Thursday, October 8, 2020

എന്തുപറ്റി അന്വേഷണത്തിന്‌ ? നികുതിവെട്ടിപ്പിൽ ഒതുങ്ങുമോ ; മൂന്ന്‌ മാസമായിട്ടും യുഎപിഎയ്‌ക്ക്‌ തെളിവില്ല

 വലിയ കോലാഹലത്തിൽ തുടങ്ങിയ സ്വർണക്കടത്ത്‌ കേസന്വേഷണം മൂന്നുമാസംകഴിഞ്ഞിട്ടും എങ്ങുമെത്തിക്കാനാകാതെ കോടതിയുടെ വിമർശമേറ്റുവാങ്ങി കേന്ദ്ര സർക്കാർ ഏജൻസികൾ. പ്രധാന പ്രതികളിലേക്കും യുഎഇ കോൺസുലേറ്റ്‌ അധികൃതരിലേക്കുമുള്ള അന്വേഷണം വഴിമുട്ടിയതോടെ നയതന്ത്രബാഗേജിൽ സ്വർണം കടത്തിയ സംഭവം കേവലം നികുതിവെട്ടിപ്പുകേസായി അവസാനിക്കുന്നതിലേക്കാണ്‌ നീങ്ങുന്നത്‌.

അന്താരാഷ്‌ട്ര തീവ്രവാദബന്ധമാരോപിച്ച്‌ എൻഐഎ ഏറ്റെടുത്ത അന്വേഷണം മൂന്നുമാസമായിട്ടും ശക്തമായ തെളിവുകൾ സമർപ്പിക്കാൻ കഴിയാതെ കോടതിപോലും വിമർശിച്ചു. രാഷ്‌ട്രീയ  ഇടപെടലിൽ കസ്‌റ്റംസ്‌ അന്വേഷണവും ഇടയ്‌ക്കു വഴിതെറ്റി. 100 ദിവസമായിട്ടും പ്രാഥമിക കുറ്റപത്രംപോലും സമർപ്പിക്കാൻ കസ്‌റ്റംസിനായില്ല. ഇതോടെ കസ്‌റ്റംസ്‌ കേസിലെ പത്ത്‌ പ്രതികൾ ജാമ്യം നേടി.

പ്രതികൾക്ക്‌ ജാമ്യം അനുവദിക്കാതിരിക്കാൻ വ്യക്തമായ തെളിവുനൽകാനാണ്‌ കോടതി എൻഐയോട്‌ ആവശ്യപ്പെട്ടത്‌. കേസ്‌ഡയറി  പരിശോധിച്ചശേഷവും കോടതി  പഴയ ചോദ്യങ്ങൾ പ്രോസിക്യൂഷനോട്‌ ആവർത്തിച്ചു. കേസിന്റെ മേൽനോട്ടമുള്ള അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറലിന്‌ രണ്ടാംദിവസവും വ്യക്തമായ മറുപടി നൽകാനായില്ലെന്നത്‌ ഗൗരവമാണ്‌.

തെളിവില്ലെങ്കിൽ ജാമ്യം

ജൂലൈ പത്തിനാണ്‌ സ്വർണക്കടത്ത്‌ കേസന്വേഷണം എൻഐഎ ഏറ്റെടുത്ത്‌ കൊച്ചിയിലെ പ്രത്യേക കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്‌. അടുത്തദിവസം പ്രധാനപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ്‌ നായരെയും അറസ്‌റ്റ്‌ ചെയ്‌തു. 30 പ്രതികളിൽ  വിദേശത്തുള്ള ആറുപേരൊഴികെ എല്ലാവരെയും അറസ്‌റ്റ്‌ ചെയ്‌തു. എന്നാൽ, അന്വേഷണമാരംഭിച്ചിട്ട്‌ ബുധനാഴ്‌ച 90 ദിവസം പുർത്തിയായപ്പോഴും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ എൻഐഎക്കായില്ല. ഈ സാഹചര്യത്തിലാണ്‌   പ്രതികൾക്ക്‌ ജാമ്യത്തിന്‌ അർഹതയുണ്ടെന്ന്‌ കോടതി വ്യക്തമാക്കിയത്‌. യുഎപിഎ പ്രകാരമുള്ള കേസുകളിൽ ആറ്‌ മാസംവരെ  ജാമ്യം നിഷേധിക്കാമെങ്കിലും 90 ദിവസത്തിനുശേഷം തെളിവുകൾ പരിശോധിച്ച്‌ ജാമ്യം നൽകാൻ കോടതിക്ക്‌ കഴിയുമെന്ന്‌ നിയമവിദഗ്‌ധർ പറയുന്നു. 

