Saturday, October 10, 2020

എംഎൽഎമാർ ഒന്നൊന്നായി കുരുക്കിൽ ; മുൾമുനയിൽ യുഡിഎഫ്‌ നേതൃത്വം

 ഒരു മുൻമന്ത്രിയടക്കം രണ്ട്‌ മുസ്ലിംലീഗ്‌ എംഎൽഎമാർക്കെതിരെ അറസ്റ്റിന്‌‌ വഴിയൊരുങ്ങുമ്പോൾ കള്ളപ്പണ ഇടപാടിൽ ഒരു കോൺഗ്രസ്‌ എംഎൽഎകൂടി സംശയനിഴലിലായത്‌ യുഡിഎഫ്‌ രാഷ്‌ട്രീയനേതൃത്വത്തെ മുൾമുനയിലാക്കി. പാലാരിവട്ടം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും 150 കോടിയുടെ ജ്വല്ലറി തട്ടിപ്പിന്‌ എം സി ഖമറുദ്ദീനും അനുദിനം കുരുക്ക്‌ മുറുകുമ്പോഴാണ്‌‌ പി ടി തോമസ്‌ 88 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണപരിധിയിലായത്‌‌.

അഴിമതി, തട്ടിപ്പ്‌, കോഴ, എന്നിവയ്‌ക്ക്‌ പുറമെ കള്ളപ്പണ ഇടപാടുമായതോടെ യുഡിഎഫ് ‌പ്രതീകവൽക്കരിക്കുന്ന രാഷ്‌ട്രീയ സമവാക്യം ഇതോടെ പൂർത്തിയാകുന്നു‌. ഈ തിരിച്ചടി  കോൺഗ്രസ്‌, ലീഗ്‌ നേതൃത്വത്തിലുളവാക്കിയിട്ടുള്ള അങ്കലാപ്പ്‌ വിവരണാതീതമാണ്‌. എംഎൽഎമാർ ഒന്നൊന്നായി തെളിവ്‌ സഹിതം പിടിക്കപ്പെടുമ്പോൾ മുൻമുഖ്യമന്ത്രി അടക്കമുള്ള നേതാക്കളിലും അസ്വസ്ഥത പടരുകയാണ്‌. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ്‌ എന്നിവർ ആരോപണവിധേയരായ 68 കോടിയുടെ ടൈറ്റാനിയം കേസ്‌ ഏറ്റെടുക്കുന്നതിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സിബിഐക്ക്‌ രണ്ടിലൊന്ന്‌ പറയേണ്ടിവരും. സംസ്ഥാന സർക്കാർ സിബിഐക്ക്‌ വിട്ട്‌  ഒരുവർഷം കഴിഞ്ഞിട്ടും മുഖംപൂഴ്‌ത്തിയിരിക്കുകയായിരുന്നു. ഇത്‌ ചോദ്യംചെയ്ത്‌ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി മറുപടി തേടിയിരിക്കുകയാണ്‌. സർക്കാർ ശുപാർശ രാഷ്‌ട്രീയകാരണങ്ങളാൽ നിരസിച്ചാലും പുതിയ നിയമയുദ്ധത്തിന്‌ വഴിതുറക്കുകയേയുള്ളൂ. അന്വേഷണം പ്രഖ്യാപിച്ചാൽ യുഡിഎഫിന്‌ കനത്ത പ്രഹരവുമാകും.

പാലാരിവട്ടം പാലം അഴിമതിക്കേസ്‌ അന്വേഷണത്തിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ കുറ്റപ്പത്രം ഒരുങ്ങുകയാണ്‌. കേരളത്തെ ഞെട്ടിച്ച അഴിമതിയിൽ കോടികൾ ഒഴുക്കിയതിന്റെ ഉത്തരവാദിത്തം  മന്ത്രിസഭയ്‌ക്കാകെയാണ്‌‌. ആ വഴിക്ക്‌ വിജിലൻസ്‌ അന്വേഷണം വിപുലമായാൽ ഉമ്മൻചാണ്ടിക്ക്‌ ഒഴിഞ്ഞുമാറാനാകില്ല.  ഇബ്രാഹിംകുഞ്ഞിനെമാത്രം കുറ്റപ്പെടുത്താനാകില്ലെന്ന മനോഭാവമാണ്‌ മുസ്ലിംലീഗ്‌ നേതൃത്വത്തിന്‌. സ്വാഭാവികമായും  അത്‌ ഉമ്മൻചാണ്ടിയെ പ്രതിരോധത്തിലാക്കും.

ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള നീക്കത്തിൽ കണ്ണുനട്ടിരിക്കുമ്പോഴാണ്‌ ലീഗിന്‌ ഇടിത്തീയായി എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ്‌  പുറത്തുവന്നത്‌. ഇതിൽ കേസിന്റെ എണ്ണം വൈകാതെ സെഞ്ച്വറി തികയ്‌ക്കും. ഇതിനകം ക്രൈംബ്രാഞ്ച്‌ 90 കേസെടുത്തു‌.   പണം തിരികെ നൽകി ഒത്തുതീർപ്പിന്‌ ലീഗ്‌ നേതൃത്വം കരുക്കൾ നീക്കിയെങ്കിലും വൃഥാവിലായി.

