Sunday, May 11, 2014

കൂട്ട ആത്മഹത്യയിലേക്കു നയിച്ചത് ബ്ലേഡുമാഫിയാ ഭീഷണിയും പൊലീസിന്റെ നിഷ്ക്രിയത്വവും

ബ്ലേഡ് മാഫിയയുടെ ഭീഷണി; തലസ്ഥാനത്ത് അഞ്ചംഗ കുടുംബം ജീവനൊടുക്കി

തിരു: ബ്ലേഡ് മാഫിയയുടെ ഭീഷണി സഹിക്കാനാകാതെ തലസ്ഥാനത്ത് അഞ്ചംഗ കുടുംബം ആത്മഹത്യചെയ്തു. കുടപ്പനക്കുന്ന് കിഴക്കേ മുക്കോലയ്ക്കുസമീപം ശിവജിനഗറില്‍ ശ്രീസായിവീട്ടില്‍ മനോഹരന്‍ ആശാരി (62), ഭാര്യ മഹേശ്വരി (54), മക്കളായ ബിജു (38), സജു (36), ബിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (27) എന്നിവരെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച പകല്‍ ഒന്നോടെയാണ് നാടിനെ നടുക്കിയ മരണവിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച രാവിലെയും ഇവരെ അയല്‍വാസികള്‍ കണ്ടിരുന്നു. പണം ആവശ്യപ്പെട്ട് ശനിയാഴ്ചയും ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് കുടുംബം ആത്മഹത്യചെയ്തതെന്ന് സംശയിക്കുന്നു. ബന്ധുക്കള്‍ക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും കത്ത് എഴുതിവച്ചിരുന്നു. അടുത്തബന്ധുവായ വിദ്യാര്‍ഥിനിക്ക് മരിക്കുന്നതായി കാണിച്ച് മൊബൈല്‍ഫോണില്‍ സന്ദേശവും അയച്ചു. ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചതിനെതുടര്‍ന്ന് കടബാധ്യതയില്‍പ്പെട്ട കുടുംബം പിന്നീട് ബ്ലേഡ് മാഫിയയുടെ പിടിയില്‍ അകപ്പെടുകയായിരുന്നു. പലരില്‍നിന്നും കടംവാങ്ങിയും ഓഹരിയില്‍ നിക്ഷേപിച്ചു. ബ്ലേഡില്‍ കുടുങ്ങിയതോടെ കടം കുമിഞ്ഞുകൂടി അഞ്ചരക്കോടി രൂപയോളമായി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലേഡ് മാഫിയയുടെ ഭീഷണിയായിരുന്നു.

മനോഹരന്റെ സഹോദരീപുത്രിക്കാണ്് ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് സൂചിപ്പിച്ച് ബിജു എസ്എംഎസ് അയച്ചത്. ക്ലാസിലായതിനാല്‍ സന്ദേശം ശ്രദ്ധിച്ചില്ല. ഇടവേളയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിദ്യാര്‍ഥിനി ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ എത്തിയപ്പോള്‍ വീട് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് മണ്ണന്തല പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സംഘം പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. മനോഹരനെ ഹാളിലെ കസേരയില്‍ ചാരിയിരിക്കുന്ന നിലയിലും സജുവിനെ നിലത്തുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടത്. ബിജുവും ഭാര്യ കൃഷ്ണേന്ദുവും കിടപ്പുമുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു. മഹേശ്വരി മറ്റൊരു കിടപ്പുമുറിയിലും. ഫ്യൂരിഡാന്‍ ഐസ്ക്രീമിലും മദ്യത്തിലും കലര്‍ത്തി കഴിച്ചാണ് ജീവനൊടുക്കിയത്. പൊലീസെത്തി പരിശോധിക്കുമ്പോള്‍ കൃഷ്ണേന്ദുവിന് ചെറിയ അനക്കമുണ്ടായിരുന്നു. കൃഷ്ണേന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റിയശേഷം, പരിശോധന നടത്തിയപ്പോള്‍ ബിജുവിന്റെ ശരീരത്തിലും അനക്കം കണ്ടു. ഉടന്‍ ബിജുവിനെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുപേരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും.

മനോഹരനും രണ്ടാമത്തെ മകന്‍ സജുവും മുമ്പ് ഗള്‍ഫിലായിരുന്നു. മൂത്തമകന്‍ ബിജുവിന് ഓഹരിവിപണിയില്‍ ഇടപാടുണ്ടായിരുന്നു. തൈക്കാട്ടെ ആനന്ദ് രാത്തി എന്ന സ്ഥാപനത്തില്‍ ഓഹരി ദല്ലാളായിരുന്നു ബിജു. 2013 മാര്‍ച്ചില്‍ സ്ഥാപനം തകര്‍ന്നതിനെതുടര്‍ന്ന് ഫോര്‍ച്ച്യൂണ്‍ എന്ന മറ്റൊരു കമ്പനിയിലായിരുന്നു ഇടപാട് നടത്തിക്കൊണ്ടിരുന്നത്. 2013 സെപ്തംബറിലായിരുന്നു ബിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം. വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം വേലുത്തമ്പിനഗര്‍ കൃഷ്ണഗിരിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളാണ് കൃഷ്ണേന്ദു.

