Friday, October 9, 2020

പിആർ ഏജൻസി യുവതിക്ക്‌ സഹായം : മുരളീധരൻ തെറിച്ചേക്കും

 അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്വകാര്യ പിആർ ഏജൻസി ഉടമ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ച വിഷയത്തിൽ  വി മുരളീധരന്‌ കേന്ദ്രസഹമന്ത്രിസ്ഥാനം നഷ്‌ടമായേക്കും. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ കേന്ദ്ര ഇന്റലിജൻസ്‌ വിഭാഗം അന്വേഷണം ആരംഭിച്ചു‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിദേശമന്ത്രാലയത്തോട്‌ വിശദീകരണവും തേടി.

ഇതിനു പിന്നാലെയാണ്‌ മന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ച തുടങ്ങിയത്‌.  അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ മുരളീധരനുപകരം കുമ്മനം രാജശേഖരനെയോ സുരേഷ്‌ ഗോപിയെയോ മന്ത്രിയാക്കുമെന്ന്‌ വിമതപക്ഷത്തിന്‌ വിവരം ലഭിച്ചു. വിദേശത്തുനടന്ന മന്ത്രിതല സമ്മേളനത്തിലെ പ്രോട്ടോകോൾ ലംഘനം പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷിക്കുന്നു‌.

വി മുരളീധരനുമായുള്ള യുവതിയുടെ ബന്ധത്തെപ്പറ്റി ജില്ലയിലെ ഏതാനും ബിജെപി നേതാക്കളോട്‌ ഇന്റലിജൻസ്‌ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വിവരം തേടിയിരുന്നു. കൊച്ചിയിലെ ചില മാധ്യമസ്ഥാപനങ്ങളിലും പിആർ ഏജൻസികളിലും അന്വേഷിച്ചു. യുവതിയുമായി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമുള്ള അടുപ്പത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും പാർടി കേന്ദ്രനേതൃത്വത്തിനും വിമതവിഭാഗം പരാതി നൽകി.

സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതിനുപിന്നാലെയാണ്‌  ഇവരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയാക്കിയത്‌. ഇതിനെ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റുതന്നെ പരസ്യമായി എതിർത്തു. എന്നാൽ, മുരളീധരന്‌ കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനമുപയോഗിച്ച്‌ പാർടിക്കുള്ളിലെ എതിർപ്പുകളെ സുരേന്ദ്രൻ ഒതുക്കി. മുരളീധരനും സുരേന്ദ്രനും കൊച്ചിയിലുള്ളപ്പോഴെല്ലാം സ്‌മിതയുടെ വീട്ടിൽ എത്താറുണ്ട്‌. ജില്ലയിലെ പാർടിക്കാര്യങ്ങൾക്കുപോലും സമീപകാലത്തായി ഇരുവരും സ്‌മിതയെ ആശ്രയിച്ചതും‌ ബിജെപിക്കുള്ളിൽ വലിയ ചർച്ചയാണ്‌. അതിനിടെയാണ്‌ അന്താരാഷ്‌ട്ര സമ്മേളനത്തിലെ പ്രോട്ടോകോൾ ലംഘന വിവാദം ഉയർന്നത്‌.

സംസ്ഥാനത്തെ ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ  എതിർപ്പ്‌ മറികടന്നാണ്‌ മുരളീധരൻ കേന്ദ്രമന്ത്രിസഭയിലെത്തിയത്‌. എബിവിപിയുടെ കേന്ദ്രനേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാക്കിയ ബന്ധങ്ങളാണ്‌ മുരളീധരനെ തുണച്ചത്‌.  എന്നാൽ,  ബിജെപി പാരമ്പര്യമൊന്നുമില്ലാത്ത യുവതിക്ക്‌ വഴിവിട്ട സഹായം നൽകിയത്‌ മുരളീധരനെതിരെ എതിർവിഭാഗത്തിന്‌ കിട്ടിയ ശക്തിയുള്ള ആയുധമായി.

ചട്ടലംഘനം അന്വേഷണം : ഉദ്യോഗസ്ഥനെ മാറ്റി

വിദേശ സഹമന്ത്രി വി മുരളീധരൻ ഉൾപ്പെട്ട പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറിയും നയതന്ത്ര പാസ്‌പോർട്ട്‌ വിഭാഗം ചുമതലക്കാരനുമായ അരുൺ കെ ചാറ്റർജിയെ മാറ്റി പകരം അന്വേഷണച്ചുമതല ജോയിന്റ്‌ സെക്രട്ടറി ആദർശ്‌ സ്വൈകക്ക് നല്‍കി.

