ന്യൂഡൽഹി: സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ നേതൃപരമായ പങ്ക് വഹിക്കുകയും തന്ത്രപരമായ കാഴ്‌ചപ്പാട് സ്വീകരിക്കുകയും ചെയ്യുന്ന മികച്ച സംസ്ഥാനത്തിനുള്ള കേന്ദ്ര അംഗീകാരം കേരളത്തിന്. വാണിജ്യമന്ത്രാലയവും വ്യവസായ പ്രോത്സാഹനവകുപ്പും ചേർന്ന് പ്രസിദ്ധീകരിച്ച 2019ലെ പട്ടികയിൽ "ടോപ് പെർഫോമർ' സ്ഥാനം കേരളം കർണാടകത്തിനൊപ്പം പങ്കിട്ടു. ഏറ്റവും മികച്ച സംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തു.
പുത്തനാശയമുള്ള, 100 കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ള സ്റ്റാർട്ടപുകളുടെ പ്രവര്‍ത്തനവും മികവും വിലയിരുത്തിയാണ് പട്ടിക. സ്റ്റാർട്ടപ്പുകള്‍ക്ക് സംസ്ഥാനങ്ങൾ നൽകുന്ന സ്ഥാപനപരമായ സഹായം, നിയന്ത്രണങ്ങളിലെ ഇളവ്, ഫണ്ടും അസംസ്‌കൃതവസ്‌തുക്കളും ലഭ്യമാക്കാനുള്ള സഹായം, അവബോധം സൃഷ്ടിക്കൽ തുടങ്ങിയവ നോക്കിയാണ് റാങ്ക് നിർണയിച്ചത്. ഗുണഭോക്താക്കളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പ്രകടനം നിശ്ചയിച്ചത്.
മാർഗനിർദേശം നൽകാൻ ശേഷിയുള്ള വ്യക്തികളെ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെടുത്തുന്ന മികച്ച ഓൺലൈൻ സംവിധാനം കേരളത്തിലുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഗൂഗിൾ ക്ലൗഡ്, ആമസോൺ വെബ് സർവീസസ്, ക്ലിയർടാക്‌സ് തുടങ്ങിയ സാങ്കേതികവിദ്യാ ദാതാക്കളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും സേവനം കേരള സ്റ്റാർട്ടപ് മിഷൻ ലഭ്യമാക്കുന്നു. നിക്ഷേപകർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ സുതാര്യവും ഫലപ്രദവുമായ മാർഗം ആവിഷ്‌കരിച്ചിട്ടുണ്ട്.
കംപ്യൂട്ടർ ഹാർഡ്‌വെയർ, റോബോട്ടിക്‌സ്, ആരോഗ്യപരിരക്ഷ, ഗ്രാമീണവികസനം എന്നീ മേഖലകളിൽ കേരളത്തിൽ ശ്രദ്ധേയ സംരംഭമുണ്ടായി.
സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ ആറുമാസത്തിൽ 200 യോഗം സംഘടിപ്പിച്ചു. കെഎസ്‌ഐഡിസി കൊച്ചിയിൽ നടത്തിയ നിക്ഷേപകസംഗമം ഫലപ്രദമായെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ബെസ്റ്റ് പെർഫോമർ: കേരളത്തിനുള്ള അംഗീകാരം
തിരുവനന്തപുരം: സ്റ്റാർട്ടപ് രംഗത്തെ മികച്ച പ്രകടത്തിനുള്ള (ബെസ്റ്റ് പെർഫോമർ) കേരളത്തിന്റെ പുരസ്‌കാരനേട്ടം സ്റ്റാർട്ടപ് മേഖലയിലെ സംസ്ഥാന സർക്കാർ ഇടപെടലിനുള്ള അംഗീകാരമായി. കേന്ദ്ര സർക്കാരിന്റെ വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പിന്റെ (ഡിപിഐഐടി) ബെസ്റ്റ് പെർഫോമർ പുരസ്‌കാരം തുടർച്ചയായ രണ്ടാംവർഷമാണ് കേരളം നേടുന്നത്. കർണാടകത്തിനൊപ്പമാണ് കേരളം പുരസ്‌കാരം പങ്കിട്ടത്. 22 സംസ്ഥാനവും മൂന്ന് കേന്ദ്രഭരണ പ്രദേശവുമാണ് മത്സരിച്ചത്.
ദീർഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങൾ, നൂതനസ്വഭാവം, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കൽ, അനുയോജ്യമായ അന്തരീക്ഷമൊരുക്കൽ എന്നിവയാണ് കേരളത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്. കേരളത്തിന്റെ പ്രകടനത്തിന് നേതൃത്വം നൽകിയ സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ഇന്നൊവേഷൻസ് മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ എന്നിവരെ അനുമോദിച്ചു.
സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണ, എല്ലാ ജില്ലയിലും സംരംഭക സെല്ലുകൾ, സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് എന്നിവയിലൂടെ കേരളം നടത്തിയ മികച്ച പ്രകടനം എടുത്തുപറഞ്ഞു. സ്റ്റാർട്ടപ് നയം നടപ്പാക്കുന്നതിലും ഇൻകുബേഷൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിലും സീഡിങ്, ഇന്നൊവേഷൻ എന്നിവയിലും ബോധവൽക്കരണത്തിലും കേരളം മികവു കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഐടിവകുപ്പിനു കീഴിലാണ് കേരള സ്റ്റാർട്ടപ് മിഷൻ. രാജ്യത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ആപ്പായി കേരള സ്റ്റാർട്ടപ് മിഷനു കീഴിലുള്ള ടെക്‌ജെൻഷ്യ നിർമിച്ച വി കൺസോളിനെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കോവിഡ്‌കാലത്തുമാത്രം 330 കോടിയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിലെത്തി.
എൽഡിഎഫ് സർക്കാരിന്റെ നാലുവർഷ കാലയളവിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ 1539 കോടി രൂപയുടെ നിക്ഷേപമെത്തി. യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ 207 കോടിമാത്രമായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്റ്റാർട്ടപ്പാണ് രജിസ്റ്റർ ചെയ്‌തതെങ്കിൽ ഇപ്പോഴത് 2865 ആയി ഉയർന്നു. 2020 മാർച്ചിനുശേഷംമാത്രം നാനൂറോളം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്‌തു. ഇൻകുബേഷൻ അടിസ്ഥാന സൗകര്യം 57,000 ചതുരശ്ര അടിയായിരുന്നത് ഇപ്പോൾ നാലു ലക്ഷമായി വർധിച്ചു.
മിൽജിത് രവീന്ദ്രൻ

No comments:
Post a Comment