Sunday, October 18, 2020

ചുവന്നുതുടുത്ത്‌ മാനംമുട്ടെ

 പൊരുതുന്ന ജനതയുടെ വിമോചനപോരാട്ടങ്ങൾക്ക്‌‌ പ്രത്യയശാസ്‌ത്ര ഉൾക്കരുത്ത്‌ പകർന്ന ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനപ്പിറവിയുടെ നൂറാം വാർഷികദിനം‌ നാടിന്റെ ആവേശമായി. മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും കൊടിയുയർത്തിയും മുദ്രാവാക്യം മുഴക്കിയും സാർവലൗകികതയുടെ മഹാസന്ദേശമുയർത്തിയ പാർടിയുടെ ശതാബ്ദിദിനം ആഘോഷിച്ചു. പുതിയ കാലം ഏൽപ്പിക്കുന്ന കടമകൾ സധൈര്യം ഏറ്റെടുക്കുമെന്ന്‌ ദശലക്ഷങ്ങൾ പ്രതിജ്ഞ ചെയ്‌തു.  സംസ്ഥാനത്ത്‌‌ സിപിഐ എം നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ്‌ സംഘടിപ്പിച്ചത്‌. ബ്രാഞ്ചുകളിൽ പതാക ഉയർത്തി പാർടി അംഗങ്ങളും പ്രവർത്തകരും മുദ്രാവാക്യം മുഴക്കി.

അഞ്ചുപേർ പങ്കെടുത്ത്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു എല്ലായിടത്തും പരിപാടി. മിക്ക ബ്രാഞ്ചുകളിലും ഒന്നിലേറെ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പലയിടത്തും ഓൺലൈനിൽ പ്രഭാഷണങ്ങളും ലഘുലേഖ വിതരണവും നടന്നു. സമൂഹമാധ്യമങ്ങളിലൂടെയും വിപുലമായ ക്യാമ്പയിനാണ്‌ സംഘടിപ്പിച്ചത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുമായുള്ള വൈകാരികമായ അടുപ്പവും ഓർമകളും നിരവധിപേർ പങ്കുവച്ചു. ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്‌തു.

1920 ഒക്‌ടോബർ 17ന്‌ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിനുശേഷം ദേശീയ പ്രസ്ഥാനത്തിലും സ്വതന്ത്ര ഇന്ത്യയുടെ ആശയരൂപീകരണത്തിലും കമ്യൂണിസ്‌റ്റ്‌ പാർടി വഹിച്ച പങ്ക്‌ അദ്ദേഹം സമഗ്രമായി വിവരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റികളുടെയും പഠന ഗവേഷണകേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിൽ തുടർപരിപാടികൾ സംഘടിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്‌ ; പോരാട്ടമാണ്‌ കടമ: യെച്ചൂരി

ഭൂതകാലത്തിന്റെ ഇരുളിലേക്ക്‌ നയിക്കുന്ന ശക്തികളിൽനിന്ന്‌ ഭാവിയുടെ പ്രകാശത്തിലേക്ക്‌ ഇന്ത്യയെ നയിക്കാനുള്ള കടമയാണ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ കമ്യൂണിസ്‌റ്റുപാർടി ഏറ്റെടുക്കേണ്ടതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്‌. അതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. അതുവഴിയാണ്‌ ശതാബ്ദി ആഘോഷം അർഥവത്താകുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു യെച്ചൂരി. 