വിദേശബന്ധം തൊടാനാകാതെ എൻഐഎ

സ്വർണക്കടത്തിന്റെ പ്രധാന ഗൂഢാലോചനയും പ്രവർത്തനങ്ങളും നടന്നത്‌ യുഎഇയിലാണെന്ന്‌ എൻഐഎ കണ്ടെത്തിയിരുന്നു. എന്നാൽ, അതിന്‌ നേതൃത്വം നൽകിയ ഫൈസൽ ഫരീദും റബിൻസ്‌ ഹമീദും ഉൾപ്പെടെ ആറ്‌ പ്രതികളും കാണാമറയത്താണ്‌.  പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനോ കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ല.  യുഎഇയിലുള്ള പ്രതികളെയും കോൺസുലേറ്റ്‌ അധികൃതരെയും ചോദ്യം ചെയ്യാൻ വൈകിയാൽ അറസ്‌റ്റിലായ 24 പ്രതികളും വൈകാതെ ജാമ്യത്തിലിറങ്ങും. 

കണ്ണടച്ച്‌ കേന്ദ്രം

വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ താൽപ്പര്യമില്ലായ്‌മയാണ്‌ വിദേശത്തേക്ക്‌ അന്വേഷണം നീളുന്നതിന്‌ തടസ്സം. തുടക്കത്തിൽ വിദേശത്തുള്ള പ്രതികളുടെ പസ്‌പോർട്ട്‌ റദ്ദാക്കാൻ കാണിച്ച ഉത്സാഹം കേന്ദ്രത്തിൽനിന്ന്‌ പിന്നീടുണ്ടായില്ല. സ്വർണം കടത്തിയത്‌ നയതന്ത്രബാഗേജിലല്ല എന്ന്‌ കേന്ദ്രസഹമന്ത്രി  ആവർത്തിക്കുന്നതും കേന്ദ്ര സർക്കാരിനുള്ള താൽപ്പര്യക്കുറവ്‌ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കണക്കിലെടുത്താൽ  പ്രതികളെ വിട്ടുകിട്ടാൻ തടസ്സമില്ലെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

വഴിതെറ്റി കസ്‌റ്റംസും

ജൂലൈ ആറിനാണ്‌ കസ്‌റ്റംസ്‌ എഫ്‌ഐആർ നൽകിയത്‌. ദിവസങ്ങൾക്കുള്ളിൽ പ്രധാനപ്രതികളെ പിടികൂടി അന്വേഷണം പകുതിയിലേറെ പൂർത്തിയാക്കി. എന്നാൽ,  രാഷ്‌ട്രീയ ഇടപെടലിലൂടെ ജോയിന്റ്‌ കമീഷണറെ നീക്കിയത്‌  തിരിച്ചടിയായി. സൂപ്രണ്ട്‌ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റി വീണ്ടും രാഷ്‌ട്രീയ ഇടപെടലുണ്ടായി. അന്വേഷണത്തിലും തുടർനടപടികളിലും പിന്നീടുണ്ടായ മന്ദത കോടതികളിൽ പ്രതിഫലിച്ചു.

No comments:

Post a Comment