Wednesday, May 14, 2014

ആള്‍ദൈവങ്ങളെ തുറന്നുകാട്ടി സംവാദം

കണ്ണൂര്‍: നവോത്ഥാന നേട്ടങ്ങള്‍ തകര്‍ത്ത് കേരളത്തിനെ ഇരുണ്ട കാലത്തേക്ക് തള്ളുന്ന ഗൂഢനീക്കങ്ങള്‍ തുറന്നുകാട്ടി "ദൈവം, ആള്‍ദൈവം, അവിശ്വസം, അന്ധവിശ്വാസം" സംവാദം. ഡിവൈഎഫ്ഐയും പുരോഗമന കലാസാഹിത്യ സംഘവും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി വിശ്വാസം ചൂഷണം ചെയ്യുന്നവരെ പൊളിച്ചടുക്കി. ആള്‍ദൈവങ്ങളുടെ തന്ത്രങ്ങളും കച്ചവടതാല്‍പ്പര്യങ്ങളും രഹസ്യങ്ങളുമെല്ലാം സംവാദം വെളിച്ചത്തുകൊണ്ടുവന്നു. ടൗണ്‍ സ്ക്വയറില്‍ നിറഞ്ഞ സദസിന് മുന്നില്‍ സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്തു.

ആഗോളാടിസ്ഥാനത്തില്‍ കോര്‍പറേറ്റുകളുടെ ബുദ്ധിയാണ് "അമ്മയെ" ബ്രാന്‍ഡ് ചെയ്യുന്നതിന് പിന്നില്‍. ധര്‍മശാസ്ത്രത്തെപോലും ഇക്കൂട്ടര്‍ കച്ചവടവല്‍ക്കരിക്കുന്നു. വൃദ്ധസദനത്തിലേക്ക് ആളുകളെ അയയ്ക്കുന്നത് എന്ന് പരിശോധിച്ചാല്‍ മാതൃത്വത്തെ കച്ചവടവല്‍ക്കരിച്ചോയെന്നറിയാന്‍ കഴിയും. മതത്തിന്റെ ലേബല്‍ ഒട്ടിച്ചാല്‍ കച്ചവടം സുരക്ഷിതമായി. സമൂഹത്തിന്റെ ചിന്താശേഷിപോലും ആള്‍ദൈവങ്ങള്‍ തുരന്നെടുക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യംപോലും ചോദ്യം ചെയ്യപ്പെടുകയാണ്. പ്രപഞ്ചസത്യത്തെ അന്വേഷിക്കുന്ന അന്വേഷകന്മാരെ ഫാസിസ്റ്റുകള്‍ ഉന്മൂലനം ചെയ്യുന്നു. ശിശുവിന് മാതൃഗര്‍ഭത്തില്‍ കഴിയാനുള്ള സമയംപോലും അന്ധവിശ്വാസികള്‍ നിഷേധിക്കുന്നു. സ്വന്തം അമ്മയെ തള്ളേയെന്നും ആശ്രമത്തില്‍ വരിനിന്ന് അമ്മേ അമ്മേയെന്ന് വിളിക്കുന്ന മലയാളി മാറേണ്ടതാണെന്ന തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. സാംസ്കാരിക ഫാസിസത്തിനെതിരെ പ്രതികരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഭരണഘടനയേയും ജനാധിപത്യത്തെയും ഒരുവിഭാഗം സന്യാസികള്‍ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൊന്ന്യം ചന്ദ്രന്‍ അധ്യക്ഷനായി. ജിനേഷ്കുമാര്‍ എരമത്തിന്റെ "ആള്‍ദൈവങ്ങളുടെ അടിവേരുകള്‍" പുസ്തകം പി ജയരാജന്‍ ഡോ. എ കെ നമ്പ്യാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പി പി ദിവ്യ, പി സന്തോഷ്, ബിജു കണ്ടക്കെ, കെ വി സുമേഷ്, എം കെ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. ബിനോയ് കുര്യന്‍ സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment