Sunday, October 4, 2020

കേരളം വണങ്ങി, ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയ്‌ക്കു‌ തുടക്കം

 കൊല്ലം: അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായ ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയ്‌ക്ക്‌‌‌ തുടക്കം. നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രഭൂമിയായ കൊല്ലത്ത്‌ ഗാന്ധിജയന്തി ദിനത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിന്‌ സമർപ്പിച്ചു. മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

താൽക്കാലികാസ്ഥാനമായ തൃക്കടവൂർ കുരീപ്പുഴയിലെ ചൂരവിളാസ് കെട്ടിട സമുച്ചയത്തിൽ കോവിഡ്‌ പ്രേട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ രാജു എന്നിവർ വിശിഷ്ടാതിഥികളായി. മേയർ ഹണി ബെഞ്ചമിൻ, എംപിമാരായ എ എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, കെ സോമപ്രസാദ്, എംഎൽഎമാരായ  മുല്ലക്കര രത്‌നാകരൻ, എം നൗഷാദ്, ഡിവിഷൻ കൗൺസിലർ ബി അജിത് കുമാർ എന്നിവർ സംസാരിച്ചു.  എം മുകേഷ്‌ എംഎൽഎ സ്വാഗതവും കലക്ടർ ബി അബ്ദുൽ നാസർ  നന്ദിയും പറഞ്ഞു. എൻ കെ  പ്രേമചന്ദ്രൻ എംപിയും പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും ഓൺലൈൻ വഴി പങ്കെടുത്തു.

കൊല്ലം ബൈപാസിനോടു ചേർന്നാണ്‌ താൽക്കാലികാസ്ഥാനം . 18 ക്ലാസ് മുറിയും 800 പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയവും നൂറോളം വാഹന പാർക്കിങ്‌ സൗകര്യവുമുണ്ട്. ഒന്നരലക്ഷത്തിലേറെപേർക്ക്‌  പഠനസൗകര്യമുണ്ടാകും‌.

കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ സർവകലാശാല നിലവിൽ വന്നത്. നാല്‌ പ്രാദേശിക കേന്ദ്രമുണ്ട്‌.

ഗുരുവിന്റെ വിദ്യാഭ്യാസചിന്തകൾ സർക്കാരിന്‌ പ്രചോദനം: മുഖ്യമന്ത്രി

എൽഡിഎഫ്‌ സർക്കാർ വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന പരിഷ്‌കാരങ്ങൾക്ക്‌ ‌ ‌ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസചിന്തകൾ പ്രചോദനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു‌ ലക്ഷത്തോളം കുട്ടികളാണ്‌ പുതുതായി സർക്കാർ സ്‌കൂളുകളിലേക്ക് വന്നത്‌. അമ്പതിനായിരത്തിലേറെ ഹൈടെക് ക്ലാസ് മുറികൾ പൊതുവിദ്യാലയങ്ങളിൽ സജ്ജീകരിച്ചു. ഇവയെല്ലാം ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് നടത്തിയ മാറ്റങ്ങളാണ്‌. അതിന്റെ തുടർച്ചയാണ്‌ ഓപ്പൺ സർവകലാശാല. കൊല്ലത്ത്‌ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഗുരു പൊതുജീവിതത്തിൽ  ഉടനീളം  ഉദ്‌ബോധിപ്പിച്ചത് അറിവ് സമ്പാദിക്കാനാണ്. അറിയാനും അറിയിക്കാനുമുള്ള  ഇടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. സമ്പത്ത് വ്യവസ്ഥയുടെ അടികല്ലുകളായ കൃഷി, വ്യവസായം, കൈത്തൊഴിൽ, സാങ്കേതികജ്ഞാനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന വിദ്യാഭ്യാസ രീതിക്കല്ലാതെ ഇനി സമൂഹത്തെ മുന്നോട്ടു നയിക്കാനാവില്ല. ഈ യാഥാർഥ്യം ഉൾക്കൊണ്ടാണ് പരമ്പരാഗത തൊഴിലുകൾ പുനരുജ്ജീവിപ്പിച്ചും ആധുനിക വിദ്യാഭ്യാസ സമ്പ്രദായം  ഏർപ്പെടുത്തിയും സർക്കാർ മുമ്പോട്ട്‌ പോകുന്നത്.

ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്  അവസരമൊരുക്കുന്ന ഒരു സാധ്യതയിൽനിന്നും സർക്കാർ മുഖംതിരിക്കില്ല. ആധുനിക ശാസ്ത്രസംവിധാനങ്ങളെ പ്രയോജനപ്പെടുത്തി വിദൂരവിദ്യാഭ്യാസത്തിലൂടെ എല്ലാവർക്കും  ഉന്നത വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും നൽകുകയാണ്‌ ഓപ്പൺ സർവകലാശാലയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment