ഹിമാചലിലെ മണാലിയെ ലാഹോൾ–- സ്‌പിതി ജില്ലയുമായി ബന്ധിപ്പിക്കുന്ന അടൽ ടണൽ രാഷ്ട്രത്തിന് സമർപ്പിച്ചുള്ള പ്രസംഗത്തിലും തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.
2014ൽ തന്റെ സർക്കാർ അധികാരത്തിലെത്തിയശേഷമാണ് ടണൽ നിർമാണത്തിന് വേഗമേറിയതെന്നാണ് അവകാശവാദം. 2010ൽ ആരംഭിച്ച തുരങ്കനിർമാണം 2013–-14 വരെ പ്രതിവർഷം മുന്നൂറ് മീറ്റർ എന്ന തോതിലാണ് പുരോഗമിച്ചത്. എന്നാൽ, 2014 മുതൽ പ്രതിവർഷം 1400 മീറ്റർ വീതം പണി പൂർത്തിയാക്കി–- മോഡി പറഞ്ഞു.
തുരങ്കനിർമാണത്തിന്റെ ആദ്യഘട്ടത്തിൽ കനത്ത വെള്ളമൊഴുക്കുമൂലം മന്ദഗതിയിലായിരുന്നു പണി പുരോഗമിച്ചത്. നിർമാണത്തിന് മേൽനോട്ടം വഹിച്ച എൻജിനിയർമാർ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
1.8 കി.മീ തൊട്ട് 2.4 കി.മീ വരെയുള്ള ദൂരത്തിലാണ് തുരങ്കത്തിന് മുകളിലൂടെ ഒഴുകിയിരുന്ന അരുവിയിൽ നിന്നുള്ള ജലപ്രവാഹം നിർമാണത്തിന് തടസ്സം സൃഷ്ടിച്ചത്.
പതിനായിരം അടി ഉയരത്തിലെ തുരങ്കവിസ്‌മയത്തില്‍ മലയാളിമുദ്ര
മണാലി (ഹിമാചൽ പ്രദേശ്) : സമുദ്രനിരപ്പിൽനിന്ന് പതിനായിരം അടി ഉയരത്തിൽ 9.02 കിലോമീറ്ററില്‍ മണാലിയെയും ലാഹോൾ–- സ്‌പിതിയെയു ബന്ധിപ്പിച്ച് തുരങ്കപാത യാഥാർഥ്യമാകുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. ദുഷ്‌കരമായ തുരങ്കപാത നിർമാണത്തിന് മേൽനോട്ടം വഹിച്ചത് ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ചീഫ് എൻജിനിയറായ കണ്ണൂർ ഏച്ചൂർ സ്വദേശി കെ പി പുരുഷോത്തമന്‍.
തുരങ്കപാത യാഥാർഥ്യമാക്കിയ സംഘത്തിലെ മലയാളി എൻജിനിയർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ പി പുരുഷോത്തമൻ. (മധ്യത്തിൽ നിൽക്കുന്നയാളാണ് പുരുഷോത്തമൻ
പതിനായിരം അടി ഉയരത്തിൽ ഒമ്പത് കിലോമീറ്ററിലേറെ നീളമുള്ള തുരങ്കപാത ലോകത്ത് ആദ്യം. തന്ത്രപ്രധാനമായ ലഡാക്കിലേക്ക് മഞ്ഞുകാലത്തും യാത്രയൊരുക്കാനാണ് റോത്തങ് ചുരത്തിന് സമാന്തരമായി തുരങ്കപാത. പീർപഞ്ചാൾ മലനിരകളെ കീറിമുറിച്ചുള്ള തുരങ്കത്തിനായി 2010ൽ തറക്കല്ലിട്ടു. വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഒരേ സമയമാണ് നിർമാണമാരംഭിച്ചതെന്ന് പുരുഷോത്തമൻ പറഞ്ഞു. മഞ്ഞുവീഴ്‌ച കാരണം വടക്കുഭാഗത്ത് ആറുമാസം പണി നടക്കില്ല. ആകെ നിർമാണത്തിന്റെ നാലിൽ മൂന്നും തെക്കുഭാഗത്തിലൂടെ. പല ദിവസങ്ങളിലും അര മീറ്റർ മാത്രമാണ് മുന്നോട്ടുപോകാനായത്. 600 മീറ്റർ ദൂരം താണ്ടാൻ വേണ്ടിവന്നത് മൂന്നുവർഷം.
കാലാവസ്ഥ തടസ്സമാകാത്ത വിധം ഇപ്പോള്‍ ലഹോൾ–- സ്‌പിതി വരെ തുരങ്കത്തിലൂടെ എത്താം. ലഡാക്ക് വരെ യാത്ര സാധ്യമാക്കാന്‍ രണ്ട് ടണൽകൂടിവേണം. ഇതും പരിഗണനയിലെന്ന് പുരുഷോത്തൻ പറഞ്ഞു. 2019ൽ വിശിഷ്ടസേവാ മെഡൽ ലഭിച്ച പുരുഷോത്തമൻ മുണ്ടേരി പഞ്ചായത്ത് വൈസ്‌പ്രസിഡന്റായിരുന്ന കേളമ്പേത്ത് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണ്. ഭാര്യ സിന്ധു, മക്കൾ വരുൺ, യുവിക.
എം പ്രശാന്ത‌്


No comments:
Post a Comment