Sunday, October 18, 2020

ചീറ്റിയത്‌ മുരളീധരന്റെ തിരക്കഥ ; ശിവശങ്കറിനെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ അന്വേഷണ ഏജൻസികളോട്‌ കേന്ദ്ര ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു

  ബിജെപി വേദിയിൽ തിരക്കിട്ട്‌ വാർത്താസമ്മേളനം നടത്തി, സ്വർണക്കടത്ത്‌ കേസിലെ വ്യാജ ആരോപണങ്ങൾ ദേശീയതലത്തിൽ എത്തിക്കാനുള്ള വി മുരളീധരന്റെ ശ്രമം ചീറ്റി. ആക്ഷേപങ്ങളുന്നയിച്ച്‌‌ കഴിയുമ്പോഴേക്കും മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ്‌ ചെയ്യണമെന്ന സമ്മർദവും അന്വേഷണ ഏജൻസികൾക്കു മുന്നിൽ കേന്ദ്ര ബിജെപി വച്ചിരുന്നു. കസ്റ്റംസ്‌ ഇതിനായി തയ്യാറായെങ്കിലും, ശിവശങ്കറിന്റെ നെഞ്ചുവേദന എല്ലാം തകിടംമറിച്ചു.

ആരോപണം ഉന്നയിക്കാൻ ഒരു പാർടിയുടെ വേദിയിൽ മന്ത്രിമാർ വാർത്താ സമ്മേളനം നടത്തുന്നത്‌ അസാധാരണ നടപടി

സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിക്കാൻ ഒരു പാർടിയുടെ വേദിയിൽ മന്ത്രിമാർ വാർത്താ സമ്മേളനം നടത്തുന്നത്‌ അസാധാരണ നടപടിയാണ്‌. കോടതികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ എൻഐഎ അടക്കം കേന്ദ്ര ഏജൻസികൾ വിയർക്കുമ്പോഴോണ്‌ സംസ്ഥാന ബിജെപിയുടെ തിരക്കഥയിൽ കള്ളക്കഥ വീണ്ടും പൊലിപ്പിക്കാൻ നോക്കുന്നത്‌.

വിദേശത്ത്‌ നടന്ന മന്ത്രിതല സമ്മേളനത്തിൽ ഇഷ്ടക്കാരിയായ പിആർ ഉദ്യോഗസ്ഥയെ സത്യപ്രതിജ്‌ഞ ലംഘിച്ച്‌ പങ്കെടുപ്പിച്ച വിവാദത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അന്വേഷിക്കുന്നതിനിടയിൽ, ശ്രദ്ധ തിരിക്കാനുള്ള പാഴ്‌ശ്രമവും മുരളീധരൻ തുടരുകയാണ്‌.

അതേസമയം, കേന്ദ്രസഹമന്ത്രിയുടെ ഇടപെടൽ സ്വർണക്കള്ളക്കടത്തിനെയാകെ ദുർബലമാക്കി‌. കോടതിയിൽ അടക്കം അന്വേഷണ ഏജൻസികൾ ഇരുട്ടിൽതപ്പേണ്ട സാഹചര്യമുണ്ടാക്കിയത്‌ കടുത്ത സമ്മർദവും കേന്ദ്രമന്ത്രിയുടെ അടിക്കടിയുള്ള തെറ്റായ പ്രസ്‌താവനകളുമാണ്‌. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ എൻഐഎ ജോയിന്റ്‌ ഡയറക്ടറെ അറിയിച്ചുകഴിഞ്ഞു.

നയതന്ത്ര ബാഗേജിൽ കൊണ്ടുവന്ന സ്വർണമാണ്‌ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ കസ്റ്റംസ്‌ പിടികൂടിയത്‌.  എന്നാൽ, നയതന്ത്ര ബാഗേജിലല്ല സ്വർണം കടത്തിയതെന്ന്‌ വി മുരളീധരൻ ഇപ്പോഴും ആവർത്തിക്കുകയാണ്‌.  സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും കേസിലേക്ക്‌ വലിച്ചിഴയ്‌ക്കാനാണ്‌ തുടക്കംമുതൽ  ബിജെപിയും യുഡിഎഫും ശ്രമിച്ചത്‌. എരിവും പുളിയും പകർന്ന്‌ ഏതാനും മാധ്യമങ്ങളും ഒപ്പംകൂടി. ഇതിനു ചുറ്റും അന്വേഷണ സംഘത്തെ കെട്ടിയിട്ടു. മന്ത്രി മുരളീധരൻ കൊച്ചിയിലും തൃശൂരുംവച്ച്‌ ചില അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട്‌ കണ്ടതായും പരാതിയുയർന്നു. 

പ്രധാന പ്രതി ഫൈസൽ ഫരീദിനെ ഗൾഫിൽ എത്തി ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക്‌ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു.  സാമ്പത്തിക ഇടപാടിൽ ബന്ധമുള്ള കോൺസുലേറ്റിലെ ഈജിപ്‌ഷ്യൻ പൗരനെയും കണ്ടെത്തിയിട്ടില്ല. 

സ്വർണക്കടത്തിൽ നേരിട്ട്‌ ബന്ധമുള്ള യുഎഇ കോൺസുലർ ജനറൽ, അറ്റാഷെ എന്നിവരെ ചോദ്യം ചെയ്യാനും നടപടിയില്ല. സ്വപ്‌ന ഉൾപ്പെടെ പ്രധാന പ്രതികൾക്കെല്ലാം കസ്റ്റംസ്‌ കേസിൽ ജാമ്യവും ലഭിച്ചു.

റഷീദ്‌ ആനപ്പുറം

No comments:

Post a Comment