Saturday, October 10, 2020

പി ടി തോമസിന്റെ ‘മധ്യസ്ഥത’ ; കള്ളപ്പണ ഇടപാട്‌ റിയൽ എസ്‌റ്റേറ്റുകാരനുവേണ്ടി

 പാവപ്പെട്ട കുടുംബത്തെ ഇടപ്പള്ളിയിലെ നാല്‌ സെന്റിൽനിന്ന്‌ ഇറക്കിവിടാനുള്ള കള്ളപ്പണ ഇടപാടിന്‌ പി ടി തോമസ്‌ എംഎൽഎ  മധ്യസ്ഥനായത്‌ റിയൽ എസ്‌റ്റേറ്റ്‌  മുതലാളിക്കുവേണ്ടി. ഇടപ്പള്ളി ചാരോത്ത്‌ വീട്ടിൽ പരേതനായ ദിനേശന്റെ കുടുംബം നാൽപ്പതുവർഷത്തോളമായി താമസിക്കുന്ന നാല്‌ സെന്റ്‌ ഒഴിപ്പിക്കലായിരുന്നു എംഎൽഎയുടെ ദൗത്യം.

വെണ്ണല സ്വദേശിയായ റിയൽ എസ്‌റ്റേറ്റ്‌ ബിസിനസുകാരൻ രാമകൃഷ്‌ണനെ വർഷങ്ങളായി അടുത്തറിയാമെന്ന്‌ വെള്ളിയാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ എംഎൽഎയ്‌ക്ക്‌ സമ്മതിക്കേണ്ടിവന്നു. ഭൂമി ഒഴിയാനുള്ള കരാർ ഒപ്പിടാൻ വന്നപ്പോൾ രാമകൃഷ്‌ണന്റെ പക്കൽ രണ്ടു ബാഗ്‌ ഉണ്ടായിരുന്നെന്നും അതിൽ പണമുണ്ടെന്ന്‌ മനസിലായിരുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി എംഎൽഎ പറഞ്ഞു.

ദിനേശന്റെ ഭാര്യ തങ്കമണിയും മക്കളുമാണ്‌ നാലുസെന്റിൽ താമസം. 15 വർഷംമുമ്പാണ്‌ ഈ ഭൂമി ഉൾപ്പെടുന്ന രണ്ട്‌ ഏക്കറോളം  രാമകൃഷ്‌ണൻ വാങ്ങിയത്‌. കുടികിടപ്പവകാശത്തിന്റെ പേരിൽ ഭൂമി കൈമാറ്റം നടന്നില്ല. ഭൂമി ഒഴിയാൻ ഒന്നരക്കോടി രൂപവരെ രാമകൃഷ്‌ണൻ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിനിടെയാണ്‌  സെന്റിന്‌ 50 ലക്ഷംവരെ  കിട്ടുന്ന നാല്‌ സെന്റ്‌ വെറും 80 ലക്ഷം രൂപയ്‌ക്ക്‌ ഒഴിപ്പിക്കാൻ എംഎൽഎ കരാറുണ്ടാക്കിയത്‌. പണം ബാങ്ക്‌ അക്കൗണ്ടിലൂടെ കൈമാറിയെന്ന്‌ മുദ്രപ്പത്രത്തിൽ രേഖയുമുണ്ടാക്കി. രാമകൃഷ്‌ണൻ  കൊണ്ടുവന്ന കണക്കിൽപ്പെടാത്ത  പണം കൈമാറി ഭൂമി ഒഴിപ്പിക്കാനാണ്‌  പി ടി തോമസ്‌ വ്യാഴാഴ്‌ച രാത്രി പത്തോടെ ദിനേശന്റ വീട്ടിൽ എത്തിയത്‌.  ഇതിനിടയിൽ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാറിൽ കയറിപ്പോയി.

