Sunday, May 11, 2014

റൂസ: പദ്ധതിറിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല

കേന്ദ്രാവിഷ്കൃത ഉന്നതവിദ്യാഭ്യാസ പരിപാടിയായ "റൂസ" മുഖേന ഉന്നതവിദ്യാഭ്യാസമേഖലയിലെ വികസനത്തിന് ഫണ്ട് ലഭിക്കുന്നതിനുള്ള പദ്ധതിറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് കോടികളുടെ കേന്ദ്രവിഹിതവും നഷ്ടമായി. ഉന്നതവിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമിക്- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് ദേശീയ ഉന്നതവിദ്യാഭ്യാസ പരിപാടിക്ക് (റൂസ) കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം തുടക്കമിട്ടത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനെ പാര്‍ശ്വവല്‍ക്കരിച്ചാണ് കേന്ദ്രം പുതിയ പദ്ധതി തുടങ്ങിയതെങ്കിലും ഫണ്ട് ലഭ്യമാകുമെന്നതാണ് നേട്ടമായി കാണുന്നത്. സംസ്ഥാന സര്‍ക്കാരാകട്ടെ ഈ അവസരവും പാഴാക്കി.

പദ്ധതിയുടെ തുടക്കമെന്നനിലയില്‍ കേന്ദ്രം അനുവദിച്ച 2.6 കോടി രൂപ വിനിയോഗിക്കാത്തതിനുപുറമെയാണ് കഴിഞ്ഞ അധ്യയനവര്‍ഷംമുതല്‍ കിട്ടുമായിരുന്ന സഹായവും സര്‍ക്കാരും ഉന്നതവിദ്യാഭ്യാസവകുപ്പും നഷ്ടപ്പെടുത്തിയത്. പദ്ധതിറിപ്പോര്‍ട്ട് നല്‍കിയ ഏഴ് സംസ്ഥാനങ്ങള്‍ക്കായി കഴിഞ്ഞ അധ്യയനവര്‍ഷത്തെ ധനസഹായമായി കണക്കാക്കി 2500 കോടി രൂപയാണ് നല്‍കിയത്. കേരളവും പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും കിട്ടുമായിരുന്നു. കോടികള്‍ നഷ്ടപ്പെട്ടതിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ പുതുതായി തുടങ്ങുമെന്ന് പ്രഖ്യാപിച്ച നാല് മോഡല്‍ കോളേജുകള്‍ തുടങ്ങുന്ന കാര്യം ഉള്‍പ്പെടെ എല്ലാം അനിശ്ചിതത്വത്തിലുമായി. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ചില സ്വകാര്യകോളേജുകളെ സ്വയംഭരണസ്ഥാപനങ്ങളാക്കി ഫണ്ട് തട്ടിയെടുക്കാനുള്ള ഗൂഢാലോചനകള്‍ നടന്നതല്ലാതെ പദ്ധതിനിര്‍വഹണത്തിന് ഒന്നുംചെയ്യാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പോ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലോ ഇനിയും തയ്യാറായിട്ടില്ല.

റൂസ നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ നിയോഗിച്ചതോടെയാണ് മൂപ്പിളമത്തര്‍ക്കം മൂത്തതും പദ്ധതി അവതാളത്തിലാക്കിയതും. ഒടുവില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ രാജിഭീഷണി മുഴക്കിനില്‍ക്കുകയാണ്. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള സമിതിയിലേക്ക് കൗണ്‍സില്‍ 24 പേരെ ശുപാര്‍ശചെയ്തപ്പോള്‍ അതില്‍നിന്ന് 12 പേരെ സര്‍ക്കാര്‍ ഒഴിവാക്കി. പകരം സ്വന്തക്കാരായ 12 പേരെ തിരുകിക്കയറ്റി. സമിതി രൂപീകരണത്തിന് അനുമതി നല്‍കാതെ നീട്ടുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ താല്‍ക്കാലിക പദ്ധതിറിപ്പോര്‍ട്ട്, ഇതിന് പ്രതികാരമായി കൗണ്‍സില്‍ അംഗീകരിച്ചില്ല. ഓരോകോളേജിനും പദ്ധതികള്‍ തയ്യാറാക്കാന്‍ കൗണ്‍സില്‍ തയ്യാറാക്കിയ പരിപാടിക്ക് ഉന്നതവിദ്യാഭ്യാസവകുപ്പും ഉടക്കുവച്ചു.

deshabhimani

No comments:

Post a Comment