിടിച്ചെടുത്തിട്ടും വളരെക്കാലം ആ നില തുടര്‍ന്നു. ജമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താണ് 24 പര്‍ഗാനാസ് ജില്ല രൂപീകരിച്ചത്. പിന്നീടത് രണ്ടാക്കി. വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പെരുമയാര്‍ജിച്ചു ഈ ജില്ലകള്‍. ഉത്തര-ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകളില്‍ ആകെ ഒമ്പത് ലോക്്സഭാമണ്ഡലങ്ങള്‍. ബംഗാളില്‍ ഏറ്റവും കൂടുതല്‍ സീറ്റുള്ള ജില്ലകളും ഇവ.

ഉത്തര 24 പര്‍ഗാനാസ്

കൊല്‍ക്കത്തയുടെ ഉത്തര പൂര്‍വ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഉത്തര 24 പര്‍ഗാനാസില് ഡംഡം, ബാരക്പുര്‍, ബാരാസാത്ത്, ബസിര്‍ഘട്ട്, ബണ്‍ഗായ്ഗാവ് എന്നീ അഞ്ച് മണ്ഡലങ്ങള്‍. ഡംഡം, ബാരക്പുര്‍ മേഖലയില്‍ ബഹുഭൂരിപക്ഷവും തൊഴിലാളികള്‍. കൊല്‍ക്കത്തയുടെ ഉപനഗരികളും വിവരസാങ്കേതികവിദ്യാകേന്ദ്രങ്ങളുമായ സാള്‍ട്ട് ലെയ്ക്ക്, രാജര്‍ഹട്ട് എന്നിവ ബാരാസാത്ത് മണ്ഡലത്തില്‍&ലവേ; ഉള്‍പ്പെടും. എല്ലായിടത്തും ശക്തമായ പോരാട്ടമാണ് ഇടതുമുന്നണി കഴ്ചവയ്ക്കുന്നത്. അഞ്ചില്‍ സിപിഐ എം മൂന്നിടത്തും ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നിവര്‍ ഒരോയിടത്തുമായാണ്് ഇടതുമുന്നണി മത്സരിക്കുന്നത്. ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ് ബാരക്പുരും ഡംഡമും. ബാരക്പുരില്‍&ലവേ; സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ എംപിയുമായ സുഭാഷിണി അലിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. പ്രമുഖ ട്രേഡ്യൂണിയന്‍ നേതാവു കൂടിയായ സുഭാഷണിക്ക് വന്‍ വരവേല്‍പ്പാണ് എല്ലായിടത്തും. തൃണമൂലിന്റെ മുന്‍ കേന്ദ്രമന്ത്രിദിനേശ് ത്രിവേദിയാണ് സുഭാഷിണിയുടെ മുഖ്യ എതിരാളി.

മമത മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് ലഭിച്ച ത്രിവേദിക്ക് മമതയുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിച്ചു. മമതയോട് മാപ്പിരന്നാണ് വീണ്ടും സീറ്റ് നേടിയത്. മുന്‍ ഐപിഎസ് ഓഫീസര്‍ആര്‍ കെ ഹന്റ ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സാമ്രാട്ട് തപ്തറിനെ രംഗത്തിറക്കിയിട്ടുണ്ട്. ഡംഡമിലും ശ്രദ്ധേയമായ പോരാട്ടം. ബസിര്‍ഘട്ടില്‍ തിരിച്ചുവരവിനുള്ള ശക്തമായ പോരാട്ടത്തിലാണ് ഇടതുമുന്നണി. സിപിഐയുടെ നൂറുല്‍ ഹുഡയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. കഴിഞ്ഞതവണ ജയിച്ച തൃണമൂല്‍ സ്ഥാനാര്‍ഥി ഷേക്ക് നൂറുല്‍ ഇസ്ലാമിനെ മമത ജാംഗിപുരിലേക്ക് നാടുകടത്തി. പകരമിറക്കിയത് നിരവധി ക്രിമിനല്‍&ലവേ; കേസുകളില്‍പ്രതിയായ ഇദ്രിസ് അലിയെ. ബാരാസാത്തിലും ബണ്‍ഗായ്ഗാവിലും ഇടതുമുന്നണിക്ക് മികച്ച മുന്നേറ്റമാണ്. ബാരസാത്തില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ ഡോ. മുര്‍താസ ഹുസൈനും ബണ്‍ഗായ്ഗാവില്‍ സിപിഐ എമ്മിന്റെ ഡോ. ദേബേഷ് ദാസുമാണ് സ്ഥാനാര്‍ഥികള്‍. ദേബേഷ്ദാസ് ഇടതു മുന്നണി സര്‍ക്കാരില്‍ ഐടി മന്ത്രിയായിരുന്നു.

