Sunday, October 18, 2020

കോൺഗ്രസ്‌ അഴിമതിയുടെ കേന്ദ്രം ; വീക്ഷണം മുൻ മാർക്കറ്റിങ്‌ മാനേജർ സിപിഐ എമ്മിനൊപ്പം

 അഴിമതിയിലും ഗ്രൂപ്പുകളിയിലും മനംമടുത്ത്‌ വീക്ഷണം പരസ്യവിഭാഗം മുൻ ചീഫ്‌ മാനേജർ ജോബി കുന്നക്കാട്ട്‌ കോൺഗ്രസ്‌ വിട്ടു. പാർടിബന്ധം ഉപേക്ഷിക്കുകയാണെന്നും ഇനി സിപിഐ എമ്മിനോട്‌ യോജിച്ച്‌ പ്രവർത്തിക്കുമെന്നും ജോബി ദേശാഭിമാനിയോട്‌ പറഞ്ഞു.  അഴിമതിയുടെയും ഗ്രൂപ്പുകളിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി കേരളത്തിലെ കോൺഗ്രസ്‌ മാറി. സത്യസന്ധരായ പ്രവർത്തകർക്ക്‌ അവിടെ സ്ഥാനമില്ല. അഴിമതിവിരുദ്ധനെന്ന്‌ സ്വയം പ്രഖ്യാപിക്കുന്ന പി ടി തോമസ്‌ ഏറ്റവും വലിയ കാപട്യക്കാരനാണ്‌. പി ടി തോമസ്‌ മാനേജിങ്‌ ഡയറക്‌ടറായിരിക്കെ വീക്ഷണം പത്രത്തിന്‌ ലഭിച്ച കോടിക്കണക്കിന്‌ രൂപ മുക്കി. ജീവനക്കാരുടെ ശമ്പളവും ന്യൂസ്‌പ്രിന്റിന്റെ പണവും പോലും നൽകിയിട്ടില്ല.

പരിചയസമ്പന്നരെ മാറ്റി പത്രത്തിന്റെ പ്രധാനസ്ഥാനങ്ങളിലെല്ലാം സ്വന്തക്കാരെ നിയമിച്ചു. സ്വജനപക്ഷപാതിയായ ഇദ്ദേഹം എന്ത്‌ കൊള്ളരുതായ്‌മയും കാണിക്കാൻ മടിക്കാത്തവനാണെന്നും ജോബി പറഞ്ഞു.  കെടുകാര്യസ്ഥതയെ ചോദ്യം ചെയ്‌തതിനാണ്‌ പരസ്യവിഭാഗം സംസ്ഥാന ചീഫായിരുന്ന തന്നെ തിരുവനന്തപുരം ചീഫായി തരംതാഴ്‌ത്തിയത്‌‌. പറയാനുള്ളത്‌ മുഖത്തുനോക്കി പറഞ്ഞ്‌ ഇറങ്ങിപ്പോന്ന തന്നെ പി ടി തോമസ്‌ പിന്നീട്‌ ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ജോബി പറഞ്ഞു. 2005ൽ ആണ്‌ ജോബി വീക്ഷണത്തിൽ ചുമതലയേറ്റത്‌.

പി ടി തോമസ് ഉൾപ്പെട്ട കള്ളപ്പണമിടപാട് ; പരാതി നൽകിയ സിപിഐ എം നേതാവിനെ വധിക്കാൻ ശ്രമം

