Sunday, May 11, 2014

എമര്‍ജിങ് കേരള പൊടിച്ചത് 24 കോടി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രഖ്യാപനത്തട്ടിപ്പിന്റെ മകുടോദാഹരണമാണ് കൊച്ചിയില്‍ നടത്തിയ എമര്‍ജിങ് കേരളസംഗമം. 2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച "ജിം" എന്ന ആഗോള നിക്ഷേപകസംഗമത്തിന്റെ മറ്റൊരു പതിപ്പായ എമര്‍ജിങ് കേരളയെ തുടര്‍ന്ന് നടത്തിയ പദ്ധതി പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങി. ക്ഷേമപെന്‍ഷനടക്കം പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കേണ്ട കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചത് മിച്ചം.

സംഗമത്തെതുടര്‍ന്ന് വിവിധ വകുപ്പിലായി 177 പദ്ധതി നിര്‍ദേശങ്ങള്‍ ലഭിച്ചെന്നാണ് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും അവകാശപ്പെട്ടത്. വ്യവസായവകുപ്പിന്റെ കീഴില്‍ 19 പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 12,000 കോടി രൂപയുടെ നിക്ഷേപം വരുന്നുവെന്ന് പറഞ്ഞ ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയുടെ വികസനമായിരുന്നു ഒരു പ്രഖ്യാപനം. 2013 ജനുവരിയില്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയതല്ലാതെ വലിയ പുരോഗതിയൊന്നുമില്ല. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കൊട്ടിഘോഷിച്ച സീ പ്ലെയിന്‍ പദ്ധതിയും സീ പ്ലെയിന്‍ കമ്പനിയും ഉദ്ഘാടനം നടത്തി സര്‍ക്കാര്‍ വലിയ മാധ്യമശ്രദ്ധ നേടി. അവശേഷിച്ചത് വിവാദം മാത്രം. പെട്രോ കെമിക്കല്‍ സംയുക്തസംരംഭം, പെട്രോ കെമിക്കല്‍ പാര്‍ക്ക് തുടങ്ങിയവയും പ്രഖ്യാപനത്തിലുണ്ട്. സ്ഥലമെടുപ്പ് നടപടി തുടങ്ങിയെന്നാണ് സര്‍ക്കാര്‍ വാദം. ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സ്, ഓട്ടോമോട്ടീവ് ടെക്നോളജിയില്‍ വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയവയും പദ്ധതികളുടെ ഭാഗമായി. ഡിഎം ഹെല്‍ത്ത് കെയറിന്റെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി പദ്ധതിയായിരുന്നു മറ്റൊന്ന്. ഈ ബിസിനസ് ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ച പദ്ധതിയും സംഗമത്തിന്റെ ഭാഗമാക്കി. തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ ഭാഗമായി ബയോടെക് ഇന്‍ക്യുബേറ്ററായിരുന്നു മറ്റൊന്ന്. ഭക്ഷ്യസംസ്കരണം, ബയോ ഉപകരണങ്ങളടെ നിര്‍മാണം, ടൂറിസം ടൗണ്‍ഷിപ്പുകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, തിരുവനന്തപുരത്ത് കിഡ്സ് ലാബ്, കോട്ടയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സ്, തിരുവനന്തപുരത്ത് റിസര്‍ച്ച് പാര്‍ക്ക്, ഹെര്‍ബല്‍ മെഡിസിനല്‍ കിറ്റുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികളുടെ പേരുകേട്ട് കേരളം തരിച്ചിരുന്നു. ഈ പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്ന് സര്‍ക്കാരിനും തിട്ടമില്ല.

24 കോടിയില്‍പ്പരം രൂപയാണ് സംഗമത്തിന് ചെലവിട്ടത്. 2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുകോടിയിലേറെ രൂപ ധൂര്‍ത്തടിച്ച് നടത്തിയ ജിമ്മിനുശേഷം 11,000 കോടി രൂപയുടെ 96 പദ്ധതി പ്രഖ്യാപിച്ചു. 339 കോടി അടങ്കല്‍ വരുന്ന 19 പദ്ധതി നടപ്പായെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കൊച്ചി റിഫൈനറിയുടെ വികസനത്തിന് അന്നും 2600 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ 1850 കോടി മുതല്‍മുടക്കില്‍ കൊല്ലത്ത് മിനറല്‍ പ്രോസസിങ് യൂണിറ്റും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കൊച്ചിയില്‍ ടെക്നോളജി പാര്‍ക്കും സ്ഥാപിക്കും എന്നൊക്കെയായിരുന്നു അവകാശവാദം. വീരവാദമല്ലാതെ മറ്റൊന്നും പിന്നീടുണ്ടായില്ല.

deshabhimani

No comments:

Post a Comment