Friday, October 9, 2020

കൂട്ടിലടച്ച തത്ത, ഹാ എത്ര മികച്ച വിശേഷണം

 ‘രാഷ്ട്രീയ യജമാനൻമാരുടെ ശബ്‌ദത്തിൽ സംസാരിക്കുന്ന കൂട്ടിലടച്ച തത്ത’–- സിബിഐക്ക്‌ ഈ വിശേഷണം നൽകിയത്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസായിരുന്ന ജസ്‌റ്റിസ്‌ ആർ എം ലോധ. ഇതിനേക്കാൾ മികച്ച  വിശേഷണം സിബിഐക്ക്‌ കിട്ടാനില്ല. യുപിഎ ഭരിച്ചാല്‍ കോൺഗ്രസും എൻഡിഎ ഭരിച്ചാല്‍ ബിജെപിയുമാണ്‌ സിബിഐയുടെ യജമാനൻ. കേസുകള്‍ നീങ്ങുക യജമാനന്റെ ഉള്ളറിഞ്ഞുമാത്രം. വഴങ്ങുന്നവര്‍ക്കേ അവിടേക്ക് നിയമനം കിട്ടൂ. 

യുപിഎ കാലത്ത്‌  2ജി–- കൽക്കരി കുംഭകോണ കേസുകളിൽ സിബിഐ ബോധപൂർവം വീഴ്‌ച വരുത്തുന്നതിൽ മനംമടുത്താണ്‌ ജസ്‌റ്റിസ്‌ ലോധ ക്ഷുഭിതനായി പ്രതികരിച്ചത്. കൽക്കരിക്കേസ് അന്വേഷണ റിപ്പോർട്ടിൽ പ്രധാനമന്ത്രി കാര്യാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും നിർദേശപ്രകാരം മാറ്റം വരുത്തിയതാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്. ‘നിഷ്‌പക്ഷമായി പ്രവർത്തിക്കണമെങ്കിൽ ബാഹ്യസമ്മർദമുണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്തണം. സിബിഐയെ സ്വതന്ത്രമാക്കിയില്ലെങ്കിൽ കോടതിക്ക്‌ ഇടപെടേണ്ടതായി വരും. സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയമല്ല സിബിഐയുടെ ജോലി. സർക്കാരിന്റെ സമ്മർദങ്ങളെയും പിടിവലികളെയും എങ്ങനെ അതിജീവിക്കണമെന്ന്‌ സിബിഐ അറിയേണ്ടതുണ്ട്‌. സിബിഐയുടെ സ്വയംഭരണാധികാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള വിനീത്‌ നരെയ്‌ൻ കേസ്‌ വിധി വന്ന്‌ 15 വർഷം കഴിഞ്ഞിട്ടും എന്തിനാണ്‌ കേന്ദ്രം ഇടപെടലുകൾ നടത്തുന്നത്’‌–- ജസ്‌റ്റിസ്‌ ലോധ ആരാഞ്ഞു.

വിമർശനങ്ങള്‍ക്ക് ഫലമില്ല

കീഴ്‌കോടതികൾമുതൽ സുപ്രീംകോടതിവരെ ഏറ്റവുമധികം വിമര്‍ശിച്ച കേന്ദ്ര ഏജൻസി സിബിഐ ആകും. അന്വേഷണപാളിച്ചയുടെ പേരിലും കേന്ദ്ര ഇടപെടലുകൾക്ക്‌ വഴങ്ങുന്നതിന്റെ പേരിലുമാണ്‌ വിമര്‍ശമേറെയും. സിബിഐയെ സ്വതന്ത്ര അന്വേഷണ ഏജൻസിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി നിരവധി ഇടപെടല്‍ നടത്തി‌. തൊണ്ണൂറുകളില്‍ കോളിളക്കമുണ്ടാക്കിയ ജയിൻ ഹവാല ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനീത്‌ നരെയ്‌ൻ നടത്തിയ നിമയപോരാട്ടത്തിന്റെ ഫലമായി സുപ്രീംകോടതി ശ്രദ്ധേയമായ വിധിന്യായം പുറപ്പെടുവിച്ചു. എൽ കെ അദ്വാനി, വി സി ശുക്ല തുടങ്ങി വിവിധ രാഷ്ട്രീയകക്ഷികളിലെ വമ്പൻമാർ ഉൾപ്പെട്ട ജയിൻ ഹവാല കേസിൽ അന്വേഷണം വഴിപിഴച്ചതോടെയാണ്‌ വിനീത്‌ നരെയ്‌ൻ സുപ്രീംകോടതിയെ സമീപിച്ചത്.