ദക്ഷിണ 24 പര്‍ഗാനാസ്

ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ നാല് സീറ്റിലും കടുത്ത പോരാട്ടമാണ്. ജാദവപുര്‍, ഡയമണ്ട് ഹാര്‍ബര്‍, ജയ്നഗര്‍, മഥുരാപുര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. 1967മുതല്‍ 2004വരെ സിപിഐ എം മാത്രമേ ഡയമണ്ട് ഹാര്‍ബറില്‍ ജയിച്ചിട്ടുള്ളൂ. ഡോ. അബ്ദുള്‍ ഹസനത്ത് ആണ് ഇത്തവണ സിപിഐ എം സ്ഥാനാര്‍ഥി. മമത സ്വന്തം മരുമകന്‍ അഭിഷേക് ബാനര്‍ജിയെയാണ് രംഗത്തിറക്കിയത്. കഴിഞ്ഞതവണ ജയിച്ച സൊമന്‍ മിത്ര മമതയുമായി പിണങ്ങി കോണ്‍ഗ്രസിലേക്ക് മടങ്ങി. മമതയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതിയാരോപണങ്ങളുടെ വിരല്‍ ചൂണ്ടുന്നത്് അധികവും അഭിഷേകിന്റെ കുടുംബത്തിനുനേരെയാണ്്.

ജാദവപുരാണ് ശ്രദ്ധേയമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. കൊല്‍ക്കത്ത നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഇവിടം എപ്പോഴും മാറിയുംമറിഞ്ഞുമാണ് വിധി നിശ്ചയിക്കുക. തുടര്‍ച്ചയായി മൂന്നുതവണ തൃണമൂലിന്റെ കൈവശമായിരുന്ന മണ്ഡലം 2004ല്‍ സിപിഐ എം തിരിച്ചുപിടിച്ചു. 2009ല്‍ വീണ്ടും തൃണമൂലിന്റെ കൈയിലായി. ഇത്തവണ മുന്‍ എംപി കൃഷണ ബസുവിന്റെ മകന്‍ സുഗത ബസുവാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. 2004ല്‍ മണ്ഡലം പിടിച്ച ഡോ. സുജന്‍ ചക്രവര്‍ത്തിതന്നെയാണ് ഇക്കുറിയും സിപിഐ എം സ്ഥാനാര്‍ഥി. മറ്റു മണ്ഡലങ്ങളായ ജയ്നഗറില്‍ ഇടതുമുന്നണിയിലെ ആര്‍എസ്പിയുടെ സുബാഷ് നഷ്്കറും മധുരാപുരില്‍&ലവേ; സിപിഐ എമ്മിന്റെ വനിതാസ്ഥാനാര്‍ഥി റിങ്കു നഷ്കറുമാണ് പോര്‍ക്കളത്തില്‍.

