Wednesday, May 14, 2014

ഫ്ളാഷ് ഓഫീസിനുമുന്നില്‍ ഇന്ന് സിപിഐ എം പ്രതിഷേധ കൂട്ടായ്മ

കണ്ണൂര്‍: സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന കേരളകൗമുദി ഫ്ളാഷ് കണ്ണൂര്‍ ഓഫീസിനുമുന്നില്‍ ബുധനാഴ്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഹീനമായ വാര്‍ത്തകള്‍ തുടരെ പടച്ചുവിടുകയാണ് ഫ്ളാഷ്. മലയാള പത്രപ്രവര്‍ത്തനരംഗത്ത് വിലപ്പെട്ട സംഭാവന നല്‍കിവരുന്ന ഒരു പത്രസ്ഥാപനത്തിന്റെ സായാഹ്നപത്രം സിപിഐ എം വിരുദ്ധ വ്യാജവാര്‍ത്തകളിലൂടെ അശ്ലീലപ്രസിദ്ധീകരണങ്ങളെപ്പോലെ തരംതാണുപോകുന്നതില്‍ ജനങ്ങളില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ട്.

"കെ സി ഉമേഷ്ബാബുവിന് സിപിഐ എം വധഭീഷണി", "പി കെ കുഞ്ഞനന്തനെ പാര്‍ടി പുറത്താക്കും; ഇക്കാര്യമറിയിക്കാന്‍ നേതാക്കളുടെ ജയില്‍ സന്ദര്‍ശനം", "സിപിഐ എം ഭരിക്കുന്ന കരാറിനകം ബാങ്കില്‍ അഴിമതി", "പ്രാദേശിക സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടിവിടുന്നു", തുടങ്ങി നിരവധി വ്യാജ വാര്‍ത്തകളാണ് അടുത്തിടെ ഫ്ളാഷ് നല്‍കിയത്.

സര്‍ക്കാരുദ്യോഗസ്ഥനായ ഉമേഷ്ബാബു ഒരു പോറലുമേല്‍ക്കാതെ ഇപ്പോഴും ചാനലിലൂടെയും പുറത്തും പാര്‍ടിക്കെതിരെ പ്രചാരവേല നടത്തുന്നു. കുഞ്ഞനന്തന്‍ ഇപ്പോഴും സിപിഐ എം ഏരിയാ കമ്മിറ്റി അംഗമാണ്. ഒരു നടപടിയും പാര്‍ടി കൈക്കൊണ്ടിട്ടില്ല. ഫ്ളാഷിലെ വാര്‍ത്തയടക്കം പരിശോധിച്ച്, കരാറിനകം ബാങ്കില്‍ സഹകരണവകുപ്പ് അന്വേഷണം നടത്തി. അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ്: "ബാങ്കിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെയോ ഭരണസമിതിക്കെതിരെയോ നടപടി സ്വീകരിക്കാവുന്നതരത്തിലുള്ള ധനാപഹരണമോ അക്കൗണ്ടില്‍ കൃത്രിമം കാണിക്കലോ റെക്കോഡ് നശിപ്പിക്കലോ വ്യാജപ്രമാണം ചമയ്ക്കലോ വരുത്തിയതായി കണ്ടെത്താനായിട്ടില്ല". ഇതിലൂടെ ബാങ്കിനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തെറ്റാണെന്ന് തെളിഞ്ഞു.