എറണാകുളത്തെ പി ആർ ഏജൻസി മാനേജർ സ്‌മിതാ മേനോനെ അബുദാബിയിലെ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ ദുരൂഹമായ ഇടപെടൽ. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിത്‌. മുരളീധരന്റെ പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച്‌   പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽനിന്ന്‌ റിപ്പോർട്ട് തേടിയതിന്‌ പിന്നാലെയാണ്‌ ഉദ്യോഗസ്ഥനെ മാറ്റിയത്‌. ലോക്‌ താന്ത്രിക്‌ ജനതാദൾ നേതാവ്‌ സലിം മടവൂർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്ക്‌ നൽകിയ പരാതി പ്രകാരമാണ്‌ അന്വേഷണം‌. 2019 നവംബറിൽ അബുദാബിയിൽ ചേർന്ന ഇന്ത്യൻ മഹാസമുദ്രമേഖലയിലെ വിദേശമന്ത്രിമാരുടെ  സമ്മേളനത്തിലാണ്‌ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത്‌. ഇവർ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിൽ അംഗമല്ലായിരുന്നു. ഇക്കാര്യം പുറത്തുവന്നപ്പോൾ മന്ത്രി മുരളീധരൻ പരസ്‌പരവിരുദ്ധമായ പ്രതികരണമാണ്‌ നടത്തിയത്‌.

സ്‌മിത മേനോന്റെ സന്ദർശനം; വി മുരളീധരനെതിരെ അന്വേഷണവുമായി ഇന്ത്യൻ എംബസി

കോഴിക്കോട്‌ > അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്വകാര്യ പിആർ ഏജൻസി ഉടമ പങ്കെടുത്ത വിഷയത്തിൽ ഇന്ത്യൻ എംബസി അന്വേഷണം തുടങ്ങി. പിആർ ഉടമയായ സ്‌മിത മേനോനെ പ്രോട്ടോക്കോൾ ലംഘിച്ച്‌ പങ്കെടുപ്പിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിലാണ്‌ നടപടി. അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ വെൽഫയർ ഓഫീസർ പൂജ വെർണക്കറോടാണ്‌ റിപ്പോർട്ട്‌ തേടിയിരിക്കുന്നത്‌. കോൺസുലാർ വിസ ഡിവിഷൻ വിഭാഗമാണ് വെൽഫയർ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടെന്നാണ്‌ പരാതി. ലോക്‌താന്ത്രിക്‌ യുവജനതാദൾ ദേശീയ പ്രസിഡന്റ്‌ സലീം മടവൂർ നൽകിയ പരാതിയാണ് അന്വേഷണത്തിനായി അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയത്.  ആദ്യം വിദേശകാര്യ ജോ. സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ അരുൺ കെ ചാറ്റർജിയിൽ നിന്നായിരുന്നു റിപ്പോർട്ട് തേടിയത്. പിന്നീട് പരാതി കോൺസുലാർ വിസ ഡിവിഷനിലേക്ക് മാറ്റി. വിസ ഡിവിഷൻ ജോയിന്റ്‌ സെകട്ടറി ആദർശ് സൈക്വയാണ് പരാതി വിശദമായ അന്വേഷണത്തിനായി അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയത്.

സ്‌മിതാ മേനോന്റെ സന്ദർശനം; വി മുരളീധരനെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിശദീകരണംതേടി

ന്യൂഡല്‍ഹി > അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പി ആര്‍ ഏജന്‍സി ഉടമയായ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന പരാതിയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്. വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി കൂടിയായ അരുണ്‍ കെ ചാറ്റര്‍ജിയോട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

2019-ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. തുടര്‍ന്ന് അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്‌മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും തിരഞ്ഞെടുത്തിരുന്നു. ലോക് താന്ത്രിക് ജനതാദള്‍ നേതാവ്  സലീം മടവൂരായിരുന്നു ആദ്യം പരാതിയുമായി എത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രിക്ക് മുന്നില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പരാതിയുമെത്തി.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് പോലും അറിയാത്ത സ്‌മിതാ മേനോന്‍ എങ്ങനെ മഹിളാമോര്‍ച്ചയുടെ പ്രധാന സ്ഥാനത്ത് എത്തിയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മാത്രമല്ല ഇവരെ രാജ്യ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുപ്പിച്ചത്‌ വലിയ സുരക്ഷാ വീഴ്‌ച‌യാണെന്നും നയന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ആക്ഷേപമുണ്ട്‌. വിദേശകാര്യമന്ത്രാലവുമായി ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ കൂടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി അരുണ്‍ ചാറ്റര്‍ജിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.


No comments:

Post a Comment