Monday, October 5, 2020

സ്വർണക്കടത്ത്‌ കേസ്‌:തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം നൽകേണ്ടിവരുമെന്ന്‌ എൻഐഎ കോടതി; കേസ്‌ ഡയറി ഹാജരാക്കണം

 കൊച്ചി> സ്വർണക്കടത്ത് കേസിലെ എഫ്ഐആറിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾക്ക് വ്യക്തമായ തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് എൻഐഎയോട് വിചാരണ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി അറിയിച്ചു. കേസിലെ ഏഴുപ്രതികളുടെ  ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം.  

സ്വർണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെ പട്ടിക സമർപ്പിക്കണമെന്ന്‌ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെയും അവരുടെ ബന്ധങ്ങളുടെയും വിവരങ്ങൾ നൽകണം. എഫ്ഐആറിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയിൽ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് നൽകണം. കേസ്‌ ഡയറി അടുത്തദിവസം ഹാജരാക്കണമെന്നുംമെന്നും കോടതി ആവശ്യപ്പെട്ടു.

അന്വേഷണ ഏജൻസികൾ കസ്റ്റംസ്, യുഎപിഎ വകുപ്പുകൾ പ്രകാരം ലാഘവത്തോടെ കുറ്റം ചുമത്തിയിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ പറഞ്ഞു. നികുതി വെട്ടിപ്പ് പോലുള്ള കുറ്റങ്ങൾ ഭീകരവാദത്തിന്റെ പട്ടികയിലാക്കാനാണെന്നും  അതനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. തുടർന്നാണ്‌ എഫ്‌ഐആറിൽ പറയുന്ന കുറ്റങ്ങൾക്ക്‌  തെളിവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും.

തെളിവുകൾ സംബന്ധിച്ച പരാമർശം നേരത്തേയും കോടതി നടത്തിയിരുന്നു. സ്വപ്‌ന സുരേഷ്‌ ഉൾപ്പെടെ ആദ്യ നാലു പ്രതികളുടെ കാര്യത്തിലും സമാനമായ പരാമർശമുണ്ടായിട്ടുണ്ട്‌. കള്ളക്കടത്ത്‌ സ്വർണ്ണം തീവ്രവാദ പ്രവർത്തനത്തിനും മറ്റും ഉപയോഗിച്ചിരിക്കാമെന്ന അന്വേഷണ ഏജൻസിയുടെ വാദത്തോടായിരുന്നു കോടതിയുടെ പ്രതികരണം. എൻഐഎ കേസുകളിൽ അറസ്‌റ്റിലാകുന്നവർക്ക്‌ 180 ദിവസം കഴിഞ്ഞാൽ ജാമ്യത്തിന്‌ അർഹതയുണ്ട്‌. തെളിവുകളുടെ അഭാവത്തിൽ അത്‌ നേരത്തെ നൽകകേണ്ടിവരുമെന്നാണ്‌ ഇപ്പോൾ കോടതി അറിയിച്ചിട്ടുള്ളത്‌.  കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രധാനപ്രതികളായ കെ ടി റമീസിനും സന്ദീപ്‌ നായർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

സ്വപ്‌നസുരേഷിന്‌ തിങ്കളാഴ്‌ച ജാമ്യം കിട്ടി.  90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കസ്‌റ്റംസിന്‌ കഴിയാതെ വന്നപ്പോഴാണ്‌ സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതി  ജാമ്യം നൽകിയത്‌. കേസിലെ പത്തുപ്രതികൾ ഇതുവരെ ജാമ്യത്തിന്‌ അർഹരായിട്ടുണ്ട്‌.

വഴിമുടക്കി കേന്ദ്രം; കോടതിയുടെ അടിവാങ്ങി എൻഐഎ

തിരുവനന്തപുരം> നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ തീവ്രവാദബന്ധവും അന്താരാഷ്‌ട്ര ഗൂഢാലോചനയും കണ്ടെത്താനുള്ള എൻഐഎ അന്വേഷണം വഴിമുട്ടി. സ്വർണക്കടത്തിൽ നിർണായക പങ്കുള്ളതായി അന്വേഷണ ഏജൻസി കരുതുന്ന യുഎഇ കോൺസുലേറ്റിനും വിദേശത്തുള്ള പ്രതികൾക്കുമെതിരായ അന്വേഷണം മുന്നോട്ടുപോകാത്തതാണ്‌ കാരണം. വിദേശത്തുള്ള പ്രതികളെ കണ്ടെത്താനും യുഎഇ കോൺസുലേറ്റിനെ പ്രതിചേർക്കാനുമുള്ള കേന്ദ്രാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. യുഎപിഎ പ്രകാരമുള്ള കുറ്റാരോപണത്തിന്‌ തെളിവ്‌ ഹാജരാക്കാത്തതിന്‌ രണ്ടാംതവണയും എൻഐഎക്കെതിരെ കോടതി രൂക്ഷവിമർശനമുയർത്തിയത്‌‌ ഈ സാഹചര്യത്തിലാണ്‌.

ഗൂഢാലോചന പൂർണമായി പുറത്തുകൊണ്ടുവരാതെ തീവ്രവാദബന്ധം കണ്ടെത്താനാകില്ല.  സ്വർണം അയച്ച ഫൈസൽ ഫരീദും റബിൻസും ഉൾപ്പെടെ ആറു പ്രതികൾ യുഎഇയിലാണ്‌‌. ഹവാലസംഘത്തിന്റെയും ഭീകരവാദപ്രസ്ഥാനങ്ങളുടെയും  കണ്ണികളായി പ്രവർത്തിച്ചത്‌ ഇവരാണെന്ന്‌ എൻഐഎ കരുതുന്നു.  ഇവരെ വിട്ടുകിട്ടാൻ കോടതിയുടെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഇന്റർപോളിന്റെ ബ്ലൂ നോട്ടീസിനും അപേക്ഷിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിസ്സഹകരണമാണ്‌ കാരണം.

സ്വർണക്കടത്ത്‌ കേസിന്റെ  അന്വേഷണ പുരോഗതിക്ക്‌ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടത്‌ ഒഴിച്ചുകൂടാനാകാത്തതാണെന്നും എൻഐഎ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനുള്ള അനുമതിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ഫൈസൽ ഫരീദ്‌ ഉൾപ്പെടെയുള്ള പ്രതികളുടെ പാസ്‌പോർട്ട്‌ റദ്ദാക്കാൻ അതിവേഗം നടപടിയെടുത്ത മന്ത്രാലയം മാസങ്ങൾക്കുശേഷവും അനുമതി നൽകിയിട്ടില്ല.  നയതന്ത്ര ബാഗേജിലല്ല സ്വർണം കടത്തിയതെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആവർത്തിച്ചുള്ള പ്രസ്‌താവനയും ഇതോടുചേർത്ത്‌ കാണണം.

സ്വർണ്ണക്കടത്ത്‌ കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

 കൊച്ചി> യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ്‌ വഴി സ്വർണ്ണക്കടത്തിയ കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം . കസ്‌റ്റംസ്‌ അന്വേഷിക്കുന്ന കേസിലാണ്‌ ജാമ്യം.കേസെടുത്ത്‌ 60 ദിവസമായിട്ടും കസ്‌റ്റംസ്‌ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ്‌ ജാമ്യം ലഭിച്ചത്‌.

അതേസമയം എൻഐഎ കേസിൽ റിമാൻഡിൽ ആയതിനാൽ സ്വപ്‌ന സുരേഷിന്‌ പുറത്തിറങ്ങാൻ പറ്റില്ല. യുഎപിഎ അടക്കം ചുമത്തിയാണ്‌ എൻഐഎ കേസ്‌ എടുത്തിട്ടുള്ളത്‌. അതിനാൽ കസ്റ്റംസ്‌ കേസിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാൻ പറ്റില്ല.

