Saturday, May 10, 2014

ദേശീയ ഗെയിംസ് ഫണ്ടും വകമാറ്റി

കേരളം ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ദേശീയ ഗെയിംസിന് കേരള ടീമിനെ ഒരുക്കാന്‍ വകയിരുത്തിയ തുകയും സര്‍ക്കാര്‍ വകമാറ്റി. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച മിഷന്‍ 676ല്‍ പ്രധാന ഇനമായി ഉള്‍പ്പെടുത്തിയ "ദേശീയ ഗെയിംസില്‍ കേരളത്തെ സജ്ജമാക്കല്‍" വാഗ്ദാനവും പൊള്ളയാണെന്ന് തെളിഞ്ഞു. കോളേജ് ഗെയിംസ് നടത്താനാണ് ദേശീയ ഗെയിംസിനായി നീക്കിവച്ച 50 ലക്ഷം രൂപ ഒറ്റയടിക്ക് വകമാറ്റിയത്. കോളേജ് ഗെയിംസ് നടത്താന്‍ ഒരു രൂപയുടെ സ്പോണ്‍സര്‍ഷിപ്പിനുപോലും ശ്രമിക്കാതെയാണ് ദേശീയ ഗെയിംസില്‍ കേരള ടീമിന്റെ ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്ന നടപടി ഉണ്ടായത്.

ടീം തയ്യാറെടുപ്പിനെ ബാധിക്കുന്ന ഫണ്ട് വകമാറ്റലിനു പുറമെ ഗെയിംസിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ അലംഭാവമാണ് കാട്ടുന്നത്. സ്റ്റേഡിയങ്ങളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ജനുവരിയോടെ ദെശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ കേരളം സജ്ജമാക്കുമെന്നാണ് മിഷന്‍ 676ന്റെ പ്രഖ്യാപനത്തിലൊന്ന്. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ പോയാല്‍ 2016 ജനുവരിയായാലും പ്രധാനസ്റ്റേഡിയങ്ങളുടേതടക്കം നിര്‍മാണം പൂര്‍ത്തിയാവില്ല. 80 ശതമാനംവരെ നിര്‍മാണം പൂര്‍ത്തിയായെന്നു പറയുന്ന കാര്യവട്ടത്തെ ഉദ്ഘാടന-സമാപന വേദിയുടെ നിര്‍മാണം 25 ശതമാനംപോലും പൂര്‍ത്തിയായിട്ടില്ല. കോളേജ് ഗെയിംസ് നടത്താന്‍ വലിയ കമ്പനികളുടേതടക്കം സ്പോണ്‍സര്‍ഷിപ് കിട്ടുമെന്നിരിക്കെയാണ് അതിനു മെനക്കെടാന്‍ തയ്യാറാവാതെ ദേശീയ ഗെയിംസ് ഫണ്ട് വകമാറ്റിയത്. സ്പോണ്‍സര്‍ഷിപ്പിന് ശ്രമിക്കാതെ സംഘാടകര്‍ എളുപ്പവഴിയില്‍ തുക കണ്ടെത്തുകയായിരുന്നു. പണം കൈകാര്യംചെയ്യുന്ന ബാങ്കിന്റെപോലും സ്പോണ്‍സര്‍ഷിപ് വാങ്ങിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല

വി ഡി ശ്യാംകുമാര്‍ deshabhimani

No comments:

Post a Comment