തുടര്‍ന്നാണ്, 1997ല്‍ സിബിഐയെ ‘ശരിപ്പെടുത്താൻ’ കോടതി പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചത്‌. സിബിഐ ഡയറക്ടർക്ക്‌ രണ്ടുവർഷ കാലാവധിയടക്കം സിബിഐയുടെയും സിവിസിയുടെയും പ്രവർത്തനങ്ങളില്‍ മാറ്റം വരുത്തി 16 നിർദേശം  മുന്നോട്ടുവച്ചു. സിബിഐക്കുമേൽ സിവിസിക്ക്‌ മേൽനോട്ടച്ചുമതല, ഡയറക്ടറെ കണ്ടെത്താന്‍‌ സിവിസി നേതൃത്വത്തിൽ പ്രത്യേക സമിതി, അന്വേഷണ കാര്യങ്ങളിൽ ഡയറക്ടർക്ക്‌ പൂർണ സ്വാതന്ത്ര്യം, പ്രോസിക്യൂഷന്‍ വീഴ്ചകൾ  കണ്ടെത്തി നടപടിക്ക്‌ വ്യവസ്ഥ തുടങ്ങിയവ  നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

വിധി വന്ന്‌ ആറുവർഷം കഴിഞ്ഞാണ്‌ ജസ്‌റ്റിസ്‌ ആർ എം ലോധയ്‌ക്ക്  ‘കൂട്ടിലടച്ച തത്ത’ പ്രയോ​ഗം നടത്തേണ്ടിവന്നത്. സിബിഐയുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പുവരുത്തുമെന്ന്‌ അന്നത്തെ അറ്റോർണി ജനറല്‍ ജി ഇ വഹൻവതി ജസ്‌റ്റിസ്‌ ലോധയ്‌ക്ക്‌ ഉറപ്പുനൽകിയെങ്കിലും ഒന്നുംസംഭവിച്ചില്ല. 

വിഡ്ഢിദിനത്തിൽ പിറവി

 ‘വിഡ്ഢികളുടെ കേന്ദ്ര ബ്യൂറോ’യല്ലെന്ന്‌ സിബിഐ ആവർത്തിച്ച്‌ അവകാശപ്പെടുമെങ്കിലും 1963ലെ വിഡ്ഢിദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച  വിജ്ഞാപനത്തിലൂടെയാണ്‌ ഈ സ്ഥാപനം രൂപീകൃതമായത്‌‌. പാർലമെന്റ്‌ പാസാക്കിയ  നിയമപിൻബലം സിബിഐയ്‌ക്കില്ല. അതുകൊണ്ടുതന്നെ സിബിഐയുടെ ഭരണഘടനാ സാധുത പലവട്ടം ചോദ്യംചെയ്യപ്പെട്ടു‌. സിബിഐക്ക്‌ രൂപംനൽകിയുള്ള 1963ലെ വിജ്ഞാപനം ഗുവാഹത്തി ഹൈക്കോടതി റദ്ദുചെയ്‌തിരുന്നു. പിന്നീട്‌ സുപ്രീംകോടതി ഈ ഉത്തരവ്‌ സ്‌റ്റേ ചെയ്‌തു. കേസ്‌ ഇപ്പോഴും തുടരുകയാണ്‌.

രാഷ്ട്രീയ ഉപകരണംമാത്രം: വിനീത്‌ നരെയ്‌ൻ

കേന്ദ്രത്തിൽ ഏതുപാർടി അധികാരത്തിൽ വരുന്നോ അവരുടെ രാഷ്ട്രീയ ഉപകരണം മാത്രമാണ്‌ ഇപ്പോഴും സിബിഐയെന്ന്‌‌ ജയിൻഹവാല ഇടപാട്‌ പുറത്തുകൊണ്ടുവരികയും സിബിഐയിൽ വലിയ മാറ്റങ്ങൾക്ക്‌ വഴിയൊരുക്കിയ സുപ്രീംകോടതി വിധിക്ക്‌ കാരണക്കാരനുമായ മാധ്യമപ്രവർത്തകൻ വിനീത്‌ നരെയ്‌ൻ പറയുന്നു. രാഷ്ട്രീയ എതിരാളികളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനാണ്‌ സിബിഐയെ ഉപയോഗിക്കുന്നത്‌. സിബിഐക്ക്‌ സ്വയംഭരണം ഉറപ്പിക്കാൻ പല ശ്രമങ്ങളുമുണ്ടായെങ്കിലും കാര്യങ്ങളിൽ ഒരു മാറ്റവും ഇപ്പോഴുമില്ല–- നരെയ്‌ൻ പറഞ്ഞു. 

എം പ്രശാന്ത‌്

No comments:

Post a Comment