കള്ളപ്പണ ഇടപാടിൽ പങ്കില്ലെന്നും ഉത്തരവാദിയെ പിടികൂടണമെന്നുമാണ്‌ പി ടി തോമസിന്റെ വാദം‌‌. ഈ ന്യായവാദങ്ങളൊന്നും നിയമപരമായി നിലനിൽക്കില്ല. ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക്‌ മുമ്പിൽ വിയർക്കുമെന്ന്‌ തീർച്ച. പി ടി തോമസിനെ തുണയ്‌ക്കാൻ കോൺഗ്രസ്‌ പരസ്യമായി രംഗത്തുവന്നിട്ടില്ല. അഴിമതി, തട്ടിപ്പ്‌ കേസുകളിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌‌ വ്യക്തമാണ്‌. അതിന്‌ അനുസൃതമായ നടപടി വരുംദിവസങ്ങളിലുണ്ടാകും. അത്‌ എത്ര കർക്കശമായിരിക്കുമെന്നതാണ്‌ യുഡിഎഫ്‌ നേതൃത്വത്തിന്റെ നെഞ്ചിടിപ്പുയർത്തുന്നത്‌‌.

ചോദ്യങ്ങൾക്കുമുന്നിൽ വിറച്ചും വിയർത്തും

കള്ളപ്പണം ഉപയോഗിച്ച്‌ ഭൂമിയിടപാട്‌ നടത്താൻ ശ്രമിച്ച സംഭവം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ വിയർത്തും വിറച്ചും പി ടി തോമസ്‌ എംഎൽഎ. തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിക്കാൻ ഓഫീസിൽ വിളിച്ച വാർത്താസമ്മേളനത്തിലും സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും എതിരെയായിരുന്നു ആക്ഷേപങ്ങളേറെയും.  ഉത്തരംമുട്ടിയ ചോദ്യങ്ങൾക്ക്‌ തട്ടാമുട്ടി മറുപടിയും. 

ഇടപ്പള്ളിയിൽ നടന്നത്‌ കള്ളപ്പണം ഇടപാടല്ലെന്നായിരുന്നു എംഎൽഎയുടെ വാദം. ഇടപാടിനായി എഴുതിയുണ്ടാക്കിയ മൂന്നു കരാറുകളിൽ ബാങ്കിലൂടെ പണം കൈമാറണമെന്ന്‌ എഴുതിയിരുന്നു. കരാറൊപ്പിടാൻ വരുമ്പോൾ റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണന്റെ പക്കൽ രണ്ടു ബാഗുകളുണ്ടായിരുന്നു. അതിൽ പണമാണെന്നും കരുതി. അത്‌ ബാങ്കിൽ ഇട്ടുകൊടുക്കുമെന്നാണ്‌ താൻ വിചാരിച്ചതെന്നാണ്‌ എംഎൽഎ വിശദീകരിച്ചത്‌.

കള്ളപ്പണം ഇടപാടല്ലെന്ന്‌ ഉറപ്പുണ്ടെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥരെ കണ്ടപ്പോൾ താങ്കൾ സ്ഥലംവിട്ടത്‌ എന്തിനെന്ന്‌ മാധ്യമങ്ങൾ ആരാഞ്ഞു. ‘ആദായനികുതി ഉദ്യോഗസ്ഥരെ കണ്ടിട്ടല്ല പോയത്‌. ഞാൻ വളരെ മുമ്പേ പോകാനിറങ്ങിയതാണ്‌. അഞ്ചുമന ക്ഷേത്രഭാരവാഹികൾ വന്നുകണ്ടതിനാൽ വൈകി. ഇതിനിടെ മൂന്നാലുപേർ നടന്നുവരുന്നത്‌ കണ്ടു. ആരാണെന്ന്‌ തിരക്കിയപ്പോൾ ആദായനികുതിക്കാരാണെന്ന്‌ പറഞ്ഞു. അവരുമായി സംസാരിക്കേണ്ട കാര്യം എനിക്കില്ല. അതിനാലാണ്‌ പോന്നത്‌. ഞാൻ ഓടിരക്ഷപ്പെട്ടൊന്നുമില്ല. മറ്റു പലരെയുംപോലെ തലയിൽ മുണ്ടിട്ടല്ല പോന്നത്‌’–-  എംഎൽഎ വിശദീകരിച്ചു.

കമ്യൂണിസ്‌റ്റ്‌ കുടുംബത്തെ സഹായിക്കാൻ ഇടപെട്ട എംഎൽഎ ആദായനികുതിക്കാർ വന്നപ്പോൾ ആ കുടുംബത്തിനൊപ്പം നിൽക്കാതെ സ്ഥലംവിട്ടത്‌ എന്തെന്നായി മാധ്യമങ്ങൾ.  ആ കുടുംബവുമായി വൈകാരിക അടുപ്പവുമുണ്ട്‌.

പണമിടപാടൊന്നും എനിക്കറിയില്ല.

