Tuesday, May 13, 2014

യുപിഎ സര്‍ക്കാര്‍ പിന്‍വാങ്ങുന്നു; ഫാക്ടിന് അവസാന ആണിയുമടിച്ച്

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ച് രണ്ടാം യുപിഎ സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. കാലാവധി തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന യുപിഎ മന്ത്രിസഭയുടെ അവസാനയോഗം ചൊവ്വാഴ്ച ഫാക്ടിന്റെ പ്രതിസന്ധി ചര്‍ച്ചയ്ക്കുപോലുമെടുത്തില്ല. ഏറെ സമ്മര്‍ദങ്ങളും കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ സമരങ്ങളും തൊഴിലാളികള്‍ നിരാഹാരമടക്കമുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിട്ടും ഫലമുണ്ടായില്ല. കേരളത്തോടും തൊഴിലാളികളോടും കടുത്ത വഞ്ചനകാട്ടി യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ വരാനിരിക്കുന്ന സര്‍ക്കാരിന്റെ കരുണ കാക്കുക മാത്രമാണ് ഇനി അവശേഷിക്കുന്ന കച്ചിത്തുരുമ്പ്. അത്രയും കാത്തിരിപ്പിനുള്ള ശ്വാസം ഫാക്ടിന് അവശേഷിച്ചിട്ടില്ലെങ്കിലും അതല്ലാതെ മറ്റു മാര്‍ഗമില്ലെന്നുവന്ന സാഹചര്യത്തിലാണിപ്പോള്‍ ഈ രാസവള നിര്‍മാണശാല.

കേന്ദ്രമന്ത്രിസഭയുടെ അജന്‍ഡയില്‍പ്പോലും വിഷയം എടുക്കാതിരുന്നതോടെ ഫാക്ട് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഫാക്ട് സിഎംഡി തൊഴിലാളി നേതാക്കളുടെ യോഗത്തില്‍ അറിയിക്കുകയും ചെയ്തു. മന്ത്രിസഭയുടെ ചര്‍ച്ചയിലായിരുന്നു മുഴുവന്‍ പ്രതീക്ഷയുമെന്നും അതുണ്ടാകാതിരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയില്‍നിന്ന് കമ്പനിയെ കരകയറ്റാനാകുമെന്ന പ്രതീക്ഷ അസ്തമിക്കുകയാണെന്നുമുള്ള സൂചനയാണ് സിഎംഡി നല്‍കിയത്. താന്‍ നിസ്സഹായനാണെന്നാണ് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കിയത്.

ഫാക്ടിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റണമെങ്കില്‍ അടിയന്തരമായി 991.9 കോടി രൂപയുടെ പായ്ക്കേജ് അനുവദിക്കണമെന്നാണ് കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ പുനരുദ്ധാരണത്തിനുള്ള കമ്മിറ്റി (ബിആര്‍പിസി) നല്‍കിയ നിര്‍ദേശം. ഫാക്ടിന്റെ പുനരുദ്ധാരണപായ്ക്കേജിന് അംഗീകാരം നല്‍കാനാകാത്തത് തെരഞ്ഞെടുപ്പുകമീഷന്റെ പെരുമാറ്റച്ചട്ടം ഉള്ളതിനാലാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പെരുമാറ്റച്ചട്ടം 12ന് അവസാനിച്ചു. അതിനുശേഷമാണ് മന്ത്രിസഭായോഗം. ഇത്രയും ചര്‍ച്ച ചെയ്യപ്പെടുകയും ഹര്‍ത്താലടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്ത ഫാക്ട് പ്രതിസന്ധി പക്ഷേ തീരുമാനമെടുക്കേണ്ടവര്‍ ചര്‍ച്ചയ്ക്കുപോലും എടുക്കാതിരുന്നത് കടുത്ത ബാഹ്യസമ്മര്‍ദം മൂലമാണെന്ന് തൊഴിലാളികളും സംശയിക്കും. പ്രതിഷേധത്തിന്റെ അടുത്തപടിയായി ഫാക്ട് ഗേറ്റിനുമുന്നില്‍ തൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും കൂട്ട ഉപവാസമാണ് ഇനി നടക്കുക. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15നാണ് കൂട്ട ഉപവാസം. തൊഴിലാളികളുടെ നിരാഹാരസമരം 107-ാം ദിവസത്തിലേക്കു കടന്നു.

