Sunday, May 11, 2014

ഫാക്ട്: എറണാകുളത്ത് നാളെ ഹര്‍ത്താല്‍

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ വ്യവസായസ്ഥാപനമായ ഫാക്ടിനെ രക്ഷിക്കാന്‍ 991 കോടി രൂപയുടെ പുനരുദ്ധാരണ പായ്ക്കേജിന് ഉടന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലിന് വിവിധ രാഷ്ട്രീയപാര്‍ടികളും വര്‍ഗ ബഹുജന സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്കും ട്രെയിന്‍ പിക്കറ്റിങ്ങും ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി ജനലക്ഷങ്ങള്‍ അണിനിരക്കും. 12ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 11ന് അര്‍ധരാത്രി 12 മുതല്‍ 13ന് അര്‍ധരാത്രിവരെ 24 മണിക്കൂര്‍ ജില്ലയിലെ എല്ലാ വിഭാഗം തൊഴിലാളികളും പണിമുടക്കും.

12ന് രാവിലെ 10 മുതല്‍ കളമശേരി റെയില്‍വേസ്റ്റേഷനു സമീപമാണ് ട്രെയിന്‍ ഉപരോധം. സേവ് ഫാക്ട് ആക്ഷന്‍കമ്മിറ്റിയുടെയും ജില്ലാ ട്രേഡ്യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍. ഹര്‍ത്താലും പണിമുടക്കും ഉപരോധവും വിജയിപ്പിക്കാന്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുരളീധരന്‍ എംഎല്‍എയും കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ളയും അഭ്യര്‍ഥിച്ചു. ഫാക്ടിലെ മൂവായിരത്തോളം ജീവനക്കാരെ പ്രതിനിധാനം ചെയ്ത് എട്ട് തൊഴിലാളി യൂണിയനുകളും മാനേജര്‍മാരുടെ മൂന്ന് സംഘടനകളും ഉള്‍പ്പെട്ടതാണ് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി.

പ്രതിസന്ധി രൂക്ഷമായിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി 202 ദിവസമായി സത്യഗ്രഹസമരത്തിലാണ്. പുനരുദ്ധാരണപായ്ക്കേജ് അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തുന്ന നിരാഹാരസമരം 104-ാം ദിവസത്തിലേക്കു കടന്നു. ഫാക്ടിനെ നാശത്തിലേക്ക് തള്ളിവിട്ടകേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ താക്കീതുകൂടിയാകും ഹര്‍ത്താല്‍.

രാസവളനിര്‍മാണത്തിലെ അസംസ്കൃത വസ്തുവായ നാഫ്തയ്ക്ക് വില കയറിയതോടെയാണ് ഫാക്ട്് അഭിമുഖീകരിക്കുന്ന പ്രതിസന്ധി രൂക്ഷമായത്. ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനം കമ്പനിയെ നഷ്ടത്തിലേക്ക് തള്ളി. എല്‍എന്‍ജി ഉപയോഗിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ നാഫ്തയ്ക്കു നല്‍കിയിരുന്ന സബ്സിഡി നിര്‍ത്തലാക്കി. അമോണിയം, കാപ്രോലാക്ടം, യൂറിയ പ്ലാന്റുകള്‍ പൂട്ടിക്കിടക്കുകയാണ്. ഒന്നരവര്‍ഷത്തിനിടെ 2013 ഒക്ടോബര്‍വരെ നാഫ്ത ഉപയോഗിച്ചതിലുള്ള സബ്സിഡി തുകയായ 143 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എല്‍എന്‍ജി അധിഷ്ഠിത പദ്ധതി നിലവിലെ സാഹചര്യത്തില്‍ ലാഭകരമല്ലെന്ന കാരണത്താലാണ് പുനരുദ്ധാരണത്തിനുള്ള 7000 കോടിയുടെ പാക്കേജ് തള്ളി കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ പുനരുദ്ധാരണത്തിനുള്ള കമ്മിറ്റി (ബിആര്‍പിസി) ഫാക്ടിന് 991.9 കോടി രൂപ അടിയന്തരമായി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്. അനുകൂല തീരുമാനം എടുക്കാതെ കേന്ദ്രമന്ത്രിസഭയും സമ്മര്‍ദം ചെലുത്താതെ യുഡിഎഫ് സര്‍ക്കാറും ഫാക്ടിനെ വഞ്ചിച്ചു. 16 രൂപയ്ക്കാണ് ഫാക്ട് ഒരു കിലോഗ്രാം വളം കര്‍ഷകന് നല്‍കുന്നത്. ഒരുകിലോ വളം ഉണ്ടാക്കാനുള്ള ചെലവ് 32 രൂപയും. സര്‍ക്കാര്‍ ഫാക്ടിന് നല്‍കുന്ന സബ്സിഡി എട്ട് രൂപ. ഓരോ കിലോയ്ക്കും എട്ട് രൂപയുടെ നഷ്ടം.

deshabhimani

No comments:

Post a Comment