Wednesday, May 14, 2014

മലാപ്പറമ്പ് എയുപി സ്കൂള്‍ പുനര്‍ നിര്‍മാണം അന്തിമ ഘട്ടത്തില്‍

കോഴിക്കോട്: മാനേജര്‍ തകര്‍ത്ത മലാപ്പറമ്പ് എയുപി സ്കൂള്‍ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍. ജനകീയ കൂട്ടായ്മയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ചുമര്‍ നിര്‍മാണം പൂര്‍ത്തിയായി. സിമന്റ് പ്ലാസ്റ്ററിങ് 80 ശതമാനവും പൂര്‍ത്തീകരിച്ചു. ഒരാഴ്ചയ്ക്കകം ഇരുമ്പിന്റെ മേല്‍ക്കൂര സ്ഥാപിച്ച് അതിനു മുകളില്‍ ഓടിടും. ഏപ്രില്‍ 10ന് അര്‍ധരാത്രിയാണ് സ്കൂള്‍ തകര്‍ത്തത്. 13ന് പുനര്‍നിര്‍മാണം തുടങ്ങി. 18.5 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. വിവിധ സംഘടനകളും വ്യക്തികളും എട്ടുലക്ഷത്തോളം രൂപ സംഭാവന നല്‍കി. എസ്എഫ്ഐ നിര്‍മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. കെഎസ്ടിഎ സമാഹരിച്ച രണ്ടുലക്ഷം രൂപ ബുധനാഴ്ച സ്കൂള്‍ സംരക്ഷണ സമിതിക്ക് കൈമാറും. ഫര്‍ണിച്ചറുകളും മറ്റ് സാധനസാമഗ്രികളും വിവിധ വിഭാഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനത്തിന് തയ്യാറായിട്ടുണ്ട്. സ്കൂള്‍ പൂട്ടാനുള്ള അനുമതി റദ്ദാക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് സ്കൂള്‍ സംരക്ഷണ സമിതി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവര്‍ക്ക് നിവേദനം നല്‍കി.

സാംസ്കാരിക സദസ്സ് ഇന്ന്

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്കൂള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ച സാംസ്കാരിക ഫാസിസത്തില്‍ ജനകീയപ്രതിഷേധവുമായി ബുധനാഴ്ച സാംസ്കാരികസദസ്സ്. കെഎസ്ടിഎ ജില്ലാകമ്മിറ്റിയാണ് കലാ-സാംസ്കാരിക ലോകത്തെ പ്രമുഖരെ അണിനിരത്തി പുതുമയാര്‍ന്ന പ്രതിഷേധം സംഘടിപ്പിക്കുന്നത്. സ്കൂള്‍ പുനര്‍നിര്‍മാണത്തിനുള്ള അധ്യാപക പ്രസ്ഥാനത്തിന്റെ സംഭാവന ചടങ്ങില്‍ കൈമാറും. എഴുത്തുകാര്‍, കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍, സാമൂഹ്യ-യുവജന-വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ പങ്കെടുക്കും. വിദ്യാലയങ്ങള്‍ പൊളിച്ചടുക്കാനുള്ളവയല്ല, സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ളവയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി. പകല്‍ മൂന്നിന് മലാപ്പറമ്പ് എയുപി സ്കൂള്‍ അങ്കണത്തില്‍ എം ടി വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്യും. മലാപ്പറമ്പ് സ്കൂള്‍ പുനര്‍നിര്‍മാണത്തിന് സംസ്ഥാന കമ്മിറ്റി സമാഹരിച്ച രണ്ടുലക്ഷം രൂപ ചടങ്ങില്‍ കൈമാറും. മേയര്‍ എ കെ പ്രേമജം, എ പ്രദീപ്കുമാര്‍ എംഎല്‍എ, യു എ ഖാദര്‍, കെ ഇ എന്‍, പി വത്സല, പി കെ ഗോപി തുടങ്ങിയവര്‍ സംസാരിക്കും.

deshabhimani

No comments:

Post a Comment