ഹിന്ദുത്വനയങ്ങളെ വിമർശിച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ ക്രൂരമായ ആക്രമണത്തിന് പലതവണ വിധേയനാകേണ്ടിവന്ന സന്ന്യാസിശ്രേഷ്‌ഠനാണ് അഗ്നിവേശ്. ഹിന്ദുസംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഏറ്റവും വലിയ ശത്രുക്കൾ ഹിന്ദുത്വ ആശയങ്ങളാണെന്ന് അദ്ദേഹം കരുതുകയും പ്രചരിപ്പിക്കുകയും ചെയ്‌തു.
ഇന്ത്യൻജനാധിപത്യത്തിന് സംഘപരിവാർ ഉയർത്തുന്ന ഭീഷണിക്കെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനംചെയ്‌തു. വോട്ട് സമ്പാദിക്കാനുള്ള ഉപകരണങ്ങളായി സന്യാസിമാരെ കാണുന്ന സംഘപരിവാറിൽ സ്വാമി അഗ്നിവേശിന്റെ ഈ നിലപാട് രോഷം പടർത്തി. ജാർഖണ്ഡിലും ഡൽഹിയിലും അടക്കം അഗ്നിവേശിനുനേരെ സംഘപരിവാർ ആക്രമണമുണ്ടായി.
ജാർഖണ്ഡിൽ 2018ൽ സംഘപരിവാർ സംഘടനകളുടെ ക്രൂരമർദ്ദനമേറ്റ സ്വാമി അഗ്‌നിവേശിനെ രക്ഷിച്ചപ്പോൾ
ജാർഖണ്ഡിലെ പാക്കൂരിൽ ആദിവാസികളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ 2018 ജൂലൈ 18ന് സ്വാമി അഗ്നിവേശ് എത്തിയപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. ജയ്‌ശ്രീരാം വിളികളോടെ എത്തിയ അക്രമികൾ സ്വാമിയെ തള്ളിവീഴ്‌ത്തിയിട്ട് മർദിക്കുകയും വസ്‌ത്രങ്ങൾ വലിച്ചുകീറുകയും ചെയ്‌തു. അക്രമിസംഘത്തിൽ നൂറോളം പേരുണ്ടായിരുന്നു. ഹിന്ദുക്കൾക്കെതിരെ അദ്ദേഹം സംസാരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പങ്കില്ലെന്ന് ബിജെപി അവകാശപ്പെട്ടുവെങ്കിലും കേസിൽ അറസ്‌റ്റിലായത് ബിജെപി, ആർഎസ്‌എസ്, ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ്. സംഭവം സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുകയും ദേശീയമാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്‌തശേഷമാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഛത്തീസ്‌ഗഢിൽ 2011ൽ രണ്ടുതവണ അദ്ദേഹം ആക്രമണത്തിന് ഇരയായി. പൊലീസും മേൽജാതിക്കാരുടെ സേനയും ചേർന്ന് തീയിട്ട ഗ്രാമങ്ങളിൽ ദുരിതാശ്വാസസാമഗ്രികളുമായി എത്തിയപ്പോഴായിരുന്നു ഈ ആക്രമണം. 2015ൽ വിഎച്ച്‌പിയുടെ അന്നത്തെ അധ്യക്ഷൻ പ്രവീൺ തൊഗാഡിയ മുസ്ലിംവിരുദ്ധ പരാമർശം നടത്തിയതിനെ സ്വാമി അപലപിച്ചു. ഗോഹത്യ നടത്തുന്നുവെന്ന പേരിലാണ് തൊഗാഡിയ വർഗീയ പരാമർശം നടത്തിയത്. രാജ്യമെങ്ങും ആയിരക്കണക്കിന് പശുക്കൾ ഭക്ഷണം കിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോൾ ഹിന്ദുവിശ്വാസത്തിന്റെ പേരിൽ ഗോസംരക്ഷണവാദം ഉയർത്തുന്നത് തട്ടിപ്പാണെന്ന് സ്വാമി തുറന്നടിച്ചു. ഇതിന്റെ പേരിലും സംഘപരിവാർ അദ്ദേഹത്തെ ശത്രുവായി കണ്ടു.
എ ബി വാജ്‌പേയിക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാൻ 2018 ആഗസ്‌ത് 17ന് സ്വാമി ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയപ്പോഴും അദ്ദേഹത്തിനുനേരെ ആക്രമണം ഉണ്ടായി. മുപ്പതോളം പേരടങ്ങുന്ന സംഘം അദ്ദേഹത്തെ പിടിച്ചുതള്ളുകയും ആക്ഷേപിക്കുകയും ചെയ്‌തു.
ക്ഷേത്രം, പുരോഹിതർ, രാഷ്ട്രീയക്കാർ എന്നിവയുടെ അടിസ്ഥാനത്തിൽ ബിജെപി പയറ്റുന്ന വർഗീയരാഷ്ട്രീയം തുറന്നുകാണിക്കാൻ സ്വാമി നിരന്തരം ശ്രമിച്ചു. മതം അധികാരരാഷ്ട്രീയത്തിനു പിന്നാലെ പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതത്തെ മാനവികമാക്കാനുള്ള ദൗത്യമാണ് സ്വാമി നിർവഹിച്ചത്. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നൽകി. ഇതൊക്കെയാണ് സ്വാമി സംഘപരിവാറിന്റെ കണ്ണിലെ കരടാകാൻ കാരണം.
സാജൻ എവുജിൻ

No comments:
Post a Comment