സുപ്രധാന കേസുകളിൽ ദയനീയമായി പരാജയപ്പെടുന്ന പതിവ് ബാബ്‌റിമസ്‌ജിദ് ഗൂഢാലോചനക്കേസിലും സിബിഐ മാറ്റിയില്ല. 2ജി കേസിലേതുപോലെത്തന്നെ പ്രതിപ്പട്ടികയിലെ ഒരാൾക്കുപോലും ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ നാണംകെട്ടു. കുറ്റാരോപണങ്ങൾ സ്ഥാപിക്കാൻ തെളിവുകളോ മൊഴികളോ ഹാജരാക്കാത്ത സിബിഐയെ കുറ്റപ്പെടുത്തിയാണ് ഈ കേസുകളിലെ പ്രതികളെയെല്ലാം കോടതികൾ കുറ്റവിമുക്തരാക്കിയത്.
നജീബ് എവിടെ ?
ജെഎൻയു വിദ്യാർഥി നജീബ് അഹമദിന്റെ ദുരൂഹമായ തിരോധാനത്തിന് ഉത്തരം കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞില്ല.
2016 ഒക്ടോബർ 15ന് ഹോസ്‌റ്റലിൽ എബിവിപി നേതാക്കൾ നജീബിനെ കൈയേറ്റം ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് കാണാതായത്. ഹൈക്കോടതി നിർദേശാനുസരണം 2017 മേയിൽ സിബിഐ കേസ് ഏറ്റെടുത്തു. നജീബിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് 2018 ഒക്ടോബറിൽ സിബിഐ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി.
‘തിരക്കഥ’യിലൊതുങ്ങിയ ആരുഷി കേസ്
ആരുഷി തൽവാർ കേസിൽ വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി 2017 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ സിബിഐയുടെ പിടിപ്പുകേടിനുള്ള ഉദാഹരണങ്ങളാണ്.
കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് തെളിയിക്കാൻപോലും സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശദമായ സംഭവപരമ്പരകൾ എഴുതിവച്ചെങ്കിലും അതൊന്നും സ്ഥാപിക്കാനുള്ള തെളിവുകൾ ഹാജരാക്കിയില്ല.
യെദ്യൂരപ്പയെ വിശുദ്ധനാക്കി
അനധികൃത ഖനി ഇടപാടിൽ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയ്‌ക്ക് സിബിഐ പ്രത്യേക കോടതി 2016 ഒക്ടോബറിലാണ് ക്ലീൻചിറ്റ് നൽകിയത്. യെദ്യൂരപ്പ, മക്കളായ ബി വൈ വിജയേന്ദ്ര, ബി വൈ രാഘവേന്ദ്ര, മരുമകൻ ആർ എൻ സോഹൻകുമാർ തുടങ്ങി പ്രതിപ്പട്ടികയിലെ 13 പേരെയും കുറ്റവിമുക്തരാക്കി. രണ്ട് ഖനനകമ്പനികൾക്ക് അനധികൃതമായി സഹായങ്ങൾ ചെയ്‌തുകൊടുത്തെന്നും അതിന്റെ പാരിതോഷികം പ്രേരണാട്രസ്‌റ്റ് വഴി കൈപ്പറ്റിയെന്നുമാണ് കേസ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വെറുതെവിടാനുള്ള കാരണം.
കോടതികൾക്ക് അസംതൃപ്‌തി
2005 മെയ് 31ന് ബൊഫോഴ്‌സ് കമ്പനിക്കും ഹിന്ദുജസഹോദരൻമാർക്കുമെതിരായ കുറ്റങ്ങൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി സിബിഐ അന്വേഷണം പൊതുഖജനാവിന് 250 കോടി നഷ്ടമുണ്ടാക്കിയതായി വിമർശിച്ചു.
രാജീവ്‌ഗാന്ധി വധവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ സുപ്രീംകോടതി അസംതൃപ്‌തി രേഖപ്പെടുത്തി. കാലിത്തീറ്റ കുംഭകോണ കേസിലും പ്രതീക്ഷകൾക്കൊത്തുയരാത്ത അന്വേഷണമാണ് സിബിഐയുടേതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
No comments:
Post a Comment