Thursday, October 8, 2020

ഇ.ഡി കുറ്റപത്രത്തിനും ദുർവ്യാഖ്യാനം ചമച്ച്‌ മാധ്യമങ്ങൾ

 കൊച്ചി > ഡയറക്‌ടറേറ്റ്‌ ഓഫ്‌ എൻഫോഴ്‌സ്‌മെന്റ് ‌(ഇഡി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങളും വളച്ചൊടിച്ച്‌ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും കുപ്രചാരണം. സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ ഇഡിക്ക്‌  നൽകിയ മൊഴിയാണ്‌ തെറ്റിദ്ധരിപ്പിക്കുംവിധം വളച്ചൊടിച്ചത്‌.

മുഖ്യമന്ത്രിയോടൊപ്പമുള്ളപ്പോൾ അഞ്ചോ ആറോ തവണ മുൻ ഐടി സെക്രട്ടറി ശിവശങ്കറെ കണ്ടതായാണ്‌ ആഗസ്‌ത്‌ എട്ടിന്‌ സ്വപ്‌ന നൽകിയ മൊഴിയിൽ പറയുന്നത്‌. ഇത്‌ ശിവശങ്കറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയെ കണ്ടു എന്നാക്കി പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും. യുഎഇ കോൺസുലേറ്റിലെ സെക്രട്ടറി എന്ന നിലയിലാണ്‌ മുഖ്യമന്ത്രിയുമായി പരിചയം എന്ന അടുത്ത വാചകവും കുപ്രചാരകർ വിഴുങ്ങി. പിന്നീടാണ്‌ താൻ സ്‌പേസ്‌ പാർക്കിൽ ചേർന്നതെന്ന സ്വപ്‌നയുടെ മൊഴിയും ഇതോടൊപ്പമുണ്ട്‌.

മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ സ്‌പേസ്‌ പാർക്കിൽ സ്വപ്‌നയ്‌ക്ക്‌ ജോലി കിട്ടിയതെന്നാണ്‌ അടുത്ത ആരോപണം. ആഗസ്‌ത്‌ പത്തിന്‌ ഇഡിക്ക്‌ സ്വപ്‌ന നൽകിയ മൊഴിയാണ്‌ ഇതിനായി വളച്ചൊടിച്ചത്‌. സ്‌പേസ്‌ പാർക്കിലെ നിയമനത്തിന്‌ കെഎസ്‌ഐടിഐഎൽ എംഡി ഡോ. ജയശങ്കറിനെ കാണാനും മുഖ്യമന്ത്രിയോട്‌ ഇക്കാര്യം പറയാമെന്നും ശിവശങ്കർ തന്നോട്‌ പറഞ്ഞതായാണ്‌ ഇഡി രേഖപ്പെടുത്തിയിട്ടുള്ള സ്വപ്‌നയുടെ മൊഴി. മുഖ്യമന്ത്രിയോട്‌ ഇക്കാര്യം ശിവശങ്കർ സംസാരിച്ചതായോ അക്കാര്യം ശിവശങ്കർ തന്നെ അറിയിച്ചതായോ മൊഴിയിലില്ല. പിന്നീട്‌ തനിക്ക്‌ സ്‌പേസ്‌ പാർക്കിൽ നിയമനം നൽകിയതായി ഡോ. ജയശങ്കർ അറിയിച്ചെന്ന സ്വപ്‌നയുടെ മൊഴിയിൽനിന്ന്‌ ഊഹിച്ചെടുക്കുകയാണ്‌ ബാക്കിയുള്ളതെല്ലാം.

No comments:

Post a Comment