കണക്കിൽപ്പെടാത്ത പണമിടപാടിനല്ലേ എംഎൽഎ കൂട്ടുനിന്നതെന്ന ചോദ്യത്തിന്‌ 500 രൂപയുടെ മൂന്നു മുദ്രപ്പത്രത്തിലെഴുതിയ കരാറുണ്ടെന്നായിരുന്നു മറുപടി. അതുപോലുമില്ലാതെ വെറും വെള്ളക്കടലാസിൽ കരാറെഴുതി എത്രയോ ഇടപാടുകൾ നടക്കുന്നു. ആദായനികുതിവകുപ്പ്‌ പിടിച്ചെടുത്തത്‌ കള്ളപ്പണമാണെങ്കിൽ രാമകൃഷ്‌ണനെതിരെ നടപടിയെടുക്കണം. പിണറായി സർക്കാർ തന്നെ കുരുക്കാൻ പലവഴിക്ക്‌ ശ്രമിക്കുന്നുണ്ട്‌. അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നതുകൊണ്ടാണത്‌. താൻ കരുതിയാണ്‌ നടക്കുന്നതെന്നും പി ടി തോമസ്‌ പറഞ്ഞു.

പണം എണ്ണുമ്പോൾ പി ടി തോമസ്‌ ഉണ്ടായിരുന്നെന്ന്‌‌ ദൃക്‌സാക്ഷി

ഇടപ്പള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ പണം എണ്ണി തിട്ടപ്പെടുത്തുമ്പോൾ പി ടി തോമസ്‌ എംഎൽഎ സ്ഥലത്തുണ്ടായിരുന്നെന്ന്‌ ദൃക്‌സാക്ഷി കെ വി ഗിരിജൻ. റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണൻ ഒരു ബിഗ്‌ഷോപ്പറിലാണ്‌ പണം കൊണ്ടുവന്നത്‌. പണം കൈമാറിയതിനും എംഎൽഎ സാക്ഷിയാണ്‌. ബാങ്ക്‌ വഴി പണം കൈമാറാനായിരുന്നു‌ സ്ഥലമുടമ രാജീവന്‌ താൽപ്പര്യം‌. എന്നാൽ, അത്‌ പറ്റില്ലെന്നും താൻ പണമായിട്ടാണ്‌ കൊണ്ടുവന്നതെന്നും വാങ്ങണമെന്നും രാമകൃഷ്‌ണൻ നിർബന്ധം പിടിച്ചു. കരാറുകളിൽ ബാങ്ക്‌ ട്രാൻസ്‌ഫർ എന്ന ഭാഗം വെട്ടി രൊക്കം പണമായി കൈപ്പറ്റിയെന്ന്‌ തിരുത്തിയതായും ഗിരിജൻ പറഞ്ഞു. വന്നപ്പോൾമുതൽ പി ടി തോമസ്‌ മടങ്ങിപ്പോകാൻ ധൃതിവയ്‌ക്കുന്നുണ്ടായിരുന്നു. പണം കൈമാറിയശേഷം കരാർ ഒപ്പുവയ്‌ക്കുംമുമ്പ്‌ അദ്ദേഹം പോയി. ആദായനികുതി ഉദ്യോഗസ്ഥർ വന്നപ്പോൾ പി ടി തോമസ്‌ ധൃതിയിൽ നടന്നുനീങ്ങുകയായിരുന്നു–- ഗിരിജൻ പറഞ്ഞു.

കൊണ്ടുവന്നത് റിയൽ എസ്‌റ്റേറ്റുകാരനെന്ന്‌ സ്ഥലാവകാശി

കള്ളപ്പണം ഇടപാട്‌ കേസിൽ പി ടി തോമസ് എംഎൽഎയുടെ വാദങ്ങൾ പൊളിച്ചടുക്കി സ്ഥലമുടമ. പണം എണ്ണുമ്പോഴും ആദായനികുതി ഉദ്യോഗസ്ഥർ വരുമ്പോഴും എംഎൽഎ സ്ഥലത്തുണ്ടായിരുന്നെന്ന്‌ സ്ഥലത്തിന്റെ അവകാശികളിലൊരാളായ രാജീവൻ പറയുന്നു. പി ടി തോമസിന്റെ സാന്നിധ്യം ആദായനികുതിവകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.

ഇടപാടിൽ താൻ മധ്യസ്ഥനായി എത്തിയതാണെന്നാണ് പി ടി തോമസ് പറഞ്ഞത്. എന്നാൽ, ഇത് വസ്തുതാവിരുദ്ധമാണ്‌. പി ടി തോമസിനെ വിളിച്ചുവരുത്തിയത് റിയൽ എസ്‌റ്റേറ്റുകാരനായ വി എസ്‌ രാമകൃഷ്‌ണനാണ്‌. പണമിടപാട് നടക്കുമ്പോൾ എംഎൽഎ ഉണ്ടായിരുന്നു. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ വന്നശേഷമാണ് എംഎൽഎ പോയതെന്നും രാജീവൻ ഒരു ചാനലിനോട്‌  പറഞ്ഞു.

No comments:

Post a Comment