Sunday, October 18, 2020

തുണിമുതൽ സ്വർണംവരെ വിൽപ്പന പകുതിയായി ; കോവിഡിൽ തളർന്ന്‌ വിപണി

 കോവിഡ്‌ നിഴലിൽ തകർന്നടിഞ്ഞ്‌ വിപണി. പ്രധാന ഉൽപ്പന്നങ്ങളെയും സേവനങ്ങളെയുമെല്ലാം പ്രതികൂലമായി ബാധിച്ചു. അടച്ചുപൂട്ടൽ തുടങ്ങി നാലുമാസത്തിൽ 66 വിഭാഗത്തിലായി സാധനങ്ങളുടെ വിൽപ്പന പകുതിയിലും താഴെയായി. ജിഎസ്‌ടി വരുമാനത്തിന്റെ 82 ശതമാനവും ിൗ വിഭാഗങ്ങളിൽ നിന്നാണ്‌. ഓട്ടോമൊബൈലിൽ 51 ശതമാനം, തുണിത്തരങ്ങളിൽ 68, പാദരക്ഷയിൽ 66, ഗാർഹികോപകരണങ്ങളിൽ 53 ശതമാനം എന്നിങ്ങനെയാണ്‌ ഇടിവ്‌‌. ജിഎസ്‌ടിയുടെ പാതിയും സംഭാവന ചെയ്യുന്ന നിർമാണ സാമഗ്രികൾ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പന മൂന്നിലൊന്ന്‌ കുറഞ്ഞു. മൊത്തത്തിൽ ഉൽപ്പന്നവിണയിൽ 38 ശതമാനം വിൽപ്പനയിടിവുണ്ട്‌.

ഭക്ഷ്യവസ്‌തുക്കളും പലവ്യഞ്ജനവും, ബേക്കറി സാധനങ്ങളും ശീതളപാനീയങ്ങളും ഉൾപ്പെടുന്ന അതിവേഗം വിറ്റഴിയുന്ന

ഉപഭോക്തൃ‌ സാധനങ്ങൾ, മരുന്നും രോഗപ്രതിരോധ, ചികിത്സാ സാമഗ്രികളും എന്നിവയാണ്‌ അൽപ്പമെങ്കിലും പിടിച്ചുനിന്നത്–-‌ 20 ശതമാനത്തിൽ താഴെ ഇടിവ്‌‌. പെട്രോൾ–-  ഡീസൽ വിൽപ്പന മൂന്നിലൊന്ന് കുറഞ്ഞു. വ്യവസായ ഉൽപ്പന്നങ്ങളുടെ വിൽപ്പന പകുതിയായി. ആഭരണവിൽപ്പനയിൽ ഇടിവ്‌ 41 ശതമാനം.

സേവനമേഖലയിൽ 27 വിഭാഗത്തിൽ ഒന്നിനും രക്ഷയുണ്ടായില്ല. ആറ്‌ പ്രധാന മേഖലയിൽ പ്രവർത്തനം പകുതിയിലും താഴെയായി. പ്രധാന ജിഎസ്‌ടി ദാതാക്കളായ സാമ്പത്തിക സേവനമേഖലയിലും നിർമാണരംഗത്തും യഥാക്രമം 22ഉം 44ഉം ശതമാനം തകർച്ച.

വാഹനഗതാഗതത്തിൽ 13 ശതമാനവും ചരക്ക്‌ ഗതാഗതത്തിൽ 63 ശതമാനവുമാന്‌ പ്രവർത്തിച്ചത്. സേവനമേഖലയിൽ നികുതി വരുമാനത്തിൽ 700 കോടിയിലധികം രൂപയുടെ കുറവുണ്ട്‌. ചരക്ക്‌ സേവനവിഭാഗങ്ങളിൽ 3700 കോടിയുടെയും.

നാലുമാസത്തെ സംസ്ഥാന ജിഎസ്‌ടി വരുമാനത്തെക്കുറിച്ച്‌ സംസ്ഥാന ജിഎസ്‌ടി കമീഷണർ ആനന്ദ്‌ സിങ്‌, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ അസോസിയറ്റ്‌ പ്രൊഫസർ എൻ രാമലിംഗം എന്നിവർ തയ്യാറാക്കിയ പഠന റിപ്പോർട്ട്‌ ഗിഫ്‌റ്റിന്റെ ‘കേരള ഇക്കണോമി’യിൽ പ്രസിദ്ധീകരിച്ചു. ജിഎസ്‌ടി ഇടിവിന്റെ വിവരങ്ങളും വിപണിയിലുണ്ടായ തകർച്ചയും റിപ്പോർട്ട്‌ അടിവരയിടുന്നു.

ജി രാജേഷ്‌ കുമാർ

No comments:

Post a Comment