Sunday, May 11, 2014

തകര്‍ന്ന പാളത്തിലൂടെ വാചകമടിയുടെ അതിവേഗവണ്ടി

കേരളത്തിന്റെ റെയില്‍വേ വികസനത്തിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മിഷന്‍ 676 പദ്ധതിപ്രകാരമുള്ള റെയില്‍വേ പദ്ധതിപ്രഖ്യാപനങ്ങള്‍. പാതിവഴിയില്‍ കിടക്കുന്ന പാതയിരട്ടിപ്പിക്കല്‍, ഇഴഞ്ഞുനീങ്ങുന്ന വൈദ്യുതീകരണം, ഫണ്ടില്ലാതെ നിര്‍മാണം നിലച്ച പാതകളുടെ ഗേജ്മാറ്റം, ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങിയ പുതിയ പാതകളുടെ നിര്‍മാണം, പുതിയ പാതകളുടെ സര്‍വേ...

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു. മുന്‍ സംസ്ഥാനബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രഖ്യാപനമായി അവശേഷിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വീണ്ടും എത്തിയത്. മുന്‍ പ്രഖ്യാപനമായ തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴി എന്ന ബൃഹദ്പദ്ധതിയെക്കുറിച്ച് മിഷന്‍ 676ല്‍ പരാമര്‍ശമേയില്ല. 45,000 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് 2012-13 ബജറ്റില്‍ 50 കോടി രൂപ നീക്കിവച്ചിരുന്നു. ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ കോര്‍പറേഷന്‍ എംഡിയായി ടി ബാലകൃഷ്ണനെ നിയമിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നടപ്പാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടന്നുമില്ല.

ഇത്തവണ മിഷന്‍ 676 പദ്ധതിയില്‍ സബര്‍ബന്‍ റെയില്‍പദ്ധതിയും തിരുവനന്തപുരം- കോഴിക്കോട് മോണോറെയിലുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ രണ്ടു പദ്ധതികളും മുന്‍ ബജറ്റുകളിലും ഉണ്ടായിരുന്നു. എന്നാല്‍, പദ്ധതിനടത്തിപ്പ് പ്രഖ്യാപനത്തിലൊതുങ്ങി. 20 കോടി രൂപമാത്രമാണ്് ഇരുപദ്ധതികള്‍ക്കുമായി നീക്കിവച്ചത്. പദ്ധതി നടപ്പാക്കുന്നതിനുള്ള ആഗോള ടെന്‍ഡറിന്റെ കാലാവധി മെയ് 31ന് അവസാനിക്കും. നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. തിരുവനന്തപുരംമുതല്‍ ചെങ്ങന്നൂര്‍വരെയാണ് നിര്‍ദിഷ്ട സബര്‍ബന്‍ പദ്ധതി. മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ പദ്ധതിയുടെ പ്രാരംഭറിപ്പോര്‍ട്ട് നല്‍കിയതല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. 3370 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവുംപോലും പാതിവഴിയില്‍ കിടക്കുമ്പോഴാണ് സബര്‍ബന്‍ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം. പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവ പൂര്‍ത്തിയാക്കാതെ കേരളത്തിന്റെ റെയില്‍വേ വികസനം സാധ്യമാകില്ല.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ ബജറ്റുവിഹിതം ഓരോവര്‍ഷവും റെയില്‍വേ വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാനത്തെ റെയില്‍വേ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ പകുതി പണം സംസ്ഥാനം മുടക്കണമെന്നാണ് ഇപ്പോള്‍ റെയില്‍വേയുടെ നിലപാട്. എറണാകുളം- കുമ്പളം പാതയിരട്ടിപ്പിക്കലിനും ശബരി പാത നിര്‍മാണത്തിനും പകുതി പണം സംസ്ഥാനം ചെലവഴിക്കണമെന്നു കാണിച്ച് റെയില്‍വേ നല്‍കിയ കത്തിന് പണം നല്‍കാനാകില്ലെന്നു കാട്ടി കേരളം മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കല്‍ജോലികള്‍ പാതിവഴിയില്‍ നിലച്ചു. എറണാകുളം സൗത്ത്മുതല്‍ (ആലപ്പുഴ വഴി) കായംകുളംവരെയുള്ള 100.67 കിലോമീറ്ററില്‍ 14 കിലോമീറ്റര്‍മാത്രമേ പാത ഇരട്ടിപ്പിച്ചിട്ടുള്ളൂ. എറണാകുളംമുതല്‍ ഹരിപ്പാടുവരെയും മുളന്തുരുത്തിമുതല്‍ ചെങ്ങന്നൂര്‍വരെയും പാത ഇരട്ടിപ്പിച്ചിട്ടില്ല. തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടിലും പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല.

സുമേഷ് കെ ബാലന്‍ deshabhimani

No comments:

Post a Comment