Wednesday, May 14, 2014

കോണ്‍ഗ്രസ്-മാണി ബന്ധം ഉലയുന്നു

എം ജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എ വി ജോര്‍ജിനെ ഗവര്‍ണര്‍ ഷീല ദീക്ഷിത് പുറത്താക്കിയതില്‍ കേരളകോണ്‍ഗ്രസ് എം പ്രതിഷേധത്തില്‍. പാര്‍ടി ചെയര്‍മാന്‍ മന്ത്രി കെ എം മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കടുത്ത അതൃപ്തി അറിയിച്ചു. പുറത്താക്കാന്‍ സ്വീകരിച്ച രീതിയോട് യോജിക്കാനാവില്ലെന്ന് മാണി വ്യക്തമാക്കി. പാര്‍ടി വൈസ് ചെയര്‍മാനായ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജാകട്ടെ ഗവര്‍ണറുടെ നടപടി മാന്യമായതല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ പുറത്താക്കിയതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എ വി ജോര്‍ജ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന ഷീല ദീക്ഷിത് ഗവര്‍ണറായശേഷവും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന പരാതി കേരളകോണ്‍ഗ്രസ് എം നേതാക്കള്‍ക്കുണ്ട്. പുറത്താക്കുമെന്നുറപ്പായതോടെ സ്ഥാനം രാജിവയ്ക്കാനായി ഗവര്‍ണറെ കാണാന്‍ ജോര്‍ജ് രാജ്ഭവനില്‍ എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയില്ല. പകരം പുറത്താക്കല്‍ ഉത്തരവ് കൈമാറി. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണറുടെ ഈ നടപടിയെന്ന് കേരളകോണ്‍ഗ്രസ് എം നേതാക്കള്‍ കരുതുന്നു. ഉമ്മന്‍ചാണ്ടിയും ഗവര്‍ണറുമായി ഇതേ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിസിയെ ഗവര്‍ണര്‍ പുറത്താക്കുന്നത്. വ്യക്തിവിവര രേഖയില്‍ കൃത്രിമം കാട്ടിയെന്നതാണ് പുറത്താക്കലിന് കാരണം. എന്നാല്‍, പുറത്താക്കലിനു പിന്നിലെ യഥാര്‍ഥ കാരണം കോഴയുമായി ബന്ധപ്പെട്ടതാണെന്ന് ഉന്നത കേരളകോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു. വിസി സ്ഥാനം യുഡിഎഫില്‍ പങ്കിട്ടപ്പോള്‍, മാണിയുടെ കടുംപിടുത്തത്തിലാണ് ജോര്‍ജ് വിസിയായത്. എന്നാല്‍, കോട്ടയത്തെ കോണ്‍ഗ്രസിനും സര്‍വകലാശാലയിലെ കോണ്‍ഗ്രസ് യൂണിയനും ഇത് ഇഷ്ടമായില്ല. അവര്‍ നിയമനത്തിനുമുമ്പേ എതിര്‍പ്പുമായി രംഗത്തിറങ്ങി. പ്രശ്നം തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിപക്ഷത്തെ പ്രബല കോണ്‍ഗ്രസ് എംഎല്‍എയെയും എംപിയെയും ജോര്‍ജും പ്രതിനിധികളും സമീപിച്ചു. അവര്‍ സഹായിക്കാമെന്ന് സമ്മതിച്ചു. എന്നാല്‍, തുടര്‍ന്ന് 50 ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടെന്നും അത് നല്‍കാന്‍ ജോര്‍ജിന് കഴിയാത്തതാണ് കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് മുഖ്യകാരണമെന്നുമാണ് കേരളകോണ്‍ഗ്രസ് എം ഉന്നതകേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം മേധാവിയായിരുന്ന ജോര്‍ജ് 2013 ജനുവരിയിലാണ് എംജി സര്‍വകലാശാല വിസിയാകുന്നത്. അതിനുമുമ്പ് കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയായി മൂന്നരമാസം സേവനം അനുഷ്ഠിച്ചിരുന്നു. ഇരിങ്ങാലക്കുട കോളേജില്‍ തിരിച്ചെത്തിയശേഷമാണ് വിസിയാകാന്‍ ജോര്‍ജ് വ്യക്തിവിവരരേഖ നല്‍കിയത്. അതില്‍ കേന്ദ്രസര്‍വകലാശാലയിലെ വകുപ്പുമേധാവിയെന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുകാരാണ് പരാതിയുമായി ഗവര്‍ണറെയും കോടതിയെയും സമീപിച്ചത്.

ആര്‍ എസ് ബാബു deshabhimani

No comments:

Post a Comment