Monday, October 5, 2020

തൃശൂരിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു; ആർഎസ്‌എസ് ബജ്‌രംഗ്‌ദൾ ആക്രമണം

 തൃശൂർ: കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആർഎസ്‌എസ്–- ബജ്‌രംഗ്‌ദൾ സംഘം കുത്തിക്കൊന്നു. ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സനൂപ്‌  സംഭവസ്ഥലത്ത്‌  വച്ചു തന്നെ കൊല്ലപ്പെട്ടു.

ചിറ്റിലങ്ങാട്‌ സെന്ററിന്‌ സമീപം ഞായറാഴ്‌ച രാത്രി  10.30ഓടെയാണ്‌ സംഭവം. ‌അക്രമത്തിൽ മൂന്ന്‌ ‌സിപിഐ എം പ്രവർത്തകർക്ക്‌ ഗുരുതരമായി പരിക്കേറ്റു. വിപിൻ, ജിത്തു, അഭിജിത്ത്‌ എന്നിവർക്കാണ്‌ പരിക്കേറ്റത്‌.    വിപിനെ ജൂബിലി മിഷൻ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്‌.  കൂലിപ്പണിക്കാരനാണ്‌.   പ്രദേശത്തെ ആർഎസ്‌എസ്‌ ബജ്‌രംഗ്‌ദൾ ക്രിമനൽ സംഘങ്ങളിലുള്ളവരാണ്‌ അക്രമത്തിന്‌ നേതൃത്വം നൽകിയത്‌.

അക്രമത്തിന്‌ശേഷം സംഘം ഓടി രക്ഷപ്പെട്ടു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു, ഏരിയ സെക്രട്ടറി എം എൻ സത്യൻ എന്നിവർ സംഭവസ്ഥലത്തെത്തി. കുന്നംകുളം പൊലീസും സ്ഥലത്തെത്തി.

സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ കൊലപാതകം; പ്രതികളെല്ലാം ആർഎസ്‌എസ്‌ ‐ ബിജെപി പ്രവർത്തകർ

കുന്നംകുളം > പുതുശ്ശേരിയിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം സജീവ ആർഎസ്‌എസ്‌, ബിജെപി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞ പൊലീസ് ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കുന്നംകുളം താലൂക്കാശുപത്രിക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമിസംഘം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ഇവർ പരിശോധിക്കും.

നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവരെന്ന് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇവർക്കെല്ലാം ക്രിമനൽ പശ്ചാത്തലമുണ്ട്‌. നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിവീഴ്‌ത്തിയത്‌.

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. എട്ട് പേരാണ് സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.

സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഏതാണ്ട് മുന്നൂറ് മീറ്ററോളം ദൂരം അക്രമികൾ പിന്നാലെയോടി സിപിഐ എം പ്രവർത്തകരെ കുത്തി. കൊലപാതകം നടന്ന പ്രദേശത്ത് ഇത്രയും ദൂരത്തിൽ ചോരപ്പാടുകൾ കാണാൻ സാധിക്കുന്നുമുണ്ട്.

സനൂപിനെ കൂടാതെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമികളിൽ നിന്നും രക്ഷപ്പെടാനായി ഓടിയ ഇയാളെ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. സമീപത്തെ ഒരു വീട്ടിലെ സ്ത്രീയുടെ മുന്നിലേക്കാണ് പരിക്കേറ്റയാൾ ഓടിയെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ഈ സ്ത്രീ യുവാവിനോട് ചോദിച്ചെങ്കിലും മറുപടി പോലും പറയാതെ മുറിവിലൂടെ ചോര വാർന്ന അവസ്ഥയിൽ പേടിച്ചു വിറച്ചു നിൽക്കുകയായിരുന്നു ഇയാൾ.

No comments:

Post a Comment