Thursday, October 8, 2020

പരിശോധന നേർവഴിയിലാണ്‌; വാട്‌സാപ്‌ നുണകൾക്ക്‌ ബ്രേക്കിടൂ...

 വാഹനവകുപ്പിന്റെ പതിവ്‌ പരിശോധനയും പിഴ ഈടാക്കലുമാണല്ലോ കഴിഞ്ഞ കുറച്ചുദിവസമായി വാഹനപ്രേമികൾക്കിടയിലെ പ്രധാന ചർച്ച. നിയമപരമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കുവരെ‌ അമിത പിഴ ഈടാക്കി ഖജനാവിലേക്ക്‌ പണം നിറയ്‌ക്കുന്നു എന്നുവരെ പറയുന്നവരുണ്ട്‌. വാട്‌സാപ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പടച്ചുവിട്ട വ്യാജ സന്ദേശങ്ങളുടെ വാലിൽത്തൂങ്ങി വെടി പൊട്ടിക്കുംമുമ്പ്‌ എന്താണ്‌ സത്യം എന്നറിയേണ്ടേ?

അനുവദനീയമായ രൂപമാറ്റങ്ങൾ

● അലോയ് വീലുകൾ ഉപയോഗിക്കാം, പക്ഷെ വാഹനത്തിന്റെ വേരിയന്റിൽ അനുവദിച്ച ടയറിന്റെ വലുപ്പമേ പാടുള്ളൂ. പുറത്തേക്ക് തള്ളിനിൽക്കാനും പാടില്ല.

● ഒരേ പ്രവർത്തനക്ഷമതയുള്ള സ്പെയർ പാർട്‌സുകൾ മാറ്റാം.

● ഓട്ടോമുതൽ എട്ടു സീറ്റിൽ കൂടാത്ത പാസഞ്ചർ വാഹനങ്ങളിൽവരെ വാവനത്തിന്റെ മുകൾഭാഗം

സോഫ്റ്റ് ടോപ്‌ മാറ്റി ഹാർഡ് ടോപ്പാക്കാനും തിരിച്ചും അനുമതിയുണ്ട്‌.

● ഭാരം, സീറ്റിങ്‌ കപ്പാസിറ്റി, ക്ലാസ്‌, ടാക്സ് തുടങ്ങിയവ മാറ്റാതെ സീറ്റിൽ‌ മാറ്റം വരുത്താം.

● വാഹനത്തിൽ സ്‌കർട്ടിങ്ങും കയറുന്നതിനുള്ള ഫുട്സ്റ്റെപ്പുകളും ഘടിപ്പിക്കാം. എന്നാൽ, റോഡുമായുള്ള ഉയരം കുറയാൻ പാടില്ല.

● ആര്‍ടി ഓഫീസില്‍ അറിയിച്ച്‌ വാഹനങ്ങളുടെ നിറം മാറ്റാം. തുടർന്ന്‌ അതിനുള്ള ഫീസടച്ച്‌ ആര്‍സി ബുക്കില്‍ മാറ്റിയ നിറം രേഖപ്പെടുത്തണം.

പിടിവീഴും

● പെട്രോൾ എൻജിൻ മാറ്റി ഡീസൽ എൻജിനോ തിരിച്ചോ അനുവദിക്കില്ല. 10 വാഹനം ഉള്ളവർക്ക് ഇതിൽ‌ ഇളവുണ്ട്‌.

● വായിക്കാന്‍ കഴിയാത്ത തരത്തിൽ മാറ്റം വരുത്തിയ നമ്പര്‍ പ്ലേറ്റുകള്‍ പാടില്ല. പുതിയ വാഹനങ്ങളിലെ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ്‌‌ ഇളക്കിമാറ്റുന്നത്‌ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഇടയുള്ള കുറ്റമാണ്‌.

● വ്യത്യസ്ത ശബ്ദത്തിലുള്ളതും ഒച്ചകൂടിയതോ ആയ ഹോണുകൾ പാടില്ല.

● വിൻഡ്ഷീൽഡിലും ഗ്ലാസുകളിലും 70 ശതമാനത്തിനു മുകളിൽ കട്ടിയുള്ള സൺഫിലിം, വിൻഡോ കർട്ടൻ എന്നിവ പാടില്ല.

 സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ളവർക്ക്‌ ഇത്‌ അനുവദനീയമാണ്‌.

● വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാർ, ക്രാഷ് ബാർ എന്നിവ ഘടിപ്പിക്കാൻ പാടില്ല.

● കമ്പനികള്‍ ഘടിപ്പിക്കുന്ന സൈലന്‍സര്‍മാത്രമേ വാഹനങ്ങളിൽ പാടുള്ളൂ.ഹെഡ് ലൈറ്റുകള്‍ 50-60 വാട്സ് വെളിച്ചത്തില്‍ കൂടാന്‍ പാടില്ല.

എല്ലാം ഡിജിറ്റലാണ്‌  

റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം മൊബൈൽ ആപ്പിൽ പതിഞ്ഞാല്‍ പിഴ വാഹന്‍ സോഫ്‌റ്റ്‌വയറാണ്‌ നിശ്ചയിക്കുക.

അതിൽ ഉദ്യോഗസ്ഥർക്ക്‌ ഇടപെടാനാകില്ല. മുമ്പ്‌ 500 രൂപയായിരുന്നു പിഴ. പുതിയ നിയമപ്രകാരം ഓരോ മാറ്റത്തിനും 5000 രൂപവീതമാകും.

പരാതിയുണ്ടോ...?

വാഹനത്തിന്‌ പിഴ ചുമത്തി സന്ദേശം വന്നാല്‍ ഉടമയ്ക്ക്‌ ആര്‍ടിഒയ്ക്ക് അപ്പീല്‍ നല്‍കാം. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ രേഖകള്‍ പരിശോധിച്ച്‌ നിയമപ്രകാരമല്ല പിഴ എങ്കില്‍ ശിക്ഷ ഇളവ്‌ നല്‍കാന്‍ ആര്‍ടിഒയ്ക്ക് അധികാരമുണ്ട്.

‘വാഹനവകുപ്പിന്റെ പരിശോധന, പിഴ ചുമത്തൽ എന്നിവ നടക്കുന്നത്‌ നിയമപ്രകാരംമാത്രം. പിഴയുടെ 50 ശതമാനം വകയിരുത്തുന്നത്‌ റോഡ്‌ സുരക്ഷാ ഫണ്ടിലേക്കാണ്‌.അല്ലാതെ സർക്കാരിന്‌‌ ഫണ്ട്‌ കൂട്ടാനല്ല. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച്‌ നിലവിലുള്ള തെറ്റിദ്ധാരണകളാണ്‌ വിവാദങ്ങൾക്കു പിന്നിലെന്ന്‌ ജോയിന്റ്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ രാജീവ്‌ പുത്തലത്ത്‌ പറഞ്ഞു.

നിമിഷ ജോസഫ്‌ 

No comments:

Post a Comment