Sunday, October 18, 2020

432 പേരെ‌ പിരിച്ചുവിട്ടു ; പുറത്തായത്‌ കോവിഡ്‌ മഹാമാരിക്കാലത്തും പുറംതിരിഞ്ഞു നിന്നവർ

 അനധികൃതമായി ജോലിയിൽനിന്ന്‌ വിട്ടുനിന്ന 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടു. പല തവണ അവസരം നൽകിയിട്ടും തിരികെ എത്താത്തവരെയാണ്‌ ആരോഗ്യവകുപ്പിൽനിന്ന്‌ നീക്കംചെയ്‌തതെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു.  ഡോക്ടർമാർക്കു പുറമെ അഞ്ച്‌  ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നാല്‌ ഫാർമസിസ്റ്റുകൾ, ഒരു ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നേഴ്‌സുമാർ, ഒരു നേഴ്‌സിങ്‌ അസിസ്റ്റന്റ്, ദന്തൽ ഹൈജീനിസ്റ്റുമാർ (രണ്ട്‌), ലാബ് ടെക്‌നീഷ്യന്മാർ (രണ്ട്‌), റേഡിയോഗ്രാഫർമാർ (രണ്ട്‌), ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട് (രണ്ട്‌), ആശുപത്രി അറ്റൻഡർ ഗ്രേഡ് -രണ്ട് (രണ്ട്‌), റെക്കോഡ് ലൈബ്രേറിയന്മാർ (മൂന്ന്‌), ഒരു പിഎച്ച്എൻ ട്യൂട്ടർ, ക്ലർക്കുമാർ (മൂന്ന്‌) എന്നിങ്ങനെ 47 ജീവനക്കാരെയാണ്‌ നീക്കം ചെയതത്‌.

കോവിഡ്കാലത്ത്‌ ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം അത്യാവശ്യമാണ്‌. മഹാമാരിയെ അതിജീവിക്കാൻ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. എന്നിട്ടും സേവനത്തിന്‌ തിരിച്ചെത്താൻ ഇവർ തയ്യാറായില്ല.

ഈ കാലത്തും ആരോഗ്യമേഖലയിൽനിന്ന്‌ ജീവനക്കാർ മാറിനിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ്‌ സർക്കാർ നിലപാട്‌. അനധികൃതമായി ജോലിക്കെത്താത്ത മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ 36 ഡോക്ടർമാരെ നേരത്തേ പുറത്താക്കിയിരുന്നു.

No comments:

Post a Comment