വാർത്താസമ്മേളനത്തിൽ രാമകൃഷ്‌ണനുമായുള്ള അടുപ്പം മറച്ചുവയ്‌ക്കാൻ തുടക്കത്തിൽ എംഎൽഎ ശ്രമിച്ചിരുന്നു. ഇടപ്പള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായ പഴയ കമ്യൂണിസ്‌റ്റിന്റെ കുടുംബത്തെ സഹായിക്കാനാണ്‌ താൻ മധ്യസ്ഥനായതെന്നായിരുന്നു വാദം.

കള്ളപ്പണവേട്ട: പങ്കാളി പണ്ടേ നോട്ടപ്പുള്ളി ; പ്രതികരിക്കാതെ ബിജെപി

പി ടി തോമസ്‌ എംഎൽഎയുടെ സഹായത്തോടെ ഇടപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച റിയൽ എസ്‌റ്റേറ്റ്‌ മുതലാളി ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിലുള്ളയാൾ. കൊച്ചി നഗരത്തിൽ പലയിടത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയ ഇയാളുടെ ഇടപാടുകൾ സമീപകാലത്താണ്‌ ആദായനികുതിവകുപ്പ്‌ നിരീക്ഷിച്ചുതുടങ്ങിയത്‌. ഇടപ്പള്ളിയിലെ കള്ളപ്പണ ഇടപാടിൽ കുടുങ്ങുമെന്നായപ്പോൾ മുങ്ങാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ഉപയോഗിച്ച ബിയർ കുപ്പികൾ വൃത്തിയാക്കി കയറ്റിയയക്കലാണ്‌ തൊഴിലെങ്കിലും റിയൽ എസ്‌റ്റേറ്റ്‌ കച്ചവടമാണ്‌ പ്രധാനം. ജില്ലയുടെ പലഭാഗത്തും നെൽപ്പാടമുൾപ്പെടെ വാങ്ങിക്കൂട്ടിയിട്ടുണ്ട്‌. ഇടപ്പള്ളിയിലെ വിവാദമായ നാലുസെന്റ്‌ ഭൂമിയോട്‌ ചേർന്നുള്ള രണ്ടേക്കറോളം സ്ഥലത്തിന്റെ രേഖ വ്യാജമായി നിർമിച്ചതാണെന്നും ആക്ഷേപമുണ്ട്‌.

നഗരത്തിലെ പ്രധാന ടെക്‌സ്‌റ്റൈൽ ഉടമ ഈ സ്ഥലം വാങ്ങാൻ താൽപ്പര്യം കാണിച്ചെങ്കിലും രേഖകൾ വ്യാജമാണെന്ന്‌ മനസ്സിലാക്കി പിന്മാറി. ഈ സ്ഥലത്ത്‌ കുടികിടപ്പവകാശമുണ്ടായിരുന്ന പലരെയും ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ്‌ ഒഴിപ്പിച്ചെടുത്തത്‌.

ഉദ്യോഗസ്ഥ സംഘത്തിന്‌ വീഴ്‌ചയോ?  

ഇടപ്പള്ളി അഞ്ചുമനയിലെ കള്ളപ്പണമിടപാട്‌ നടക്കുന്ന വീട്ടിൽ ആദായനികുതി വകുപ്പ്‌ ഉദ്യോസ്ഥർ എംഎൽഎയെ കണ്ടെങ്കിലും ഒരു വിശദീകരണംപോലും ചോദിക്കാത്തത്‌ ഉദ്യോഗസ്ഥർക്ക്‌ പറ്റിയ വീഴ്‌ചയെന്ന്‌ സംശയം. ഉദ്യോഗസ്ഥ സംഘം എത്തുമ്പോൾ  വീടിനകത്ത്‌ എംഎൽഎ കരാർ വായിച്ച്‌ കേൾപ്പിക്കുകയായിരുന്നു. അവർ അകത്തേക്ക്‌ കയറുമ്പോഴേക്കും എംഎൽഎ പെട്ടെന്ന്‌ പുറത്തിറങ്ങി കാറിൽ കയറി.  പണമിടപാടുമായുള്ള ബന്ധം അദ്ദേഹത്തോട്‌ ചോദിക്കുന്നതിനെക്കുറിച്ച്‌  മേലുദ്യോഗസ്ഥരുമായി   ചർച്ചചെയ്‌തപ്പോഴേക്കും  സ്ഥലം വിട്ടു.  പണമിടപാട്‌ നടക്കുന്ന സ്ഥലത്തും വി എസ്‌ രാമകൃഷ്‌ണന്റെ വീട്ടിലും ഒരേസമയം ഉദ്യോഗസ്ഥരെത്തിയിരുന്നു. പണമിടപാട്‌ നടന്ന വീട്ടിൽ കയറി പണം എണ്ണിനോക്കിയപ്പോൾ 40 ലക്ഷം രൂപമാത്രം.