യുദ്ധരംഗം വ്യക്തമാണ്‌. അതിൽ കമ്യൂണിസ്‌റ്റ്‌ പാർടി വഹിക്കേണ്ട പങ്കും വ്യക്തമാണ്‌. എതിരാളികൾ പ്രധാനമായും ലക്ഷ്യമിടുന്നത്‌ കമ്യൂണിസ്‌റ്റുകാരെ തന്നെയാകും. എങ്കിലും പുതിയ കാലം ഏൽപ്പിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്തേ മതിയാകൂ. ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്ന കമ്യൂണിസ്‌റ്റ്‌ പാർടി സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള നിലപാട്‌ വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയ സ്വാതന്ത്ര്യം എന്നത്‌ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്‌ കൂടി നയിച്ചില്ലെങ്കിൽ അർഥവത്താകില്ലെന്ന്‌ തുടർച്ചയായി പറഞ്ഞു. ഇപ്പോൾ രാഷ്‌ട്രീയ സ്വാതന്ത്ര്യംകൂടി നിഷ്‌ഠുരമായി നിഷേധിക്കപ്പെടുകയാണ്‌. മതനിരപേക്ഷ ജനാധിപത്യം, സാമ്പത്തിക സ്വാശ്രയത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ അട്ടിമറിക്കപ്പെടുകയാണ്‌.

വേർതിരിച്ചുള്ള വിശകലനത്തിനപ്പുറം വിവിധ വിഷയങ്ങളിൽ കമ്യൂണിസ്‌റ്റ്‌ പാർടി നടത്തിയ ഇടപെടലുകളെയാണ്‌ ശതാബ്ദിവർഷത്തിൽ ചർച്ചചെയ്യേണ്ടത്‌. പാർടി ഏറ്റെടുത്ത പോരാട്ടങ്ങളും അത്‌ സൃഷ്ടിച്ച സാമൂഹ്യമാറ്റങ്ങളുമാണ്‌ പ്രധാനം. വിഭജനത്തെ തുടർന്ന്‌ ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായപ്പോൾ ഹിന്ദുത്വരാഷ്‌ട്രവാദം തീർന്നുവെന്ന്‌ തെറ്റിദ്ധരിക്കരുതെന്നും പാർടി മുന്നറിയിപ്പ്‌ നൽകിയിരുന്നു. അത്‌ ശരിയാണെന്ന്‌ ഇപ്പോൾ വ്യക്തമാവുകയാണ്‌. ആർഎസ്‌എസിന്റെ ഫാസിസ്‌റ്റ്‌ കാഴ്‌ചപ്പാടിന്‌ ഭരണഘടന അട്ടിമറിക്കൽ അനിവാര്യമാണ്‌. രാഷ്‌ട്രീയത്തിലും ഭരണസംവിധാനത്തിലും‌ മതത്തെ മാറ്റിനിർത്തണമെന്നും എന്നാൽ, ജനങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നുമാണ്‌ മതനിരപേക്ഷതയെ കമ്യൂണിസ്‌റ്റ്‌ പാർടി വ്യാഖ്യാനിച്ചത്‌.

ഭൂരിപക്ഷ മതത്തിന്റെ പേരിൽ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ്‌ രാജ്യം ഇന്ന്‌ നേരിടുന്നത്‌. രാജ്യത്തെ കർഷകരിൽ ബഹുഭൂരിപക്ഷവും ദളിത്‌ വിഭാഗത്തിൽനിന്നുള്ളവരാണ്‌. അവരാണ്‌ രാജ്യത്ത്‌ ഏറ്റവും പീഡനം അനുഭവിക്കുന്നത്‌. ചൂഷണരഹിതമായ സമൂഹസൃഷ്ടിക്കായി പോരാട്ടം ശക്തിപ്പെടുത്തണം. രാജ്യത്തെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വളർച്ചയ്‌ക്കും ശാക്തീകരണത്തിനും കേരളം നൽകുന്ന സംഭാവന വളരെ വലുതാണെന്നും യെച്ചൂരി പറഞ്ഞു.

