Sunday, May 11, 2014

തമിഴ്നാട് ജലനിരപ്പ് ഉടന്‍ ഉയര്‍ത്തും

കുമളി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് നടപടി തുടങ്ങി. സ്പില്‍വേകളില്‍ 142 അടി ഉയരത്തില്‍ തമിഴ്നാട് ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച എത്തി അടയാളപ്പെടുത്തി. അണക്കെട്ടിന്റെ വശത്തെ 136 അടിയില്‍ സ്ഥാപിച്ച സ്പില്‍വേ ഷട്ടറുകളുടെ ഭിത്തിയിലാണ് 142 അടി ഉയരത്തില്‍ സ്കെയില്‍ ഉപയോഗിച്ച് അളന്ന് രേഖപ്പെടുത്തിയത്. അണക്കെട്ടിന് 13 സ്പില്‍വേ ഷട്ടറുകളാണുള്ളത്. ഇതിന്റെ 14 ഭിത്തികളിലും 142 അടി ഉയരത്തില്‍ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തി.

കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചില്ല. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം കൊണ്ടുപോകുന്ന പ്രധാന തോടായ 18-ാം കനാലിന്റെ നീളം കൂട്ടാനും നടപടി തുടങ്ങി. 18-ാം കനാല്‍ ബോഡിനായ്ക്കന്നൂര്‍വരെ നീട്ടണമെന്ന ആവശ്യം മുമ്പേയുണ്ട്. ലോവര്‍ക്യാമ്പ് മുതല്‍ തേവാരം വരെയുള്ള ഭീമന്‍ കനാല്‍ തേവാരത്ത് നിന്നും 20 കിലോമീറ്റര്‍ അകലെ ബോഡി കൊട്ടക്കുടി ആറുമായി ബന്ധിപ്പിക്കാനും തമിഴ്നാട് സര്‍ക്കാരിന് പരിപാടിയുണ്ട്. 40 കിലോമീറ്റര്‍ നീളമുള്ള 18-ാം കനാലില്‍ 44 ഭീമന്‍ കുളങ്ങളുണ്ട്. കനാല്‍ തേവാരത്ത് നിന്നും നായ്ക്കന്നൂര്‍വരെ നീട്ടുന്നതിലൂടെ സംഭരണശേഷി ഒരു ടിഎംസിയില്‍നിന്ന് രണ്ട് ടിഎംസി ആയി ഉയര്‍ത്താന്‍ കഴിയും. തേനി ജില്ലയിലെ 75 ഗ്രാമങ്ങളിലെ 14000ല്‍ പരം ഏക്കര്‍ പ്രദേശത്തേക്കാണ് 18-ാം കനാലിലൂടെ വെള്ളം ഒഴുക്കുന്നത്്.

ഇതിനിടെ, പുതിയ അണക്കെട്ട് വേണ്ടെന്ന സുപ്രീംകോടതി വിധിയോടെ അണക്കെട്ടിനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുമളിയില്‍ തുടങ്ങിയ "മുല്ലപ്പെരിയാര്‍ ന്യൂ ഡാം ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്" കേരളം അടച്ചുപൂട്ടും. സര്‍ക്കാരിന്റെ ഉത്തരവ് കാത്തിരിക്കുകയാണെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. വിധി കേരളത്തിന് എതിരായതോടെ ഈ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേകളും പാറ തുളച്ചുള്ള ബോര്‍ഹോള്‍ സാമ്പിളുകളും പാഴായി. പുതിയ അണക്കെട്ട് ലക്ഷ്യമിട്ടാണ് 2007 നവംബര്‍ 19ന് കുമളിയില്‍ ഓഫീസ് തുടങ്ങിയത്. അണക്കെട്ടിന് നിശ്ചയിച്ച പ്രദേശത്തെ പാറയുടെ ഉറപ്പ് കണ്ടെത്താന്‍ 13 ഇടത്ത് ബോര്‍ഹോള്‍ നിര്‍മിച്ച് സാമ്പിള്‍ ശേഖരിച്ചു. സാമ്പിള്‍ കുമളി ഓഫീസില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. കട്ടപ്പന ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കായിരുന്നു കുമളി ഓഫീസിന്റെയും ചുമതല. ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, മൂന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍, നാല് ഓവര്‍സീയര്‍, ഒരു ക്ലര്‍ക്ക്, ഒരു പ്യൂണ്‍ എന്നിവരായിരുന്നു ഓഫീസിന് കീഴിലുണ്ടായിരുന്നത്.

മുല്ലപ്പെരിയാര്‍ സബ് ഡിവിഷനിലെ എട്ടംഗ സംഘം വിശ്രമരഹിതമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് 350 കോടി ചെലവ് പ്രതീക്ഷിക്കുന്ന, കേരള പെരിയാര്‍ ഡാമിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയത്. അണക്കെട്ടിന്റെ ചുമതലയുള്ള എക്സി. എന്‍ജിനിയര്‍ ജോര്‍ജ് ഡാനിയേലിന്റെ നേതൃത്വത്തിലാണ് ഇത് തയാറാക്കിയത്. 720 മീറ്റര്‍ നീളവും 54 മീറ്റര്‍ ഉയരവുമാണ് പുതിയ അണക്കെട്ടിന് നിശ്ചയിച്ചിരുന്നത്.

കെ എ അബ്ദുള്‍ റസാഖ് deshabhimani

No comments:

Post a Comment