Wednesday, May 14, 2014

മാനേജരെ അറസ്റ്റുചെയ്യണം: എസ്എഫ്ഐ

പൊളിച്ചത് പൈതൃക കെട്ടിടം

ബാലരാമപുരം: സ്കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പള്ളിച്ചല്‍ എസ്ആര്‍എസ് യുപി സ്കൂളിലെ പൈതൃക കെട്ടിടം പൊളിച്ചുനീക്കിയത് വിവാദത്തില്‍. ലാബ്, ലൈബ്രറി, ക്ലാസ് റൂം എന്നിവ പ്രവര്‍ത്തിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടമാണ് മാനേജരുടെ നേതൃത്വത്തില്‍ പൊളിച്ചടുക്കിയത്. സ്കൂള്‍ വളപ്പിലെ എസ്കെ പബ്ലിക് സ്കൂളിന് ടാറിട്ട റോഡ് നിര്‍മിക്കാനാണ് കെട്ടിടം പൊളിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എയ്ഡഡ് സ്കൂളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ചുമതലപ്പെട്ട മാനേജര്‍ നിയമപരമായുള്ള നടപടി പൂര്‍ത്തിയാക്കാതെയാണ് സ്കൂള്‍ പൊളിച്ചത്. 2013 ഡിസംബര്‍ 13നു ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ അനുവാദം നല്‍കിയെന്നാണ് സ്കൂള്‍ മാനേജര്‍ കുമരേശന്റെ വാദം. എന്നാല്‍, പൈതൃകകെട്ടിടം ഉപയോഗയോഗ്യമല്ലെന്നും കെട്ടിടം പൊളിച്ചുമാറ്റി പകരം കെട്ടിടം നിര്‍മിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നുമാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറയുന്നത്. പുതിയ കെട്ടിടം നിര്‍മിച്ച് കുട്ടികളുടെ പഠനസൗകര്യം ഒരുക്കാന്‍ തയ്യാറാകാതെ മാനേജര്‍ തന്റെ അണ്‍എയ്ഡഡ് സ്കൂളിലേക്ക് വഴിയൊരുക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി സ്കൂളിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചതെന്ന് അറിയുന്നു.

1949ല്‍ നരുവാമൂട് കൊപ്രാപ്പുര കൃഷ്ണപ്പണിക്കരുടെ വീട്ടില്‍ ആരംഭിച്ച സ്കൂളാണ് 1969ല്‍ പള്ളിച്ചല്‍ എസ്ആര്‍എസ് യുപി സ്കൂളായി മാറിയത്. 1999ല്‍ ഇപ്പോഴത്തെ മാനേജര്‍ സ്കൂള്‍ ഉള്‍പ്പെടുന്ന 1.96 സെന്റ് ഭൂമി സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന എസ് രാമകൃഷ്ണന്റെ മകനില്‍നിന്ന് വിലയ്ക്ക് വാങ്ങി. പിന്നീട് ഇതോടനുബന്ധിച്ച് രണ്ടേക്കര്‍ സ്ഥലം വിലയ്ക്ക് വാങ്ങി അണ്‍എയ്ഡഡ് സ്കൂള്‍ സ്ഥാപിച്ചു. പുരസ്കാരത്തിളക്കത്തിനു പിന്നാലെ സ്കൂള്‍ പൊളിക്കലും. ജില്ലയിലെ ഏറ്റവുംമികച്ച സ്വകാര്യവിദ്യാലയങ്ങളിലൊന്നായ പള്ളിച്ചല്‍ എസ്ആര്‍എസ് യുപി സ്കൂള്‍ നേടിയെടുക്കാത്ത പുരസ്കാരങ്ങളില്ല. 1997 മുതല്‍ ഈ സ്കൂള്‍ നേടിയ അവാര്‍ഡുകള്‍ എണ്ണമറ്റതാണ്. ഏറ്റവുമൊടുവില്‍ 2013 ഡിസംബര്‍ 13 മുതല്‍ 18 വരെ ഗുജറാത്തിലെ സയന്‍സ് സിറ്റിയില്‍ നടന്ന ദേശീയ ക്യാമ്പില്‍ സ്കൂള്‍ പ്രതിനിധികളായി ഫ്രീജോ ഫ്രാന്‍സിസും നന്ദഗോപാലും പങ്കെടുത്തിരുന്നു. അമ്പതിലേറെ കുട്ടികള്‍ ഈ വര്‍ഷവും അഞ്ചാം ക്ലാസില്‍ പ്രവേശനം തേടിയെത്തി. കുട്ടികളുടെ അക്കാദമിക് മികവ് ലക്ഷ്യമാക്കി ശിശുസൗഹൃദ ക്ലാസ്മുറികള്‍ സ്ഥാപിച്ചശേഷം മാത്രമേ സ്കൂള്‍ പൊളിക്കാവൂ എന്ന നിയമം മാനേജര്‍ കാറ്റില്‍പറത്തിയെന്ന് കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ പി സന്തോഷ്കുമാര്‍ പറഞ്ഞു. നിലവിലുള്ള എല്ലാ കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കാനുള്ള ക്ലാസ്മുറികള്‍ അടിയന്തരമായി നിര്‍മിക്കാത്തപക്ഷം വമ്പിച്ച പ്രക്ഷോഭത്തിന് കെഎസ്ടിഎ രൂപംനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ നേതാക്കളായ കെ പി സന്തോഷ്കുമാര്‍, സി പി സജീവ്ദത്ത്, കെ റെജി, എം എസ് മന്‍സൂര്‍, എം ആര്‍ സുധീര്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. എന്നാല്‍, എല്ലാവിധ നിയമനടപടിയും പൂര്‍ത്തിയാക്കിയശേഷമാണ് സ്കൂള്‍ കെട്ടിടം പൊളിച്ചതെന്ന് മാനേജര്‍ എസ് കുമാരേശന്‍ പറഞ്ഞു.

മാനേജരെ അറസ്റ്റുചെയ്യണം: എസ്എഫ്ഐ

തിരു: പള്ളിച്ചല്‍ പഞ്ചായത്തിലെ എസ്ആര്‍എസ് യുപി സ്കൂള്‍, മാനേജരുടെ നേതൃത്വത്തില്‍ ഇടിച്ചുനിരത്തിയതില്‍ എസ്എഫ്ഐ പ്രതിഷേധിച്ചു. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യസ്കൂളായ എസ്കെ പബ്ലിക് സ്കൂളില്‍ വിദ്യാഭ്യാസക്കച്ചവടം നടത്തുന്നതിനുവേണ്ടിയാണ് നരുവാമൂട് പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ആശ്രയമായ സ്കൂള്‍മന്ദിരം ഇടിച്ചുനിരത്തിയതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സ്കൂള്‍മന്ദിരം തകര്‍ത്ത മാനേജരെയും കൂട്ടാളികളെയും അറസ്റ്റുചെയ്യുന്നതോടൊപ്പം, ഈ പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായ സ്കൂള്‍ പുനഃസ്ഥാപിക്കണമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം ആര്‍ സിബിയും സെക്രട്ടറി എ എം അന്‍സാരിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment