Sunday, October 18, 2020

പി സി തോമസിനെതിരെ മാണി പറഞ്ഞത് ജോസ് കെ മാണിയുടെ പേരിലാക്കി യുഡിഎഫ്‌; വ്യാജ പ്രചരണത്തിനെതിരെ ജോസ്

 കെ എം മാണിയുമായുള്ള ചാനല്‍ അഭിമുഖത്തെ എഡിറ്റ് ചെയ്‌ത് യുഡിഎഫ് അനുകൂലികളുടെ വ്യാജപ്രചരണം. 'ഏതെങ്കിലും മക്കള്‍ തലതിരിഞ്ഞ് അപ്പനെ ആദരിക്കാതിരിക്കുകയോ, വെല്ലുവിളിക്കുകയോ ചെയ്താല്‍ വിഷമമാകും' എന്ന മാണിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ ജോസ് കെ മാണിക്കെതിരെയായി പ്രചരിപ്പിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പി സി തോമസ് പാര്‍ടി വിട്ടത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മാണി ഈ പ്രസ്താവന നടത്തിയത്.

പാര്‍ടി വിട്ട് പോയപ്പോള്‍ പി സി തോമസിനെതിരെ ഒരു ക്യാമ്പയിനും നടത്തിയില്ലെന്ന് മാണി ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. പി ടി ചാക്കോയോടുള്ള ആദരവ് വെച്ചുകൊണ്ട് പി സി തോമസിനെ രാഷ്ട്രീയരംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുന്‍കൈ എടുത്തത് താനാണ്. തെരഞ്ഞെടുപ്പ് സമയത്തെല്ലാം കൈമൈക്കുമായി തോമസിനൊപ്പം പോകുമായിരുന്നു. ആ നില‌യ്‌ക്ക് ഗുരുവിന്റെ സ്ഥാനത്ത് താന്‍നില്‍ക്കെ ഒരു കാരണവുമില്ലാതെ, വെറും സ്ഥാനത്തിനുവേണ്ടിയാണ് ബിജെപിക്കൊപ്പം പി സി തോമസ് പോയത്. അത്രയും സ്‌നേഹിച്ച് വളര്‍ത്തിയ ഒരു മകന്‍ ധിക്കരിച്ച് പോയതുപോലെയാണ് തോന്നിയതെന്നും 2006ല്‍  മനോരമ ന്യൂസിന്റെ 'നേരെ ചൊവ്വേ' പരിപാടിയില്‍ മാണി പറഞ്ഞിരുന്നു.

ഈ ഇന്റര്‍വ്യൂവിനെയാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ജോസ് കെ മാണിക്കെതിരായി യുഡിഎഫ് പ്രചരിപ്പിക്കുന്നത്. കുപ്രചരണത്തിനെതിരെ ജോസ് കെ മാണി തന്നെ രംഗത്തെത്തി. ഇന്റര്‍വ്യൂവിന്റെ പൂര്‍ണഭാഗം ജോസ് ഫെയ്‌‌സ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌തു.

ജോസ് കെ മാണിയുടെ ഫെയ്‌‌സ്‌‌ബുക്ക് പോസ്റ്റ് ചുവടെ

സ്‌നേഹിതരേ

സ്‌നേഹ നിധിയായ എന്റെ വന്ദ്യപിതാവ് എനിക്കെതിരെ നടത്തിയ പ്രസ്താവനയെന്ന തരത്തിലുളള വ്യാജപ്രചാരണം അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒന്നാണ്. സ്വന്തം കുഞ്ഞിനെ ലാളിക്കുന്ന ഒരു പിതാവും ഇത്തരത്തില്‍ മനസില്‍ ചിന്തിക്കുക പോലും ഇല്ലെന്ന് പിതൃ വാല്‍സല്യം അനുഭവിച്ച എല്ലാവര്‍ക്കും അറിയാവുന്നതാണ്

എങ്കിലും ഇത്തരത്തിലുളള കുപ്രചരണത്തിന്റെ നിജസ്ഥിതി പൊതു സമൂഹം' മനസിലാക്കേണ്ടതുണ്ട്. മൂവാറ്റുപുഴ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുനോടനുബന്ധിച്ച് ആ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ പിസി തോമസിനെ പരാമര്‍ശിച്ച് ഒരു ദൃശ്യമാധ്യമത്തില്‍ വന്ന അഭിമുഖം അടര്‍ത്തിയെടുത്താണ് ഈ പ്രചാരണം.

ചാച്ചന് എന്നോടുളള വാത്സല്യവും സ്നേഹവും അറിയാവുന്ന ആരും ഇതൊന്നും വിശ്വസിക്കുക ഇല്ലെന്ന് നന്നായി അറിയാം. എങ്കിലും നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനായി ആ അഭിമുഖത്തിന്റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കട്ടെ

 Video link 

No comments:

Post a Comment