Wednesday, October 7, 2020

ഹാഥ്‌രാസ്‌ പീഡനം; ബെഫി വനിത സബ് കമ്മിറ്റി പ്രതിഷേധിച്ചു

 കൊച്ചി > ഹാഥ്‌രാസ്‌ പീഡനത്തിലും കൊലപാതകത്തിലും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ വനിത സബ്‌ കമ്മിറ്റി പ്രതിഷേധിച്ചു. യുപിയിലെ ഹാത്റസ് ജില്ലയിൽ നടന്ന പൈശാചികമായ സ്ത്രീ പീഡനം സമൂഹമന:സാക്ഷിയെയാകെ ഞെട്ടിച്ചിരിക്കയാണെന്ന്‌ സബ്‌ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കേവലം 19 വയസ്സുമാത്രം പ്രായമുള്ള ഒരു ദലിത് പെൺകുട്ടിയെ, ഒരു കൂട്ടം അധമന്മാർ ചേർന്ന് മൃഗീയമായി ബലാൽസംഗം ചെയ്യുകയും പെൺകുട്ടിയുടെ നാവ് അറുത്തെടുത്ത്, ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌തു. ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയ ആ പെൺകുട്ടിയെയും കുടുംബത്തെയും മരണശേഷവും പോലീസ് വേട്ടയാടി.

മൃതശരീരം കാണുന്നതിനോ മാന്യമായ സംസ്കാരത്തിനോ അനുവദിക്കാതെ പോലീസ് കത്തിച്ചു കളയുകയായിരുന്നു. ദളിത് പീഡനവും സ്ത്രീ പീഡനവും തുടർ സംഭവങ്ങളാകുന്ന യു.പി യിൽ  ഫാസിസ്റ്റ്നയങ്ങളുടെ ചുവട് പിടിച്ചു ഭരണകക്ഷിയായ ബി ജെ പി നടപ്പാക്കുന്ന  സ്ത്രീവിരുദ്ധ,ദളിത് വിരുദ്ധ  സമീപനങ്ങൾ തുറന്നു കാട്ടുന്ന സംഭവം ആണ് ഹത്രാസ് ജില്ലയിൽ അരങ്ങേറിയത് . വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ബിഇഎഫ്ഐ കേരള ഘടകത്തിന്റെ വനിത സബ് കമ്മിറ്റി  അത്യന്തം ഹീനമായ ഈ സംഭവത്തെ അപലപിക്കുന്നു. സർക്കാരിന്റെയും പോലിസിന്റെയും  നടപടികളിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഒപ്പം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും രാജ്യത്ത് വർദ്ധിച്ചു വരുന്ന ന്യൂനപക്ഷ, ദളിത് ,സ്ത്രീ,പീഡനങ്ങളവസാനിപ്പിക്കാനും, സ്ത്രീകളടക്കമുള്ള രാജ്യത്തെ ഓരോ  പൗരൻ്റെയും  സുരക്ഷ ഉറപ്പു വരുത്താനും, കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതായി ബിഇഎഫ്ഐ (കേരള) വനിതാ സബ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

No comments:

Post a Comment