പി ടി തോമസ് എംഎൽഎ ഉൾപ്പെട്ട കള്ളപ്പണ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയ സിപിഐ എം നേതാവിനെ വധിക്കാൻ ശ്രമം. വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണബാങ്ക് പ്രസിഡന്റുമായ അഡ്വ. എ എൻ സന്തോഷിനെയാണ്‌ അജ്ഞാതസംഘം വധിക്കാൻ ശ്രമിച്ചത്‌. ശനിയാഴ്‌ച പ്രഭാതസവാരിക്കിടെ പാടിവട്ടം അർക്കക്കടവ്‌ റോഡിൽ കുഞ്ഞാട്ടുഭാഗത്താണ്‌ സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘം സന്തോഷിനെ കത്തികൊണ്ട്‌ കുത്താൻ പാഞ്ഞടുക്കുകയായിരുന്നു. അക്രമികളെ കണ്ട സന്തോഷ് അതുവഴിവന്ന വാഹനത്തിൽ കയറി രക്ഷപ്പെട്ടു. സന്തോഷ്‌ പാലാരിവട്ടം പൊലീസിൽ പരാതി നൽകി.

നടക്കാനിറങ്ങിയപ്പോൾ മൂന്നംഗ സംഘം ബൈക്കിൽ കടന്നുപോകുകയും നിരീക്ഷിക്കുകയും ചെയ്‌തതായി സന്തോഷ്‌ പറഞ്ഞു.  വിജനമായ സ്ഥലത്തെത്തിയപ്പോൾ ബൈക്കിലെത്തിയ സംഘത്തിൽ ഒരാൾ കത്തിയുമായി വീശിയടുക്കുകയായിരുന്നു. ആളുമാറിയതാണെന്ന് കരുതി മാസ്‌ക്‌ നീക്കി മുഖം കാണിച്ചു. എന്നിട്ടും കുത്താൻ അടുത്തു‌. ഇതോടെ ആസൂത്രിതമായ ആക്രമണമാണെന്ന് മനസ്സിലാക്കി പിന്തിരിഞ്ഞ് ഓടി അതുവഴി വന്ന മാലിന്യ ലോറിയിൽ കയറി രക്ഷപ്പെട്ടു.  അക്രമികളുടെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്–-സന്തോഷ്‌ പറഞ്ഞു. 

എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സന്തോഷിനെ  സന്ദർശിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണിയും വീട്ടിലെത്തി.

പി ടി തോമസ്‌ പൊതുപ്രവർത്തനത്തെ അധോലോകപ്രവർത്തനമാക്കി: എ വിജയരാഘവൻ

പി ടി തോമസ് എംഎൽഎ പൊതുപ്രവർത്തനത്തെ അധോലോകപ്രവർത്തനമാക്കിയെന്ന് എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. ഭൂമാഫിയയുടെ ഒത്തുതീർപ്പ് സംഘത്തിന്റെ നായകസ്ഥാനം അലങ്കരിക്കാൻ എംഎൽഎ ഇറങ്ങിയത് അപമാനകരമാണ്‌. ഇക്കാര്യത്തിൽ വിജിലൻസ്‌ അന്വേഷണം വേണമെന്ന്‌ അദ്ദേഹം പറഞ്ഞു. എംഎൽഎ ഉൾപ്പെട്ട കള്ളപ്പണമിടപാടിൽ വഞ്ചിക്കപ്പെട്ട ഇടപ്പള്ളി അഞ്ചുമനയിലെ സ്ഥല ഉടമ രാജീവനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടു മധ്യസ്ഥത്തിന് ജെസിബിയുമായി പോകുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും. ലക്ഷങ്ങളുടെ കൈമാറ്റത്തിന് എംഎൽഎ അധ്യക്ഷനായത്‌ കേട്ടുകേൾവി ഇല്ലാത്തതാണ്‌.  സിപിഐ എമ്മിന്റെ ഇടപെടലിലൂടെ ആണ് തീവെട്ടിക്കൊള്ള തടയാനായത്. അതിനാലാണ്‌ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ എൻ സന്തോഷിനെ ആക്രമിക്കാനുള്ള ശ്രമം നടന്നത്‌–- എ വിജയരാഘവൻ പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിൻസെന്റ്‌, ഏരിയ കമ്മിറ്റി അംഗം എ ജി ഉദയകുമാർ, വെണ്ണല ലോക്കൽ സെക്രട്ടറി കെ ടി സാജൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment