Tuesday, October 6, 2020

സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം

 സ്വര്‍ണ്ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം അന്വേഷിക്കുന്ന എന്‍ഐഎ, കോടതികളില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ അടിമുടി വൈരുധ്യം. കേസിലെ മുഖ്യപ്രതികളായ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും ഓഗസ്റ്റ് മാസത്തില്‍ തന്നെ യുഎഇ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നുവെന്ന് എന്‍ഐഎ ചൊവ്വാ‍ഴ്ച കോടതിയെ അറിയിച്ചു.

എന്നാല്‍ സെപ്റ്റംബറില്‍ എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇരുവരും ഒളിവിലാണെന്നായിരുന്നു. ദുബായിലുളള പ്രതികളെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിലും സത്യവാങ്മൂലത്തില്‍ വ്യക്തതയില്ല. വിദേശബന്ധമുളള പ്രതികളുടെ കാര്യത്തില്‍ എന്‍ഐഎ സമര്‍പ്പിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളിലെ പൊരുത്തുക്കേടുകള്‍ സംശയം ജനിപ്പിക്കുന്നവയാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് എന്നിവരടക്കം വിദേശത്തുളള ആറ് പ്രതികളുടെ കാര്യത്തിലാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ അടിമുടി വൈരുധ്യമുളളത്.

ചൊവ്വാ‍ഴ്ച പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ നല്‍കിയ സത്യവാങ്മൂലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാചകം ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും അറസ്റ്റ് ചെയ്തതായി യുഎഇ അറിയിച്ചു എന്നതായിരുന്നു.

ഓഗസ്റ്റ് 11, 12 തിയതികളില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ദുബായില്‍ എത്തിയപ്പോ‍ഴാണ് യുഇഎ ഇക്കാര്യം അറിയിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സെപ്റ്റംബര്‍ 18ന് പ്രതികളുടെ ജുഡീഷ്യല്‍ കാലാവധി നീട്ടിലഭിക്കാന്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സംശയം ഉളവാക്കുന്നത്. അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഫൈസല്‍ ഫരീദും റബിന്‍സനും ഒ‍ളിവില്‍ പോയെന്നായിരുന്നു.

അതായത് ഓഗസ്റ്റില്‍ തന്നെ അറസ്റ്റ് വിവരം അറിഞ്ഞ എന്‍ഐഎ എന്തുകൊണ്ട് കടകവിരുദ്ധമായ റിപ്പോര്‍ട്ട് അന്ന് കോടതിയെ അറിയിച്ചു എന്നുളളതാണ് സംശയാസ്പദമാകുന്നത്. മാത്രമല്ല, മുഖ്യപ്രതികളെ യുഎഇ അറസ്റ്റ് ചെയ്തുവെന്ന് പറയുമ്പോ‍ഴും ഇരുവരെയും ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ ക‍ഴിയുമോയെന്ന കാര്യത്തില്‍ സത്യവാങ്മൂലത്തില്‍ വ്യക്തതയില്ല.

സ്വര്‍ണ്ണക്കടത്തിന്‍റെ മുഖ്യകണ്ണികളും ഗൂഢാലോചന നടത്തിയതും ഇവരാണെന്ന് പറയുമ്പോ‍ഴും എന്‍ഐഎയ്ക്ക് ഇതുവരെ ഇവരെ ചോദ്യം ചെയ്യാനോ കാണാനോ ക‍ഴിഞ്ഞിട്ടില്ല. കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി ക‍ഴിഞ്ഞ ദിവസം എന്‍ഐഎയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികള്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്ന വകുപ്പുകള്‍ ചുമത്താന്‍ ക‍ഴിയും വിധം തെളിവുകള്‍ ഹാജരാക്കണമെന്നായിരുന്നു വിമര്‍ശനം.

അല്ലെങ്കില്‍ ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മുഖ്യപ്രതികളുടെ അറസ്റ്റ് വിവരം എന്‍ഐഎ വെളിപ്പെടുത്തുന്നതും. അതോടൊപ്പം യുഇഎയില്‍ നിന്നും പ്രതികളെ വിട്ടുകിട്ടാനുളള പരസ്പര നിയമ സഹായത്തിനുളള അപേക്ഷ പോലും ഇതുവരെ സമര്‍പ്പിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതായത് സ്വര്‍ണ്ണക്കടത്തിലെ വിദേശബന്ധമുളള പ്രതികളുടെ കാര്യത്തില്‍ ഇപ്പോ‍ഴും എന്‍ഐഎയുടെ അന്വേഷണം ആരംഭദിശയില്‍ തന്നെയെന്ന് സുവ്യക്തം.

kairalinewsonline.com

No comments:

Post a Comment