Saturday, October 10, 2020

വികസന പാതയിൽ പുതിയ കുതിപ്പ്‌; കെഎംഎംഎല്ലില്‍ ഓക്‌സിജന്‍ പ്ലാന്റ്‌ പ്രവര്‍ത്തനം തുടങ്ങി

 കൊല്ലം > പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ പുതിയ ഓക്സിജന്‍ പ്ലാന്റ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷനായി.  50 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പ്ലാന്റിന് 70 ടണ്‍ പ്രതിദിന ശേഷിയുണ്ട്.

സംസ്ഥാനത്തിനാകെ ഉപകാരപ്പെടുന്ന പദ്ധതിയാണ് കെഎംഎംഎല്ലിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഓക്‌സിജന്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കെഎംഎംഎല്ലിന് കഴിയും. ഒപ്പം ആരോഗ്യരംഗത്തേക്കാവശ്യമായ ഓക്‌സിജന്‍ ഉല്‍പാദനവും നടത്താനാകും. കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ധാരാളം ഓക്‌സിജന്‍ ആവശ്യമാണ്. ഇത് നിറവേറ്റാന്‍  സ്ഥാപനത്തിനാകും. രാസവ്യവസായ മേഖലയില്‍ കേരളത്തിന് അനന്തസാധ്യതകളാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും കഴിഞ്ഞ ആറ് മാസം 17 കോടി രൂപ ലാഭമുണ്ടാക്കാന്‍ കെഎംഎംഎല്ലിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഎഫ് ഭരണകാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ് തകര്‍ച്ചയിലേക്ക് പോയ കെഎംഎംഎല്ലിനെ കുതിപ്പിലേക്കെത്തിക്കാന്‍ ഈ സര്‍ക്കാരിനായെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനവര്‍ഷം മുന്നേകാല്‍ കോടി മാത്രം ലാഭമുണ്ടായ സ്ഥാപനത്തില്‍ ഈ സര്‍ക്കാരിന്റെ നാലരവര്‍ഷത്തില്‍ 458 കോടി ലാഭമുണ്ടായി. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് നീക്കം ചെയ്ത കരിമണല്‍ ഉപയോഗപ്പെടുത്തിയത് സ്ഥാപനത്തിന് മുതല്‍ക്കൂട്ടായെന്നും മന്ത്രി അറിയിച്ചു.

ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മ്മാണത്തിലെ പ്രധാന ഘടകമാണ് ഓക്സിജന്‍. നിലവിലെ ഓക്സിജന്‍ പ്ലാന്റിന്റെ കാര്യക്ഷമത കുറഞ്ഞതും ഓക്സിജന്‍ ദൗര്‍ലഭ്യവും കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് പുറത്ത് നിന്ന് ഓക്സിജന്‍ വാങ്ങാന്‍ പ്രതിവര്‍ഷം 12 കോടിയോളം രൂപ ചെലവായി. ഈ അധിക ചെലവ് ഒഴിവാക്കന്‍ പുതിയ ഓക്സിജന്‍ പ്ലാന്റ് വരുന്നതോടെ സാധിക്കും.

ഊര്‍ജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പ്ലാന്റിന്റെ പ്രവര്‍ത്തനം വൈദ്യുതി  ചെലവ് കുറയ്ക്കും. ഓക്സിജന്‍ ലഭ്യതയില്‍ സ്വയംപര്യാപ്തത നേടുകയും ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പ്പാദനം പൂര്‍ണ തോതിലാക്കാനുമാകും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിലവില്‍ 63 ടണ്‍ ഓക്‌സിജനാണ് ആവശ്യം. ഇതിന് പുറമെ  ഏഴ് ടണ്‍ ദ്രവീകൃത ഓക്സിജന്‍ കൂടി ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. ഇത് ആരോഗ്യമേഖലയില്‍ പ്രയോജനപ്പെടുത്താം.

കെഎംഎംഎല്‍ മാനേജിങ്ങ് ഡറക്ടര്‍ ജെ ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍ ചടങ്ങില്‍ സന്ന്ഹിതരായി.  കെഎംഎംഎല്‍ ചെയര്‍മാനും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ ഇളങ്കോവന്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎംഎംഎല്‍ ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍ നന്ദി പറഞ്ഞ ചടങ്ങില്‍ ജനപ്രതിനിധികളും യൂണിയന്‍ നേതാക്കളും ആശംസകളറിയിച്ച് സംസാരിച്ചു.

No comments:

Post a Comment