അപവാദപ്രചാരണങ്ങളുടെ മുനയൊടിഞ്ഞിട്ടും വ്യാജവാര്‍ത്തകള്‍ വീണ്ടും ചമയ്ക്കുകയാണ് ഫ്ളാഷ്. സിപിഐ എമ്മിനെയും നേതൃത്വത്തെയും ജനങ്ങളുടെ മുമ്പില്‍ താഴ്ത്തിക്കെട്ടാന്‍ ദുസ്സൂചനകളോടെ അപകീര്‍ത്തികരമായ വാര്‍ത്തയാണ് മെയ് എട്ടിന് പ്രസിദ്ധീകരിച്ചത്. വാര്‍ത്തയില്‍ ഇടംനേടിയ പ്രദേശത്തെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമുയര്‍ത്തി. ഫ്ളാഷിലെ വാര്‍ത്ത തൊട്ടടുത്ത ദിവസം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുഖപത്രങ്ങള്‍ ഏറ്റുപിടിച്ചു. വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പുനഃപ്രസിദ്ധീകരിച്ച നടപടി അപകീര്‍ത്തികരവും അപലപനീയവുമാണ്. ഇതേതുടര്‍ന്ന് ഫ്ളക്സ്ബോര്‍ഡ് പ്രത്യക്ഷപ്പെടുകയും ജയ്ഹിന്ദ് ടിവി വാര്‍ത്തയാക്കുകയും ചെയ്തു. മാധ്യമധര്‍മത്തിന്റെ എല്ലാ മര്യാദകളും ലംഘിക്കപ്പെട്ടു. വാര്‍ത്തയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള നട്ടെല്ലുപോലും കാണിക്കാതെ വാര്‍ത്തയെകുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ഒളിച്ചോടുകയാണ് ഫ്ളാഷ്ലേഖകന്‍. ഒരു പരാതിയും അധികൃതര്‍ക്കോ പാര്‍ടി മുമ്പാകെയോ വരാത്ത പ്രശ്നമാണ് ഫ്ളാഷ് വാര്‍ത്തക്ക് അടിസ്ഥാനം. പ്രാദേശിക പ്രവര്‍ത്തകര്‍ ഒരു നേതാവിനെയും തടഞ്ഞിട്ടില്ല; പാര്‍ടി ആരെയും ശാസിച്ചിട്ടുമില്ല. ചന്ദ്രശേഖരന്‍ കേസില്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച പത്രത്തിനെതിരെ പ്രസ് കൗണ്‍സില്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാണെന്നും പി ജയരാജന്‍ പറഞ്ഞു. എം വി ജയരാജന്‍, കെ പി സഹദേവന്‍, വത്സന്‍ പനോളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നിയമപരമായും രാഷ്ട്രീയമായും നേരിടും

ഫേസ്ബുക്കിലൂടെയും മറ്റും അപവാദപ്രചരണം നടത്താന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് അവസരമൊരുക്കുകയെന്നത് ഉച്ചപ്പത്രത്തിലെ വ്യാജവാര്‍ത്തകളുടെ ലക്ഷ്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനും പറഞ്ഞു.

ചില രാഷ്ട്രീയ ശത്രുക്കളും മാധ്യമങ്ങളും ഫ്ളാഷിന്റെ വ്യാജവാര്‍ത്തയെ പൂര്‍ണമായും സ്വീകരിച്ചതിന്റെ അടിസ്ഥാനം രാഷ്ട്രീയംമാത്രമാണ്. ഇത്തരം നെറികെട്ട അപവാദപ്രചാരണങ്ങളെ നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും നേരിടും. സിപിഐ എമ്മിലെ ഒരു നേതാവും വിമര്‍ശത്തിനതീതരാണെന്ന് കരുതുന്നില്ല. വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കാം. സിപിഐ എം മറ്റു പാര്‍ടികളെപ്പോലെ അഴിമതികാട്ടുന്നതും സദാചാരമില്ലാത്തതുമായ പാര്‍ടിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന ദല്ലാള്‍പണി മാധ്യമധര്‍മമല്ല. വ്യാജവാര്‍ത്ത നല്‍കിയ പത്രങ്ങള്‍ക്കും ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. വക്കീല്‍ നോട്ടീസ് അയച്ചതിനു പുറമെ സൈബര്‍ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും, ചില മാധ്യമങ്ങളില്‍ വന്ന രാഷ്ട്രീയ പെയ്ഡ് ന്യൂസിന് തുല്യമായ വ്യാജവാര്‍ത്തകള്‍ നല്‍കിയവരുടെ പേരില്‍ ഉചിത നടപടി ആവശ്യപ്പെട്ട് പ്രസ് കൗണ്‍സിലിനും പരാതി നല്‍കിയതായും പി ജയരാജന്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment