Friday, May 16, 2014

ഇല്ലാത്ത പ്രൊഫസര്‍പദവിയില്‍ സീമാറ്റ് ഡയറക്ടര്‍

പ്രൊഫസര്‍ അല്ലാതിരുന്നിട്ടും പേരിനൊപ്പം പ്രൊഫസര്‍പദവി അലങ്കാരമാക്കി കൊണ്ടുനടക്കുന്ന സീമാറ്റ് ഡയറക്ടര്‍ ഡോ. ഇ വത്സലകുമാറിനെതിരെ നടപടിയില്ല. ഭരണത്തണലില്‍ അഴിമതിയും ധൂര്‍ത്തും നടക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിങ് (സീമാറ്റ്) മേധാവിയാണ് പ്രസിദ്ധീകരണങ്ങളിലും വാഹനത്തിലും ഓഫീസ് ബോര്‍ഡിലുമെല്ലാം പേരിനൊപ്പം പ്രൊഫസര്‍ എന്നുകൂടി ചേര്‍ത്ത് വിലസിയത്. പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനാനുള്ള പഠനഗവേഷണ സ്ഥാപനമായ സീമാറ്റിന്റെ മേധാവിതന്നെ ഇല്ലാത്ത പദവി പേരിനൊപ്പം ചേര്‍ത്തത് പഴയ സഹപ്രവര്‍ത്തകര്‍ കണ്ടെത്തി സര്‍ക്കാരിന് പരാതി അയച്ചെങ്കിലും മന്ത്രിയുടെ അഴിമതിക്ക് ഒത്താശക്കാരനായതിനാല്‍ നടപടിയില്ല. നേരത്തെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്ന വത്സലകുമാറിന് ഡോക്ടറേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ പദവി വ്യാജമായി സ്വയം സൃഷ്ടിച്ച് പ്രചരിപ്പിച്ചാല്‍ ക്രിമിനല്‍ കുറ്റമാണ്. അതും പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ അങ്ങനെ ചെയ്താല്‍ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനുമല്ല. എന്നാല്‍, ഡയറക്ടറെ സംരക്ഷിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടത്.

വര്‍ഷംതോറും കോടികള്‍ ചെലവഴിച്ച് സീമാറ്റില്‍ സെമിനാറുകളും ചര്‍ച്ചകളും ഗവേഷണങ്ങളും സംഘടിപ്പിക്കാറുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ വന്നതില്‍പ്പിന്നെ പണം ചെലവഴിക്കുന്നതല്ലാതെ പല പരിപാടികളും സംഘടിപ്പിക്കാറില്ല. വ്യാജ വൗച്ചറുകളും കണക്കുകളും സൃഷ്ടിച്ച് വന്‍ അഴിമതിയാണ് ഈ സ്ഥാപനത്തില്‍ നടക്കുന്നത്. 2012, 2013 വര്‍ഷങ്ങളില്‍ സീമാറ്റ് മുഖേന ചെലവഴിച്ച പണത്തിന്റെ കണക്കുപോലും വിവരാവകാശ നിയമപ്രകാരം കൃത്യമായി നല്‍കാന്‍ സ്ഥാപനത്തിനായിട്ടില്ല. സ്കൂള്‍ വിദ്യാഭ്യാസ മാനേജ്മെന്റ് കാര്യക്ഷമമാക്കാനെന്ന പേരില്‍ സീമാറ്റ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ അവഹേളിക്കുന്നതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് നിലവാരമില്ലാത്തതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് പോകുന്നതെന്നായിരുന്നു സീമാറ്റ് കണ്ടെത്തല്‍. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍പോലും സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളിലുണ്ടെന്ന കാര്യം മറച്ചുവച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സീമാറ്റിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഗൗനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരാതിക്കാര്‍.

deshabhimani

No comments:

Post a Comment