ഗോപി

ഇടത്തോട്ട് ചാഞ്ഞ് ഡംഡം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ രണ്ടു തവണ ബിജെപിയും 2009ല്‍ തൃണമൂല്‍ കോണ്‍ഗ്രസും ജയിച്ച ഡംഡം മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി നിയോഗിച്ചത് അതികായനെ. രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും ബംഗാളിലെ മുന്‍ ധനമന്ത്രിയുമായ ഡോ. അഷിംദാസ് ഗുപ്തയാണ് സിറ്റിങ് എംപി തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയിയെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേര്‍ത്ത ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് പൊരുതുന്നത്. സിപിഐ എമ്മിന്റെ കോട്ടയായ ഡംഡമില്‍ 12നാണ് പോളിങ്. 1998ലും 1999ലും ഡംഡമില്‍ ജയിച്ച ബിജെപിയുടെ തപന്‍സിക്ദര്‍ വീണ്ടും ജനവിധി തേടുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 20000 വോട്ടിനാണ് സൗഗത റോയ് 2009ല്‍ ജയിച്ചത്. അന്ന് അമിതാവ നന്ദിയായിരുന്നു സിപിഐ എം സ്ഥാനാര്‍ഥി. മൂന്നുതവണ ഒഴികെ മറ്റെല്ലാക്കാലത്തും സിപിഐ എമ്മിന്റെ ഉറച്ച കോട്ടയായ ഡംഡമില്‍ ഇത്തവണ കാറ്റ് ഇടത്തോട്ടാണെന്ന് ഉറപ്പായിരിക്കുന്നു. കൊല്‍ക്കത്ത നഗരത്തിന് അടുത്ത ഈ മണ്ഡലത്തില്‍ 12 ലക്ഷം വോട്ടര്‍മാരാണുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്നുവര്‍ഷത്തെ ഭരണം ജനോപകാരപ്രദമായ ഒരു പദ്ധതിയും നടപ്പാക്കാത്തതും സ്ത്രീകള്‍ക്ക് എതിരെ അക്രമങ്ങള്‍ വ്യാപകമായതും മുഖ്യപ്രചാരണ വിഷയങ്ങളാണിവിടെ. മൂന്നു പ്രധാന സ്ഥാനാര്‍ഥികളും അധ്യാപകരാണെന്ന പ്രത്യേകതകൂടി ഈ മണ്ഡലത്തിനുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് മണ്ഡലത്തില്‍ എംപി ഫണ്ട് ഉപയോഗിച്ചുചെയ്ത കാര്യങ്ങളാണ് സൗഗത റോയ് പ്രചാരണത്തിനുപയോഗിക്കുന്നത്. എന്നാല്‍, ഡംഡമില്‍ വ്യവസായ യൂണിറ്റുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടിയത് ഇവിടെ പ്രധാന പ്രശ്നമാണ്. ആയിരങ്ങള്‍ തൊഴില്‍രഹിതരാകുന്ന സാഹചര്യമുണ്ടായിട്ടും എംപി ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇടതുപക്ഷം തിരിച്ചുവരണമെന്നാണ് ബംഗാളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കൊല്‍ക്കത്താ യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്രവിഭാഗം അധ്യാപകനായിരുന്ന അഷിം ദാസ്ഗുപ്ത പറയുന്നു. 1987 മുതല്‍ 2011 വരെ ഇടതുപക്ഷഭരണത്തില്‍ ധനകാര്യവകുപ്പ് മന്ത്രിയായിരുന്നതിന്റെ അനുഭവസമ്പത്തുമായി മത്സരിക്കുന്ന ദാസ്ഗുപ്ത സംസ്ഥാന ധനമന്ത്രിമാരടങ്ങുന്ന മൂല്യവര്‍ധിത നികുതി സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ തലവനായിരുന്നു.കോണ്‍ഗ്രസ് ധനഞ്ജയ് മോയ്ത്രയെയാണ് മത്സരിപ്പിക്കുന്നത്.