ഫാക്ട് മിക്സിങ് സെന്റര്‍ നിശ്ചലമായിട്ട് ഏഴുമാസം

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാശത്തിലേക്ക് നയിച്ച ഫാക്ടിന്റെ ആലപ്പുഴയിലെ മിക്സിങ് സെന്റര്‍ നിശ്ചലമായിട്ട് മാസം ഏഴ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ചില രാസപദാര്‍ഥങ്ങള്‍ ലഭ്യമല്ലാത്തതാണ് മിക്സിങ് യൂണിറ്റ് പ്രവര്‍ത്തിക്കാത്തതിന്റെ കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രവര്‍ത്തനമൂലധനം പോലുമില്ലാതെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതാണ് ഫാക്ടും അനുബന്ധ സ്ഥാപനങ്ങളും നിശ്ചലമാകാന്‍ കാരണമെന്ന വസ്തുത മറച്ചുവയ്ക്കുന്നു.

ആലപ്പുഴയില്‍ കല്ലുപാലത്തിന് സമീപമാണ് ഫാക്ട് കൃഷിസേവാകേന്ദ്രം ആന്‍ഡ് റീജിയണല്‍ മിക്സിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജിപ്സവും റോക്കുമടക്കം മിക്സ് ചെയ്ത് വളമാക്കിമാറ്റി പായ്ക്ക് ചെയ്യുന്ന ജോലിയാണ് ഇവിടെ നടന്നിരുന്നത്. ഫാക്ടിന്റെ പത്തനംതിട്ട, കൊട്ടാരക്കര, തിരുവനന്തപുരം ഗോഡൗണുകളില്‍ വളമെത്തിച്ചിരുന്നത് ഇവിടങ്ങളില്‍നിന്നാണ്. റബര്‍ കര്‍ഷകര്‍ക്കടക്കം ഫാക്ടിന്റെ വളം വിതരണം ചെയ്തിരുന്നു. വളത്തിന്റെ ലഭ്യത ഇല്ലാതായതോടെ റബര്‍ കര്‍ഷകരും പ്രതിസന്ധി നേരിടുകയാണ്. വളം പൊതുമാര്‍ക്കറ്റില്‍നിന്നും അന്യായവിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. ഫാക്ട് വളം സബ്സിഡിനിരക്കില്‍ ലഭിച്ചിരുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ആലപ്പുഴയിലെ മിക്സിങ് യൂണിറ്റില്‍ മിക്സിങ് നിലച്ചിട്ട് ഏഴുമാസമായെങ്കിലും ഓഫീസ് ജോലികള്‍ ചട്ടപ്പടി നടക്കുന്നുണ്ട്. തിങ്കളാഴ്ചയും ഇന്റേണല്‍ ഓഡിറ്റിങ് നടന്നു. കണക്കുകളുടെ "മിക്സിങ്ങാ"ണ് ഇപ്പോള്‍ നടക്കുന്നത്.

ലോഡിങ് രംഗത്ത് ഉള്‍പ്പെടെ ഇരുന്നുറോളം തൊഴിലാളികള്‍ക്ക് ഇവിടെ ജോലിയുണ്ടായിരുന്നു. മിക്സിങ് ജോലി ചെയ്യുന്നവര്‍ കരാര്‍തൊഴിലാളികളാണ്. ഏഴുമാസമായി പണിയില്ലാതായിട്ടും തൊഴിലാളികള്‍ മുണ്ടുമുറുക്കിയുടുത്ത് രാവിലെ മുതല്‍ കാത്തിരുന്നു മടങ്ങുകയാണ്. പുറം ഏര്‍പ്പാടുകള്‍ ഇല്ലാത്ത തൊഴിലാളികള്‍ പട്ടിണിയിലാണ്. പ്രവര്‍ത്തനം നിലയ്ക്കുന്നതിനോടനുബന്ധിച്ച് ചെയ്ത ജോലിയുടെ വേതനംപോലും നല്‍കിയിട്ടില്ല. കരാര്‍ തൊഴിലാളികളെ പിരിച്ചുവിടല്‍ ഭീഷണിയില്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ തൊഴിലാളികളും സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചതിനെതിരെ പ്രതികരിക്കാന്‍ മടിക്കുന്നു. ഫാക്ടിനെ രക്ഷിക്കാന്‍ 991 കോടിയുടെ പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സംഘടനകള്‍ കളമശേരിയില്‍ ഫാക്ടിന് മുന്നില്‍ 203 ദിവസമായി സത്യഗ്രഹം നടത്തുകയാണ്. 105 ദിവസമായി നിരാഹാരസമരവും നടക്കുന്നു. തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ ഹര്‍ത്താലും ആചരിച്ചു.

deshabhimani

No comments:

Post a Comment