88 ലക്ഷത്തിന്റെ കരാർ പിടിച്ചെടുത്തതോടെ  വി എസ്‌ രാമകൃഷ്‌ണന്റെ വീട്ടിലെ ലോക്കർ പരിശോധിച്ചു.  50 ലക്ഷം രൂപകൂടി പിടിച്ചെടുത്തു.  88 ലക്ഷത്തിന്റെ കരാറുകൾ വായിച്ചശേഷം 40 ലക്ഷം രൂപമാത്രം  കൊണ്ടുവന്നതിലും ദുരൂഹതയുണ്ട്‌. 40 ലക്ഷം കൊടുത്ത്‌ 88 ലക്ഷത്തിന്റെ കരാർ ഒപ്പിടുവിക്കുകയായിരുന്നോ ലക്ഷ്യം എന്നും സംശയമുണ്ട്‌.

മിണ്ടാതെ ബിജെപി

കള്ളപ്പണ ഇടപാട്‌ നടന്ന സ്ഥലത്ത്‌ പി ടി തോമസ്‌ എംഎൽഎ കൈയോടെ പിടിക്കപ്പെട്ടിട്ടും  പ്രതികരിക്കാതെ ബിജെപി. വെള്ളിയാഴ്‌ച മാധ്യമങ്ങളിൽ ഇതോട്‌ പ്രതികരിക്കാനോ, പ്രസ്‌താവന നടത്താനോ ബിജെപി തയ്യാറായില്ല. ഇതുസംബന്ധിച്ച ചാനൽ ചർച്ചയിലും ബിജെപി പ്രതിനിധികൾ പങ്കെടുത്തില്ല.

തുടർ റെയ്‌ഡുകളുണ്ടാകും

പി ടി തോമസ്‌ എംഎൽഎ ഉൾപ്പെട്ട കള്ളപ്പണ ഇടപാടിൽ കൂടുതൽ റെയ്‌ഡുകൾ നടത്തേണ്ടിവരുമെന്ന്‌ ആദായനികുതിവകുപ്പ്‌.

കള്ളപ്പണം

ഒരാൾ ഒരു ദിവസം വായ്‌പയായോ നിക്ഷേപമായോ മറ്റേതെങ്കിലും ഇടപാടായോ രണ്ടുലക്ഷമോ അതിലധികമോ തുക ബാങ്ക്‌ അക്കൗണ്ടിലൂടെയല്ലാതെ നേരിട്ട്‌ പണമായി കൈപ്പറ്റുന്നതും കൊടുക്കുന്നതും  ആദായനികുതിനിയമത്തിന്റെ 269 എസ്‌ടി, 269 ടി വകുപ്പുകൾ പ്രകാരം കുറ്റമാണ്‌. ഇത്‌ ലംഘിച്ചാൽ നിയമത്തിന്റെ 271 ഡിഎ, ഡിഇ വകുപ്പുകൾപ്രകാരം തുല്യതുക പിഴയായി അടയ്‌ക്കണം. മറ്റ്‌ വകുപ്പുകൾപ്രകാരം ഈ തുകയുടെ സ്രോതസ്സ്‌ കാണിക്കാനായില്ലെങ്കിൽ അത്‌ വരുമാനമായി കണക്കാക്കി നികുതിയും നൽകേണ്ടിവരും.

No comments:

Post a Comment