വിദേശത്തെ പ്രതികളെ ചോദ്യം ചെയ്യണം; കോൺസുലേറ്റിലേക്ക്‌ അന്വേഷണം നീട്ടണമെന്ന്‌ ആവർത്തിച്ച്‌ എൻഐഎ

കൊച്ചി> നയതന്ത്ര ചാനലിൽ സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ആവർത്തിച്ച്‌ എൻഐഎ. സ്വർണ്ണക്കടത്തിന്‌ പിന്നിലെ ഗൂഢാലോചന പൂർണ്ണമായി പുറത്തുകൊണ്ടുവരാൻ വിദേശത്തും അന്വേഷണം അനിവാര്യമാണെന്നും അന്വേഷണ ഏജൻസി വെള്ളിയാഴ്‌ച കൊച്ചിയിലെ എൻഐഎ കോടതിയെ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖർക്കും കള്ളക്കടത്തിൽ പങ്കുണ്ട്‌. ഇക്കാര്യം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പതികളായ സ്വപ്‌ന സുരേഷ്‌, പി എസ്‌ സരിത്ത്‌, കെ ടി റമീസ്‌ എന്നിവരുൾപ്പെടെ 12 പേരുടെ റിമാൻഡ്‌ നീട്ടാൻ ആവശ്യപ്പെടുന്ന അപേക്ഷയിലാണ്‌ എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്‌.

കോൺസുലേറ്റ്‌ അധികൃതരെ ചോദ്യംചെയ്യണമെന്ന്‌ നേരത്തെയും എൻഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചില്ല. അതിനാലാണ്‌ ഏറ്റവുമൊടുവിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഈയാവശ്യം ആവർത്തിച്ചിട്ടുള്ളത്‌. കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടത്‌ അന്വേഷണത്തിന്‌ അനിവാര്യമാണെന്നാണ്‌ റിപ്പോർട്ടിലുള്ളത്‌.  യുഎഇയിലുള്ള പ്രധാനപ്രതികളെ വിട്ടുകിട്ടാനുളള നടപടികളും വൈകുകയാണ്‌. സ്വർണ്ണക്കടത്തിന്‌ നിർണായക പങ്കുവഹിച്ച വിദേശത്തുള്ള നാല്‌ പ്രധാനപ്രതികളെ എൻഐഎക്ക്‌ ചോദ്യംചെയ്യാനായിട്ടില്ലെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. പ്രതികളായ ഫൈസൽ ഫരീദ്‌, റബിൻസ്‌, സിദ്ദിഖുൽ അക്‌ബർ, അഹമ്മദ്‌ കുട്ടി എന്നിവരാണ്‌ യുഎഇയിലുള്ളത്‌. ഇവർക്കെതിരെ ജാമ്യമില്ലാ വാറൻഡ്‌ നേരത്തെ പുറപ്പെടുവിച്ചിരുന്നു. പ്രതികളെ വിട്ടുകിട്ടാൻ ഇന്റർപോൾ മുഖേന ബ്ലൂനോട്ടീസ്‌ പുറപ്പെടുവിക്കാനുള്ള നടപടികളെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ അറസ്‌റ്റിലായ പ്രതികളിൽ നിന്ന്‌ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക്‌ വിശകലനം കേസിൽ നിർണായകമാകും. ഇത്‌ സിഡാക്കിൽ പരിശോധിച്ചുവരികയാണ്‌. കേസിൽ വിവിധ സാക്ഷികളിൽ നിന്ന്‌ മൊഴിയെടുത്തതും പരിശോധനയിലാണ്‌. ഡിജിറ്റൽ തെളിവുകളും സാക്ഷി മൊഴികളും വച്ച്‌ പ്രതികളെ ചൊദ്യംചെയ്‌ത്‌ കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്തേണ്ടതുണ്ടെന്നും എൻഐഐ കോടതിയെ അറിയിച്ചു. പ്രതികളുടെ റിമാൻഡ്‌ ഒക്‌ടോബർ എട്ടുവരൈ കോടതി നീട്ടി. സ്വപ്‌ന സുരേജിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.

No comments:

Post a Comment