താരം വെയില്‍ കൊള്ളും; ഘട്ടാലില്‍ റാണ ജയിക്കും

ഘട്ടാല്‍(പശ്ചിമബംഗാള്‍): സിനിമാതാരങ്ങളുടെ പുറംമോടിയില്ലാതെ ജനങ്ങളെ സമീപിക്കാന്‍ ഭയക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സൂപ്പര്‍താരത്തെ വെയില്‍ കൊള്ളിച്ചിട്ടും പരാജയം മണക്കുന്ന മണ്ഡലമാണ് പടിഞ്ഞാറന്‍ മിഡ്നാപ്പുരിലെ ഘട്ടാല്‍ മണ്ഡലം. സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത 2009ല്‍ 1.47 ലക്ഷം വോട്ടിന് ജയിച്ച മണ്ഡലം പ്രമുഖ സിനിമാതാരം ദീപക് അധികാരിയിലൂടെ തിരിച്ചു പിടിക്കാമെന്ന ഭരണകക്ഷിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുംവിധമാണ് ഇടതുമുന്നണി പ്രചാരണം. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായ ഗുരുദാസ് ദാസ്ഗുപ്ത തെരഞ്ഞെടുപ്പില്‍നിന്ന് സ്വയം വിട്ടുനിന്നപ്പോള്‍ സിപിഐ സ്ഥാനാര്‍ഥിയാക്കിയത് സന്തോഷ് റാണയെ. കോണ്‍ഗ്രസ് മുന്‍ പിസിസി പ്രസിഡന്റ് മനാസ് രഞ്ജന്‍ ഭുനിയയെ രംഗത്തിറക്കിയപ്പോള്‍ മുഹമ്മദ് ആലമിനെ നിര്‍ത്തിയാണ് ബിജെപി പരീക്ഷണം.

12ന്റെ അവസാന ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. രണ്ടുതവണ ലോക്സഭയിലേക്കും മൂന്നുതവണ രാജ്യസഭയിലേക്കും വിജയിച്ച ദാസ്ഗുപ്ത മത്സരരംഗത്തില്ലാത്തതാണ് വിഷയദാരിദ്ര്യം അലട്ടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നത്. ശാരദ ചിട്ടിഫണ്ട് കുംഭകോണത്തില്‍ മിക്കവാറും മുതിര്‍ന്ന നേതാക്കളെല്ലാം കളങ്കിതരാണെന്ന് തെളിഞ്ഞതോടെ സിനിമാതാരങ്ങളെ അമിതമായി മമത ആശ്രയിച്ചതാണ് അധികാരിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഹേതു. സിനിമാതാരത്തെ കാണാന്‍ കൂടുന്ന ആളുകളൊന്നും തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി സന്തോഷ് റാണ ആത്മവിശ്വാസത്തോടെ പറയുന്നു. ഘട്ടാല്‍ മേഖലയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാവുമെന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂഢവിശ്വാസമാണ്. സിനിമാതാരം വെയില്‍കൊണ്ട് എത്ര നടന്നാലും രാഷ്ട്രീയബോധമുള്ള ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കും.

വിജയത്തില്‍ കുറഞ്ഞതൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ല. താന്‍ വിജയിക്കാനാണ് മത്സരിക്കുന്നത്. മാന്യമായ നിലയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ വിജയം ഉറപ്പ്. തൃണമൂല്‍ സ്ഥാനാര്‍ഥി പ്രശസ്ത നടനായതിനാല്‍ പ്രചാരണ റാലിയിലേക്ക് യുവാക്കള്‍ ധാരാളമായുണ്ട്. പക്ഷേ, വോട്ട് രേഖപ്പെടുത്തേണ്ടപ്പോള്‍ അവര്‍ക്കു മുന്നിലുണ്ടാവുന്നത് അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമാവും. മാത്രമല്ല രണ്ടര വര്‍ഷത്തെ ഭരണംകൊണ്ട് തൃണമൂലില്‍ നിന്ന് ജനങ്ങള്‍ വളരെ അകന്നുകഴിഞ്ഞു- സന്തോഷ് റാണ പറഞ്ഞു. കോണ്‍ഗ്രസിന് ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുന്ന ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലുമായില്ല. നിലവിലെ സ്ഥാനാര്‍ഥിയായ പാര്‍ടി മുന്‍ അധ്യക്ഷന്‍ അറുപത്തിമൂന്നുകാരനായ മനാസ് രഞ്ജന്‍ ഭുനിയ മത്സരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് മുതിര്‍ന്ന നേതാവ് തന്നെ മുന്നില്‍നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭുനിയ രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനപ്രീതി ഇടിഞ്ഞതും എതിരാളികളുടെ വോട്ടുകള്‍ മൂന്നായി വിഭജിക്കുന്നതും റാണയുടെ വിജയം സുനിശ്ചിതമാക്കുമെന്ന് ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment