Saturday, October 10, 2020

സ്‌മിത ഔദ്യോഗിക സംഘത്തിൽ , കള്ളംപൊളിച്ച്‌ വീഡിയോ ; കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞത്‌ കള്ളം

 അബുദാബി മന്ത്രിതല സമ്മേളനത്തിൽ പി ആർ ഏജൻസി ഉടമ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത്‌ ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തി. വിദേശകാര്യ വകുപ്പ്‌ പുറത്തുവിട്ട സമ്മേളനത്തിന്റെ യു ട്യൂബ്‌ ദൃശ്യങ്ങളാണ്‌ ഇത്‌ സ്ഥിരീകരിക്കുന്നത്‌. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം സ്‌മിതാ മേനോൻ ഡയസിൽ ഇരിക്കുന്നത്‌ ദൃശ്യങ്ങളിൽ വ്യക്തം‌. ഇതോടെ മാധ്യമപ്രവർത്തക എന്ന നിലയ്‌ക്കാണ്‌ സ്‌മിത സമ്മേളനത്തിൽ പങ്കെടുത്തതെന്ന മുരളീധരന്റെ വാദം പൊളിഞ്ഞു.  സന്ദർശക വിസയിൽ യുഎഇയിലെത്തിയ സ്‌മിതാ മേനോനെ പ്രോട്ടോകോൾ ലംഘിച്ചാണ്‌ മുരളീധരൻ ഇന്ത്യൻ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടുത്തിയത്‌‌.  മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രസംഗിക്കുന്ന സമയത്ത്‌ സ്‌മിത പിറകിൽ നോക്കിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ്‌ വിദേശകാര്യ വകുപ്പിന്റെ യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്‌തിട്ടുള്ളത്‌. 2019 നവംബർ എട്ടിനാണ്‌ ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്‌തത്‌.

വി മുരളീധരനെതിരായ പരാതി ബിജെപി കേന്ദ്ര നേതൃത്വം  ഗൗരവത്തിലെടുത്തതോടെയാണ്‌ ഈ‌ ദൃശ്യങ്ങൾ പുറത്തുവന്നത്‌. 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിൽ മുരളീധരൻ നയതന്ത്ര ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. രാജ്യാന്തരതലത്തിൽ ഇന്ത്യക്ക്‌ അവമതിപ്പുളവാക്കിയെന്നാണ്‌ അനുമാനം.

സ്‌മിതാ മേനോൻ മാധ്യമപ്രവർത്തക എന്ന നിലയ്‌ക്കാണ്‌ പങ്കെടുത്തതെന്നും ആർക്ക്‌ വേണമെങ്കിലും ഇതിന്‌ അനുമതി നൽകുമായിരുന്നുവെന്നും പറഞ്ഞാണ്‌‌ മുരളീധരൻ പിടിച്ചുനിന്നത്‌. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങൾ ആ കള്ളം പൊളിച്ചു. മുരളീധരനെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിദേശകാര്യ മന്ത്രാലയത്തോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. വിശദീകരണത്തിനൊപ്പം സമ്മേളനത്തിന്റെ യു ട്യൂബ്‌ ദൃശ്യങ്ങളും ഉൾക്കൊള്ളിച്ചേക്കും.

ചോദ്യങ്ങൾക്ക്‌ മറുപടിയില്ലാതെ വി മുരളീധരൻ

പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

വിദേശയാത്രയിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്നും ആർക്കും പരാതിനൽകാമെന്നും പറഞ്ഞായിരുന്നു തടിതപ്പൽ. ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കാൻ കോട്ടയത്ത്‌ എത്തിയതായിരുന്നു മന്ത്രി‌. സ്‌മിത മേനോനെ മഹിള മോർച്ച സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌ അറിഞ്ഞില്ലെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ പ്രസ്‌താവനയെക്കുറിച്ച്‌ ചോദിച്ചപ്പോൾ ‘നിങ്ങളാണല്ലോ വാർത്തകളും വിവാദങ്ങളും സൃഷ്ടിക്കുന്നതെന്നും എന്ത്‌ പ്രോട്ടോകോൾ ലംഘനമാണുണ്ടായതെന്നു’മുള്ള മറുചോദ്യമായിരുന്നു മറുപടി‌.

ഏത്‌ അന്വേഷണം നടത്തണമെന്ന്‌ തീരുമാനിക്കേണ്ടത്‌ മാധ്യമങ്ങളല്ലെന്നുപറഞ്ഞ്‌ മറ്റ്‌ ചോദ്യങ്ങളെ അവഗണിച്ച്‌ മന്ത്രി യോഗവേദിയിലേക്കുപോയി.

No comments:

Post a Comment