Sunday, October 4, 2020

ടൈറ്റാനിയം കേസ് ‘അട്ടിമറിക്കുന്നത്‌ ചെന്നിത്തല ലോബി‌’ : സെബാസ്റ്റ്യൻ ജോർജ്

 ടൈറ്റാനിയം കേസ് അട്ടിമറിക്കുന്നതിനുപിന്നിൽ പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തല ഉൾപ്പെട്ട വൻ ലോബിയാണെന്ന് കമ്പനി മുൻ ജീവനക്കാരനും കേസിലെ പരാതിക്കാരനുമായ സെബാസ്റ്റ്യൻ ജോർജ്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ, 2014ൽ കേസ്‌ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്‌. കോടതിയിൽ തെറ്റായ റിപ്പോർട്ടു നൽകിയ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കേസിൽ പങ്കുണ്ട്.

കേസ് സിബിഐ ഏറ്റെടുക്കണമെന്ന എൽഡിഎഫ് സർക്കാരിന്റെ ആവശ്യം അംഗീകരിക്കാതിരിക്കാൻ കോൺഗ്രസ്‌ ബിജെപി നേതാക്കൾ ഇടപെട്ടിട്ടുണ്ട്‌.  അതുകൊണ്ടാണ്‌ എണ്ണൂറോളം പേർക്ക്‌ തൊഴിൽ നഷ്ടപ്പെടുകയും 250 കോടി നഷ്ടം വരുത്തുകയും ചെയ്ത കേസ് ഏറ്റെടുക്കാൻ സിബിഐ അലംഭാവം കാണിക്കുന്നത്‌.സിബിഐക്കുമേൽ ഈ ലോബിയുടെ വലിയ സമ്മർദം ഉണ്ടെന്നത്‌ വ്യക്തമാകുന്നതായും സെബാസ്‌റ്റ്യൻ ജോർജ്‌ പറഞ്ഞു.

ടൈറ്റാനിയം അഴിമതിക്കെതിരെ 20 വർഷമായി നിയമ പോരാട്ടത്തിലാണ് വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരനും മുൻ ദേശീയ വോളിബോൾ താരവും കൂടിയായ സെബാസ്റ്റ്യൻ ജോർജ്‌. കെപിസിസി അംഗമായിരുന്ന ജോർജ്‌ ജോസഫിന്റെ മകനാണ്.

ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് മാലിന്യ നിർമാർജന പ്ലാന്റിന്റെ മറവിൽ നടത്തിയ വമ്പൻ അഴിമതി പുറത്തുകൊണ്ടുവന്നത്‌. അപ്രായോഗിക പദ്ധതിയുടെപേരിൽ കോടികൾ അഴിമതി നടത്താനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ട ഉടനെ ലോകായുക്തയെ സമീപിച്ച് 2001–-ൽ സ്റ്റേ സമ്പാദിച്ചിരുന്നു. അത് ചില ഉദ്യോഗസ്ഥരും ഉന്നതരുമടങ്ങുന്ന സംഘം അട്ടിമറിച്ചു. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയെ രണ്ടുതവണ നേരിൽക്കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ത്വരിതാന്വേഷണം പ്രഖ്യാപിച്ച് മൂന്നാം നാൾ ആന്റണിക്ക്‌ മുഖ്യമന്ത്രി കസേരയിൽനിന്ന് ഇറങ്ങേണ്ടിയുംവന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിട്ടും അന്വേഷണം പ്രഖ്യാപിച്ചില്ല. ഒടുവിൽ, വി എസ് അച്യുതാനന്ദൻ സർക്കാരാണ്‌ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിദേശ കമ്പനികൂടി ഉൾപ്പെട്ട കേസായതിനാൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. 2019 സെപ്തംബറിലാണ്‌ കേസ് സിബിഐയ്ക്കു വിടാൻ മന്ത്രിസഭ തീരുമാനിച്ചത്‌. കേസ് അട്ടിമറിയ്ക്കാൻ ശ്രമിയ്ക്കുന്ന ലോബിയിൽ ചില ഐഎഎസുകാരും ന്യായാധിപന്മാരും ഉണ്ടെന്ന്‌ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കെ കെ ശ്രീജിത്ത്‌

No comments:

Post a Comment