ന്യൂഡല്‍ഹി> യുപിയിലെ ഹാഥ്‌രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കു വീണ്ടും യാത്രതിരച്ച രാഹുല്‍ ഗാന്ധിയുടെ വഴിതടഞ്ഞ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വലിയ തോതിലുള്ള പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
ഹാഥ്‌രാസിലെ ബൂള്‍ഗാര്‍ഹി ഗ്രാമത്തിന് പുറത്തായാണ് പൊലീസുകാരെ വിന്യസിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് രാഹുല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള ശ്രമം നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഹാഥ്‌രാസിലേക്ക് വരുന്നത്.
ഹാഥ്‌രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഹാഥ്‌രാസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും യു.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യുപി സര്‍ക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഹാഥ്‌രാസ്: സ്‌മൃതി ഇറാനിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു
ആഗ്ര > ആഗ്രയില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ പ്രതിഷേധം. സ്‌മൃതി ഇറാനിയുടെ വാഹനവ്യൂഹം സമരക്കാർ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുകയായിരുന്നു. വനിതകൾ അടക്കമാണ് സ്‌മൃതി ഇറാനിക്കെതിരെ പ്രതിഷേധിച്ചത്. സ്‌മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
നേരത്തെ ഹാത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസും ഇടത് പാർട്ടികളും രാഷ്‌ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് സ്‌മൃതി ഇറാനി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്‌മൃതി ഇറാനിയുടെ പ്രസ്‌താവന. അതേസമയം വിഷയത്തില്‍ പ്രതികരണം നടത്താനോ നടപടിയെ അപലപിക്കാനോ പോലും തയ്യാറാകാത്ത സ്‌മൃതി ഇറാനിയുടെ നടപടി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിയ്‌ക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധം ആളിക്കത്തുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
ഹാഥ്‌രാസ് സംഭവം: കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍
ലക്‌നൗ> ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍.
നേരത്തെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം നുണ പരിശോധന നടത്താന്‍ ഉത്തരവിറക്കിയത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ ഉത്തരവ് വിവാദത്തിലാകുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഇനിയും പീഡിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.


No comments:
Post a Comment