Sunday, October 18, 2020

ബൽവീന്ദർ സിങ്‌: മരണംവരെ ഭീകരതയെ ചെറുത്തുനിന്ന ധീരനായ കമ്യൂണിസ്റ്റ്‌; പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗം‌

 മരണംവരെ ഭീകരതയെ ചെറുത്തുനിന്ന ധൈര്യശാലിയായ കമ്യൂണിസ്റ്റായിട്ടാകും ബൽവീന്ദർ സിങ്‌ സന്ധുവിനെ വരുംകാലം ഓർമിക്കുക. പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ബൽവീന്ദർ സിങ്ങും കുടുംബവും നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗം‌. അറുപതിലേറെ തവണയാണ്‌ ഇവർക്കെതിരെ വധശ്രമമുണ്ടായത്‌.   1990 സെപ്‌തംബർ 30നാണ്‌ വലിയ ആക്രമണമുണ്ടായത്‌. ഖാലിസ്ഥാൻ വിഘടനവാദികളുടെ കമാൻഡോ സംഘം നേതാവായ പരംജീത്‌ സിങ്‌ പാഞ്ച്‌വറിന്റെ നേതൃത്വത്തിൽ ഇരുനൂറോളം ഭീകരർ വീട്‌ വളഞ്ഞു. കലാഷ്‌നിക്കോവ്‌ തോക്കുകളും റോക്കറ്റ്‌ ലോഞ്ചറുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ആരും സഹായത്തിന്‌ എത്താതിരിക്കാൻ വീട്ടിലേക്കുള്ള വഴിയിലുടനീളം  കുഴിബോംബുകൾ പാകിയിരുന്നു.

ബൽവീന്ദറും കുടുംബവും അസാധാരണമായ രീതിയിൽ  ആക്രമണത്തെ പ്രതിരോധിച്ചു. അഞ്ച്‌ മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടിട്ടും കുടുംബത്തെ മുട്ടുകുത്തിക്കാൻ കഴിഞ്ഞില്ല. റോക്കറ്റ്‌ ആക്രമണത്തെ ചെറുക്കാൻ ശക്തിയുള്ള ഭിത്തികൾ കെട്ടിയും വീടിനുള്ളിൽ ബങ്കറുകൾ ഉണ്ടാക്കിയും കുടുംബാംഗങ്ങളെ മുഴുവൻ ആയുധം പരിശീലിപ്പിച്ചും ബൽവീന്ദർ ഭീകരാക്രമണങ്ങളെ പിന്നെയും ചെറുത്തു. രണ്ട്‌ വയസ്സുമാത്രമുണ്ടായിരുന്ന മകൻ ഗഗൻദീപിനെ  തോക്കുകളിൽ തിരനിറയ്‌ക്കാൻ പരിശീലിപ്പിച്ചിരുന്നു.1993ൽ ശൗര്യചക്ര പുരസ്‌കാരം നൽകി രാജ്യം ആ ധീരതയെ വാഴ്‌ത്തി. നാഷണൽ ജ്യോഗ്രഫിക്‌ ചാനൽ ഉൾപ്പെടെ ആ വീരകാണ്ഡത്തെ പുകഴ്‌ത്തി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. ആ ധീരതയെ കാലം ഒരിക്കലും മറക്കില്ലെന്ന്‌ 1992 മുതൽ 1994 വരെ അമൃത്‌സർ ഡെപ്യൂട്ടി കമീഷണറായിരുന്ന കെ ബി എസ്‌ സിദ്ധു അനുസ്‌മരിച്ചു.

കൊലയ്‌ക്ക്‌ വഴിയൊരുക്കിയത്‌ കോൺഗ്രസ്‌ സർക്കാര്‍

പഞ്ചാബിൽ  ഭീകരവാദത്തിനെതിരെ പോരാടിയ ഇടതുപക്ഷ നേതാവും ശൗര്യചക്ര ജേതാവുമായ ബൽവീന്ദർ സിങ്‌ സന്ധുവിന്റെ കൊലപാതകത്തിന്‌ വഴിയൊരുക്കിയത്‌‌ കോൺഗ്രസ്‌ സർക്കാരിന്റെ പ്രതികാരമനോഭാവം. ബൽവീന്ദർ സിങ്ങിന് ജീവന് ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷ നൽകിയിരുന്നു. സംസ്ഥാനസർക്കാർ മാസങ്ങൾക്കുമുമ്പ്‌ സുരക്ഷ പിൻവലിച്ചു. ‌വെള്ളിയാഴ്‌ച ഭിഖിവിന്ദ്‌ ഗ്രാമത്തിലെ വീട്ടിലെത്തിയാണ് അക്രമികൾ‌ വെടിവച്ചത്‌.

സിപിഐ എം പ്രവർത്തകനായിരുന്ന ബൽവീന്ദർ സിങ്ങും കുടുംബവും ഭീകരവാദത്തിന്‌ എതിരെ നടത്തിയ പോരാട്ടം അന്തർദേശീയ തലത്തിൽ  ശ്രദ്ധനേടിയതാണ്. 1993ൽ ബൽവീന്ദർ സിങ്‌, ഭാര്യ ജഗദീഷ്‌കൗർ, സഹോദരൻ രഞ്‌ജീത്‌ സിങ്‌, ഭാര്യ ബൽരാജ്‌കൗർ എന്നിവർക്ക്‌ ശൗര്യചക്ര പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. കുടുംബത്തിലെ നാലുപേർക്ക്‌ ശൗര്യചക്ര ലഭിച്ചത്‌ അപൂർവചരിത്രം. ചരിത്രത്തെ മാനിക്കാൻ പഞ്ചാബിലെ കോൺഗ്രസ്‌ സർക്കാർ തയ്യാറായില്ലെന്നും‌ കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ്‌ സംവിധാനം പരാജയമാണെന്നും ജഗദീഷ്‌കൗർ പ്രതികരിച്ചു. കുറ്റവാളികളെ പിടികൂടുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന്‌ കുടുംബം അറിയിച്ചു.

മരണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ എസ്‌ഐടിക്ക്‌ രൂപംകൊടുത്തിട്ടുണ്ടെന്നും ഉടൻ കുറ്റവാളികളെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്‌ പ്രതികരിച്ചു.

No comments:

Post a Comment