പുതിയ കേരളം സൃഷ്‌ടിക്കുക: കോടിയേരി ബാലകൃഷ്ണൻ

കേരളത്തിന്റെ നേട്ടങ്ങൾ ഉറപ്പിച്ചുനിർത്തി പുതിയ പോരാട്ടത്തിന് സജ്ജമാകേണ്ട സമയമാണ് ഇതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.   ഇന്നത്തെ കേരളത്തെ സൃഷ്‌ടിക്കാൻ നിർണായക ഇടപെടലുകൾ നടത്തിയത്‌ കമ്യൂണിസ്റ്റ്‌‌ പാർടിയാണ്‌. അധികാരത്തിൽ എത്തിയപ്പോഴാെക്കെ സർക്കാരുകളെ എങ്ങനെ സാമൂഹ്യമാറ്റത്തിന്‌ ഉപയോഗിക്കാമെന്ന്‌ തെളിയിച്ചു. അവസരം കിട്ടുമ്പോഴൊക്കെ കമ്യൂണിസ്റ്റ്‌ വിരുദ്ധ മുന്നണി രൂപീകരിച്ച്‌ എല്ലാ വലതുപക്ഷ ശക്തികളും ഒത്തുചേരുന്നുണ്ട്‌. ധനമൂലധനശക്തികൾ ഇതിന്‌ പിന്തുണയും നൽകുന്നു.

അതിനെ ചെറുത്തുതോൽപ്പിക്കാനുള്ള കടമയാണ്‌ കേരളം ഏറ്റെടുക്കുന്നതെന്ന്‌ കമ്യൂണിസ്റ്റ്‌‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ അധ്യക്ഷപ്രസംഗത്തിൽ കോടിയേരി പറഞ്ഞു.

കേരള മോഡൽ വികസനകാഴ്‌ചപ്പാട്‌ രൂപപ്പെടുത്തുന്നതിലും തൊഴിലാളികൾക്ക്‌ അവകാശബോധം നൽകുന്നതിലും നിസ്തുലമായ പങ്ക്‌ വഹിച്ചു. മൂന്ന്‌ ഭാഗങ്ങളായി കിടന്ന കേരളത്തെ ഭാഷാടിസ്ഥാത്തിലുള്ള സംസ്ഥാനമാക്കി ഐക്യകേരളം രൂപീകരിക്കുന്നതിൽ കമ്യൂണിസ്റ്റ്‌‌ പാർടി പ്രധാന പങ്ക്‌ വഹിച്ചു. സ്വതന്ത്രതിരുവിതാംകൂർ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തിയ പുന്നപ്ര വയലാർ സമരം ലോക ശ്രദ്ധ നേടി. സാമ്രാജ്യത്വവിരുദ്ധ മനോഭാവവും ഫ്യൂഡൽവാഴ്‌ചയ്‌ക്കെതിരായ പോരാട്ടവും വളർത്തിയെടുത്തതും മറ്റിടങ്ങളിൽനിന്ന്‌ വ്യത്യസ്തമായി വർഗീയശക്തികൾക്കെതിരായി കേരളത്തെ സജ്ജമാക്കിയതും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്‌.  ജനാധിപത്യത്തിന്റെ കൊടിക്കൂറ ബൂർഷ്വാസികൾ വലിച്ചെറിയുമ്പോഴെല്ലാം അത്‌ ഉയർത്തിപ്പിടിച്ചത്‌ കമ്യൂണിസ്റ്റുകാരാണ്‌.

കമ്യൂണിസ്റ്റ്‌ ആശയങ്ങൾ കേരളത്തിൽ പ്രചരിക്കുന്നത്‌ തടയാൻ  ബ്രിട്ടീഷുകാരും ശ്രമിച്ചു.  ഇതിനെയെല്ലാം അതിജീവിച്ചാണ്‌ കേരളത്തിൽ കമ്യൂണിസ്റ്റ്‌‌ പാർടി വളർന്നത്‌. ആദ്യ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പ്‌ രൂപീകരിച്ച്‌ രണ്ടുവർഷംകൊണ്ട്‌ കേരളമാകെ പ്രവർത്തനം വ്യാപിച്ചു. ദേശീയ പ്രസ്ഥാനത്തിലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലും കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വം പ്രധാനമായിരുന്നുവെന്ന്‌ കോടിയേരി ചൂണ്ടിക്കാട്ടി.

No comments:

Post a Comment