സിറ്റി പൊലീസ് കമീഷണര്‍ എച്ച് വെങ്കിടേഷ് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കത്തില്‍ പേര് സൂചിപ്പിച്ച അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. ഇവരിലൊരാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു.

കൂട്ട ആത്മഹത്യയിലേക്കു നയിച്ചത് ബ്ലേഡുമാഫിയാ ഭീഷണിയും പൊലീസിന്റെ നിഷ്ക്രിയത്വവും

തിരു: ബ്ലേഡുമാഫിയാ ഭീഷണിയും ഓഹരിവിപണിയിലെ പണമിടപാടും പൊലീസിന്റെ നിഷ്ക്രിയത്വവും ഇല്ലാതാക്കിയത് ഒരു കുടുംബത്തെയൊന്നാകെ. പകല്‍ ഒന്നോടെ വാര്‍ത്ത പുറത്തറിഞ്ഞതും നാടൊന്നാകെ കിഴക്കേമുക്കോല ശിവജി നഗറിലേക്ക് ഒഴുകി. അഞ്ചരക്കോടിയോളം രൂപയാണ് പല ബ്ലേഡുകാരില്‍നിന്നായി കുടുംബം വാങ്ങിയത്. ഇതില്‍ ചിലര്‍ കഴിഞ്ഞദിവസങ്ങളില്‍ വീട്ടിലെത്തി മുതലും പലിശയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. മുക്കോല സ്വദേശിയായ ബോംബ് കണ്ണന്‍ എന്ന കണ്ണന്‍, ചെത്ത് സുരേന്ദ്രന്‍ എന്നിവരുടെ സംഘത്തില്‍പെട്ടവരാണ് വീട്ടിലെത്തി ഭീഷണിമുഴക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പായി രണ്ടു കോടി രൂപ നല്‍കണമെന്ന് ഇവരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തി. ശനിയാഴ്ച രാവിലെ പത്തരയ്ക്കാണ് അയല്‍ക്കാര്‍ കുടുംബത്തെ അവസാനം കണ്ടത്. പുറംലോകവുമായി ബിജുവും സജുവും അധികം ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

2013 സെപ്തംബറിലായിരുന്നു ബിജുവും വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം വേലുത്തമ്പി നഗറില്‍ കൃഷ്ണന്‍കുട്ടിയുടെയും ഗിരിജയുടെയും മകള്‍ കൃഷ്ണേന്ദുവുമായുള്ള വിവാഹം. വിവാഹത്തിനുമുമ്പുതന്നെ ബിജുവിന്റെ കുടുംബത്തിന് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായും അതേക്കുറിച്ച് വിവാഹശേഷമാണ് അറിയുന്നതെന്നും കൃഷ്ണേന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. 75 പവന്‍ വിവാഹസമയത്ത് കൊടുത്തിരുന്നു. മരുമകന്‍ കൊടുക്കാനുണ്ടായിരുന്ന രണ്ടു കോടി രൂപ ആവശ്യപ്പെട്ട് തന്നെയും ബ്ലേഡ് മാഫിയസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. എംബിഎക്കാരനായ ബിജു ഓഹരിവിപണിയില്‍ പണമിടപാട് നടത്തിയിരുന്നു. ഇതിനായി ലക്ഷങ്ങള്‍ പലരില്‍നിന്നായി നിക്ഷേപമെന്നനിലയില്‍ വാങ്ങി. ആദ്യകാലങ്ങളില്‍ ഇടപാട് മെച്ചമായിരുന്നെങ്കിലും പിന്നീട് മോശമായതോടെ കടം പെരുകി. താമസിച്ച വീടും 40 ലക്ഷം രൂപയ്ക്ക് ബ്ലേഡുകാര്‍ക്ക് പണയപ്പെടുത്തിയിരുന്നു. ഇത് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടും ബ്ലേഡുമാഫിയ ഭീഷണിപ്പെടുത്തി. മണ്ണന്തല പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടപടിയെടുക്കുന്നതിനുപകരം പരാതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ഡിസംബറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ വീടൊഴിയണമെന്ന് ബ്ലേഡുകാരും പൊലീസും കുടുംബത്തോട് ആവശ്യപ്പെട്ടു. ഹൃദ്രോഗിയായ മനോഹരന്റെ ചികിത്സയ്ക്കായി അയല്‍വാസികളില്‍നിന്നുവരെ പണം വാങ്ങിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ വീട്ടുചെലവിനുപോലും പണമില്ലാതായതോടെ മനോഹരന്‍ പുറംപണിക്കുപോയിരുന്നു. മനോഹരന്റെ സഹോദരിയുടെ മകള്‍ ഗായത്രി ഇവരുടെ കുടുംബത്തോടൊപ്പമാണ് കുറെനാള്‍ താമസിച്ചിരുന്നത്. ഗായത്രി ഇടപെട്ട് ബ്ലേഡുമാഫിയയില്‍ത്തന്നെ ഉള്‍പ്പെട്ടവരില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ സംഘടിപ്പിച്ചു നല്‍കുകയും 72 പവന്റെ ആഭരണങ്ങള്‍ പണയംവയ്ക്കാന്‍ നല്‍കുകയുംചെയ്തു. ബ്ലേഡുകാരില്‍നിന്ന് ഗായത്രിക്കും ഭീഷണിയുണ്ട്.

എന്‍ എസ് സിക്കന്തര്‍ജാന്‍ deshabhimani

No comments:

Post a Comment