ഭൂമിയും വീടുമില്ലാത്ത 140 കുടുംബങ്ങളുടെ പ്രതീക്ഷ തല്ലിക്കെടുത്തിയവർക്ക് മാപ്പില്ലെന്ന മുദ്രാവാക്യവുമായി ഭവനരഹിതരുടെ സത്യഗ്രഹം. വടക്കാഞ്ചേരിയിൽ വീടും ഭൂമിയുമില്ലാത്തവർ ഇല്ലെന്ന എംഎൽഎയുടെ പ്രചാരണത്തിനെതിരെയും പ്രതിഷേധം അലയടിച്ചു.
അനിൽ അക്കര എംഎൽഎയുടെ വീടിനടുത്ത് പുറനാട്ടുകര വിളക്കുംകാൽ ജങ്ഷനിലും വടക്കാഞ്ചേരി മങ്കരയിലുമായിരുന്നു ഗാന്ധിജയന്തി ദിനത്തിൽ സത്യഗ്രഹം. ലൈഫിൽ ഭൂമിക്കും വീടിനുമായി അപേക്ഷിച്ച് കാത്തിരിക്കുന്ന കുടുംബങ്ങളും സിപിഐ എം പ്രവർത്തകരും പങ്കാളികളായി.
വിളക്കുംകാൽ ജങ്ഷനിലും മങ്കരയിലും നടന്ന സത്യഗ്രഹം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്‌ഘാടനംചെയ്തു. അടാട്ട് പഞ്ചായത്ത് മെമ്പർ പുഷ്പലത രാധാകൃഷ്ണൻ അധ്യക്ഷയായി. മങ്കരയിൽ എൻ അനിൽകുമാർ അധ്യക്ഷനായി.
സർക്കാർ വിദേശസംഭാവന സ്വീകരിച്ചിട്ടില്ല: എ സി മൊയ്‌തീൻ
സർക്കാർ പണം കൈപ്പറ്റാതെ റെഡ്‌ക്രസന്റ് സൗജന്യമായി വീടു നിർമിച്ചു കൈമാറുന്ന പദ്ധതിയിൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ ലംഘനമില്ലെന്ന് മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.
സർക്കാരിന് ബന്ധമില്ലാത്ത കാര്യം രാഷ്‌ട്രീയ വിഷയമാക്കി 140 പാവപ്പെട്ടവർക്ക് കിട്ടുമായിരുന്ന വീടാണ് യുഡിഎഫ് ഇല്ലാതാക്കുന്നത്. സൗജന്യമായി വീട് പണിയാൻ തയ്യാറായി വരുന്നവരെ തടസ്സപ്പെടുത്തുകയും ഇവരുടെ ലക്ഷ്യമാണ്. വടക്കാഞ്ചേരി നഗരസഭയുടെ ശുചിത്വപദവി പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വടക്കാഞ്ചേരിയിൽ സർക്കാർ വിട്ടു നൽകുന്ന ഭൂമിയിൽ 20 കോടി മൂല്യമുള്ള 140 വീടുകളും ആശുപത്രിയും നിർമിച്ചു നൽകാമെന്നാണ് റെഡ്‌ക്രസന്റുമായുള്ള കരാർ. അവർ സർക്കാരിന് പണം കൈമാറുകയല്ല, പകരം വീട് നിർമിച്ച് കൈമാറുകയാണ്. ഇതിൽ എവിടെയാണ് എഫ്‌സിആർഎയുടെ ലംഘനം.
ഭൂരഹിതർക്ക് വീട് പണിത് നൽകാൻ വടക്കാഞ്ചേരിയിൽ രണ്ട് ഏക്കർ 17 സെന്റ് സ്ഥലം നേരത്തെ വാങ്ങിയിരുന്നു. വീട് നിർമാണത്തിന് ഹാബിറ്റാറ്റ് ഡിപിആർ തയ്യാറാക്കി. പെർമിറ്റും എടുത്തിരുന്നു. ഈ സമയത്താണ് യുഎഇ റെഡ് ക്രസന്റ് സൗജന്യമായി വീടുകൾ നിർമിച്ചു നൽകാമെന്ന് സന്നദ്ധത അറിയിച്ചത്. അതിന് സർക്കാർ കരാറുണ്ടാക്കി. നിർമാണ കമ്പനിയും റെഡ്‌ക്രസന്റും തമ്മിലുള്ള ഇടപാടുകൾ സർക്കാർ അറിയേണ്ടതില്ല. കരാർ വ്യവസ്ഥപ്രകാരം വീട് നിർമിച്ച് കൈമാറിയാൽ മതി.
ഒരു വർഷമായി പണി പുരോഗമിക്കുകയായിരുന്നു. ഒരു ആക്ഷേപവുമുണ്ടായിരുന്നില്ല. സ്വർണക്കടത്ത് കേസുണ്ടായപ്പോഴാണ് ആക്ഷേപം. ഒമ്പത് കോടിയെന്നൊക്കെയാണ് ആക്ഷേപം. ഹാബിറ്റാറ്റ് എസ്‌റ്റിമേറ്റ് പ്രകാരം 86 വീടിന് 13.9 കോടിയെന്നായിരുന്നുവെന്ന് മനസ്സിലാക്കണം. ഓമത്തണ്ടുകൊണ്ടാണ് വീട് നിർമിച്ചതെന്നാണ് മറ്റൊരു ആക്ഷേപം. ഇത് പരിശോധിക്കാൻ സ്‌ട്രക്‌ച്ചർ എൻജിനിയറിങ് വിഭാഗമുണ്ട്. അവരെകൊണ്ട് പരിശോധിക്കാം.
ഒടുവിൽ തനിക്കെതിരെ അഴിമതി ആരോപണം. ഒരു തെളിവുമില്ല. ജനപ്രതിനിധിയെന്നനിലയിൽ ഉത്തരവാദിത്തമില്ലാതെയാണ് ആരോപണം. അതിനെതിരെ സിവിൽ–- ക്രിമിനൽ നിയമ നടപടികളുമായി മുന്നോട്ടുപോവുകയാണ്.
ആക്ഷേപത്തിനൊടുവിൽ ഫ്ലാറ്റ് നിർമാണം നിലച്ചു. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്നാണ് യുഡിഎഫ് സമീപനം. ഇതാണ് നെഗറ്റീവ് അപ്രോച്ചെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment