Wednesday, May 14, 2014

മാധ്യമങ്ങളുടെ കോര്‍പറേറ്റ് കര്‍സേവ

വോട്ടെടുപ്പിന് ശേഷവും മാധ്യമങ്ങള്‍ കോര്‍പറേറ്റ് കര്‍സേവ തുടരുന്നു. രാജ്യത്ത് മോഡിതരംഗമുണ്ടെന്നും എന്‍ഡിഎ അധികാരത്തില്‍വരുമെന്നും എക്സിറ്റ്പോള്‍ സര്‍വേകളിലൂടെ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ കോര്‍പറേറ്റ് താല്‍പ്പര്യമാണെന്ന് ഓഹരിവിപണിയിലെ കുതിപ്പ് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മൂന്നുദിവസങ്ങള്‍മാത്രം ശേഷിക്കെ കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ വന്‍ താല്‍പ്പര്യങ്ങളുണ്ട്. ഓഹരിവിപണിയില്‍ ഓരോനിമിഷവും വിലപ്പെട്ടതാണ്. ഊഹാധിഷ്ഠിതമായി കുമിളകള്‍ വീര്‍പ്പിക്കുമ്പോള്‍ കോര്‍പറേറ്റുകളുടെ പണപ്പെട്ടി നിറഞ്ഞുകവിയും. കുമിളകള്‍ പൊട്ടുമ്പോഴും നഷ്ടം സാധാരണക്കാരായ നിക്ഷേപകര്‍ക്കുമാത്രം. രാഷ്ട്രീയമായി എതിരാളികളുടെ മനോവീര്യംകെടുത്തുകയെന്ന തന്ത്രവും ഇതിനുപിന്നിലുണ്ട്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകളില്‍ ബിജെപിക്ക് മേല്‍ക്കൈ നേടിക്കൊടുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും എക്സിറ്റ്പോള്‍ ഫലങ്ങള്‍ പൊളിഞ്ഞിരുന്നു. എന്‍ഡിഎ 250 വരെ സീറ്റ് നേടുമെന്നും വീണ്ടും അധികാരത്തില്‍ വരുമെന്നും 2004ല്‍ സര്‍വേ എജന്‍സികളും ചാനലുകളും പ്രവചിച്ചു. ഫലംവന്നപ്പോള്‍ യുപിഎ മുന്നിലെത്തി. 2009ലും സമാനമായ പ്രവചനമുണ്ടായി. എല്‍ കെ അദ്വാനി പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടി. എന്നാല്‍, ബിജെപിക്ക് പ്രതിപക്ഷത്ത് തുടരേണ്ടിവന്നു. ഇത്തവണ മാസങ്ങള്‍ക്കുമുമ്പേ ബിജെപിക്ക് അനുകൂലമായി അഭിപ്രായസര്‍വേകള്‍ പ്രചരിപ്പിക്കപ്പെട്ടു. അഴിമതിയും ജനവിരുദ്ധനയങ്ങളും മുഖമുദ്രയാക്കിയ യുപിഎ സര്‍ക്കാരിനെതിരെ രാജ്യത്ത് അലയടിക്കുന്ന ജനവികാരത്തെ മോഡിഅനുകൂല തരംഗമായി ചിത്രീകരിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ കക്ഷികളോടാണ് ജനങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതെന്ന വസ്തുത ഇവര്‍ മറച്ചുപിടിക്കുകയാണ്. ഭരണവിരുദ്ധവികാരത്തിന്റെ സ്വാഭാവിക ഗുണഭോക്താക്കളായി ബിജെപിയെ വിലയിരുത്തിയാണ് പ്രചചനം. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിതര മതനിരപേക്ഷകക്ഷികളുടെയും ജനപിന്തുണയും പ്രസക്തിയും അംഗീകരിക്കാന്‍ തയ്യാറാകാതെ "ഉറച്ചഭരണം" എന്ന മുദ്രാവാക്യത്തിന്റെ പേരില്‍ വോട്ടര്‍മാരെ ബിജെപിക്ക് പിന്നില്‍ അണിനിരത്താനാണ് സര്‍വേകള്‍ ശ്രമിച്ചത്.

1990കളില്‍ അഭിപ്രായസര്‍വേകളുടെ ഫലങ്ങള്‍ ശരിയായിരുന്നു. കുത്തക മാധ്യമസ്ഥാപനങ്ങളും അവരുടെ വാര്‍ത്താചാനലുകലും അഭിപ്രായസര്‍വേകളും എക്സിറ്റ്പോള്‍ സര്‍വേകളും സംഘടിപ്പിച്ചതോടെയാണ് വിശ്വാസ്യത തകര്‍ന്നത്. പണം മുടക്കുന്നവരുടെ താല്‍പ്പര്യപ്രകാരം സര്‍വേഫലം തയ്യാറാക്കിക്കൊടുക്കുന്ന ഏജന്‍സികളെ ഈയിടെ കൈയോടെ പിടികൂടിയിരുന്നു. മാത്രമല്ല, സര്‍വേകളില്‍ സഹജമായ പല അപാകങ്ങളും കടന്നുകൂടാന്‍ സാധ്യതയുണ്ട്. നഗരകേന്ദ്രീകൃതമായുള്ള സര്‍വേകളില്‍ ഉപരിവര്‍ഗത്തിന്റെ വക്താക്കളില്‍നിന്ന് അഭിപ്രായങ്ങള്‍ ആരായാന്‍ സാധ്യത കൂടുതലാണ്. സാധാരണക്കാരുടെ അഭിപ്രായവും വികാരവും അതുകൊണ്ടുതന്നെ സര്‍വേകളില്‍ പ്രതിഫലിക്കാനുള്ള സാധ്യത കുറയും. ഈ വ്യതിയാനം ബോധപൂര്‍വമോ അല്ലാതെയോ സംഭവിക്കാം. സര്‍വേകളില്‍ വിവരം നല്‍കാനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ കാര്യത്തില്‍ അവസരസമത്വം പാലിക്കപ്പെടാറില്ല. 12 മുതല്‍ 20 ലക്ഷംവരെ വോട്ടര്‍മാരാണ് ഓരോ മണ്ഡലത്തിലുമുള്ളത്. ഇവരുടെ നേര്‍പരിച്ഛേദമായ പ്രതിനിധികളെ കണ്ടെത്താനും അഭിപ്രായം തേടാനും പലപ്പോഴും ശ്രമിക്കാറില്ല. പ്രയോഗികതലത്തില്‍ പല സ്വാധീനങ്ങള്‍ക്കും സാഹചര്യത്തിന്റെ പ്രേരണകള്‍ക്കും വഴങ്ങിയാണ് സര്‍വേകള്‍. ഇതിനെല്ലാം ഉപരിയായി കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ കൂടിയാകുമ്പോള്‍ വസ്തുതകള്‍ അട്ടിമറിക്കപ്പെടുന്നു. എന്താണ് ഫലമെന്ന് നിശ്ചയിച്ചശേഷം അതിനോട് പൊരുത്തപ്പെടുന്ന വിവരങ്ങള്‍ ശേഖരിച്ച് നല്‍കാനും ഏജന്‍സികള്‍ തയ്യാറാകുന്നു.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment